Thursday 27 August 2020 03:49 PM IST

കെയറിങ് വേണം, പക്ഷെ അമിതമായ ഇടപെടൽ ആകരുത്; ഏറ്റവും നല്ല അച്ഛനും അമ്മയുമാകാൻ 10 ടിപ്സ്

Sreerekha

Senior Sub Editor

parenting644343ewstft

ഏറ്റവും നല്ല അച്ഛനുമമ്മയും ആകാൻ എന്താണ് ചെയ്യേണ്ടത്? എല്ലാ മാതാപിതാക്കളുടെയും മനസ്സിലെ ആഗ്രഹമാണിത്. കുട്ടിയെ പെർഫെക്ട് ആക്കിയെടുക്കണം എന്നാണ് ഓരോ അച്ഛനമ്മമാരുടെയും ആഗ്രഹം. അതിനായി ചെയ്യുന്ന കാര്യങ്ങൾ കുട്ടിക്ക് സമ്മർദം ഉണ്ടാക്കും. നല്ല അച്ഛനും അമ്മയും ആകാനാഗ്രഹിക്കുന്നെങ്കിൽ ഈ പോയിന്റസ് മനസ്സിൽ വച്ച് മക്കളോടു പെരുമാറുന്നത് നന്നായിരിക്കും. 

1. കുട്ടിയെ നിങ്ങളൊരു പ്രത്യേക അച്ചിൽ വാർത്തെടുക്കേണ്ടതില്ല. പെർഫെക്ട് ആക്കാനും വാശി പിടിക്കേണ്ട. നിങ്ങൾ കാണുന്ന അപൂർണതകളാവും കുട്ടിയുടെ പൂർണതകൾ. കുട്ടിയെ ആകപ്പാടെ മാറ്റിയെടുക്കേണ്ടതുമില്ല. സ്നേഹം, കെയർ, ശ്രദ്ധ, സുരക്ഷിതത്വം ഇതെല്ലാം നൽകി വേണ്ട സമയത്ത് തിരുത്തലുകളും നൽകി അവർക്കൊരു ഗൈഡ് ആയി ഒപ്പം നിന്നാൽ മതി. 

2.  കെയറിങ് വേണം. പക്ഷേ , അമിതമായ ഇടപെടൽ ആകരുത്.  കുട്ടിയുടെ സുരക്ഷിതത്വം, ആരോഗ്യം ഇവയ്ക്കു പ്രശ്നമെന്തെങ്കിലും വരുന്ന കാര്യങ്ങളിൽ മാത്രം കർശന നയം സ്വീകരിച്ചാൽ മതി. ബാക്കി കാര്യങ്ങളിൽ അൽപം ഫ്ളെക്സിബിൾ ആയി പെരുമാറാം.

3. എപ്പോഴും ക്ലാസിലെ പെർഫോമൻസിെന്റ പേരിൽ കുട്ടികളെ ജ‍‍ഡ്ജ് ചെയ്യുകയും വിലയിരുത്തുകയും അരുത്. ഗ്രേഡ് മികച്ചതു കിട്ടുമ്പോൾ മാത്രം പ്രശംസിക്കുന്ന അച്ഛനോ അമ്മയോ ആകരുത്. നല്ല വാക്കുകളും പ്രശംസയും കേൾക്കാൻ എല്ലാവും ആഗ്രഹിക്കുന്നു. കുട്ടികൾ കൂടുതലായി ആഗ്രഹിക്കുന്നു. പരീക്ഷയിലെ മാർക്കിന്റെ പേരിൽ മാത്രമല്ല, കുട്ടി ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങൾക്കും മനസ്സു നിറഞ്ഞ് അഭിനന്ദിക്കുക. 

4. ഓരോ മിനിറ്റിലും എന്തു െചയ്യണം.. ഇങ്ങനെ ടൈം േടബിൾ പ്രകാരമുള്ള പെരുമാറ്റച്ചട്ടമുണ്ടാക്കിയാൽ കുട്ടികൾക്ക് ശ്വാസം മുട്ടും. ഇടയ്ക്കൊക്കെ കൊടുക്കണം ഫ്രീഡം. അവർ സമയം കൊല്ലട്ടെ. വീട് അലങ്കോലമാക്കട്ടെ. കൂവി വിളിച്ച് ഒച്ച വയ്ക്കട്ടെ.  ദേഹത്ത് ചെളി പുരളട്ടെ. ചുറ്റി നടക്കട്ടെ.  കളിക്കുമ്പോൾ വീഴട്ടെ. മണ്ണു പറ്റട്ടെ. അവരിലെ കുട്ടിത്തം ശരിക്കും പുറത്ത് വരട്ടെ. അയ്യോ... എന്ന് വിലപിച്ച് ആധി പിടിക്കേണ്ട. ഫൺ– അതിനും വേണം കുട്ടികളുടെ ലൈഫിൽ സ്ഥാനം. 

5. മിസ്റ്റേക്ക്സിൽ നിന്ന് പഠിക്കട്ടെ. കുട്ടി കൊച്ചു തെറ്റുകൾ വരുത്തുമ്പോൾ ടെൻഷടിക്കേണ്ട. 

6. പുതിയതായി ഒരു കാര്യം ചെയ്യാൻ കുട്ടി ശ്രമിക്കുമ്പോൾ തടയുന്നവരാണ് മിക്ക മാതാപിതാക്കളും. അയ്യോ അതു വേണ്ട, പരിചയമില്ലല്ലോ എന്നു പറഞ്ഞ് കുട്ടിയെ തടയുന്നു. പുതിയ കാര്യങ്ങൾ ചെയ്യാൻ കുട്ടിയെ അനുവദിക്കുക. ഉദാഹരണത്തിന്, നിറം കൊടുക്കുമ്പോൾ പുതിയ നിറങ്ങൾ കൂട്ടി കലർത്തി കുട്ടി സ്വയം പഠിക്കുന്നത് നല്ലതായിരിക്കും. എല്ലാം എങ്ങനെ ചെയ്യണമെന്ന് നിങ്ങൾ പറഞ്ഞുെകാടുക്കേണ്ട. പരീക്ഷണങ്ങൾ നടത്താൻ അവരെ അനുവദിക്കുക. 

7. കുട്ടിയുടെ കൂടെ എപ്പോഴും ഒപ്പമുണ്ടാകുന്നതു പോലെ തന്നെ ചില സമയത്ത് അവർക്ക് ഫ്രീഡം കൊടുത്ത് മാറി നിൽക്കാനും നല്ലൊരു രക്ഷിതാവ് അറിഞ്ഞിരിക്കണം. 

8. സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ് തുടങ്ങിയ ഗാഡ്‍ജറ്റുകളുമായി ഏറെ നേരം ചെലവിടുന്നതാണ് ഇന്നത്തെ കുട്ടികളുെട വലിയ പ്രശ്നം. അച്ഛനമ്മമാരുെട ഫോൺ കുട്ടികൾ കളിക്കാനെടുക്കുന്നതു മിക്ക വീട്ടിലെയും പ്രശ്നമാണ്. ഇക്കാര്യത്തിൽ അച്ഛനമ്മമാരുടെ തികഞ്ഞ ശ്രദ്ധ വേണം. 14 വയസ്സു വരെ സ്മാർട്ട് േഫാൺ കൂടുതലായി ഗെയിം കളിക്കാൻ നൽകാതിരിക്കുന്നതാണ് സുരക്ഷിതം. അച്ഛനമ്മമാരുടെ വാട്ട്സ് ആപ്പിൽ നല്ലതല്ലാത്ത വീഡിയോകളുണ്ടെങ്കിൽ കുട്ടികളതു കാണാനിടയാകുന്നതും നന്നല്ല. ഇത്തരം കാര്യങ്ങളിൽ വിട്ടു വീഴ്ചയില്ലാത്ത നയം തന്നെ രക്ഷിതാക്കൾ എടുക്കണം. അമിതമായി വീഡിയോ ഗെയിം കളിക്കുന്ന കുട്ടികൾക്ക് പഠന പ്രശ്നങ്ങളുണ്ടാകാം. കുട്ടികളുെട സമയം അർഥവത്തായി ചെലവിടാൻ അച്ഛനമ്മമാർ തന്നെ ശ്രദ്ധിക്കണം.    

9. ഇപ്പോൾ കുട്ടികൾക്കൊപ്പം ഉള്ള നിമിഷങ്ങളെ ആസ്വദിക്കാനും മറക്കാതിരിക്കുക. പഠിക്കാൻ മാത്രമല്ല, കളിക്കാനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും കൂടി കുറച്ചു സമയം മാറ്റി വയ്ക്കണം. കുട്ടികൾ വളരെ വേഗമാണ് വളർന്നു വലുതാകുന്നത്. അവർക്ക് അവരുടേതായ സ്വാതന്ത്ര്യം കൊടുക്കാം. കാരണം വലുതാകുമ്പോൾ ഓർമയിൽ തങ്ങി നിൽക്കുന്നത് കളിചിരികളുടെയും സ്വാതന്ത്ര്യത്തിന്റെയും നിമിഷങ്ങളായിരിക്കും. 

10. കുട്ടികളുടെ ഹോബി എന്തെന്ന് മനസ്സിലാക്കി അത് പ്രോൽസാഹിപ്പിക്കാനും മറക്കരുത്. ഇത്തരം ഹോബികൾ ഒരുപക്ഷേ, ഭാവിയിൽ അവരുടെ വലിയ ടാലന്റും കഴിവും ആയി വളരും. 

Tags:
  • Mummy and Me
  • Parenting Tips