'എത്ര പറഞ്ഞാലും കേൾക്കില്ല. അടിക്കാതെന്ത് ചെയ്യും.' പല മാതാപിതാക്കളും കുട്ടികളെ ശിക്ഷിക്കുന്നതിന് പറയുന്ന ന്യായീകരണമാണിത്. അടി പോലെയുള്ള ശിക്ഷാരീതികൾ കുട്ടികളുടെ ഉപബോധ മനസ്സിനെ ദോഷകരമായി ബാധിക്കുകയും മുതിരുമ്പോൾ സ്വഭാവവൈകല്യങ്ങളുണ്ടാകാൻ ഇടയാക്കുകയും ചെയ്യുമെന്ന് വിദഗ്ധ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കോൺഷ്യസ് പേരന്റിങ് രീതി ശീലിച്ചാൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാം. ഈ രീതി പിന്തുടർന്നാൽ കുട്ടികൾ ആത്മവിശ്വാസമുള്ള മിടുക്കന്മാരായി വളരും.
സ്നേഹമറിഞ്ഞ് വളരട്ടെ കുട്ടികൾ
ആലോചിച്ചു നോക്കൂ… കുട്ടികളെ അനുസരണ ശീലിപ്പിക്കാൻ ശിക്ഷ നൽകുകയാണ് വേണ്ടത് എന്ന ധാരണ എങ്ങനെയാണ് മനസ്സിൽ കടന്ന് കൂടിയത്? നിങ്ങളുടെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, അധ്യാപകർ ... ഇങ്ങനെ പല മുഖങ്ങളും മനസ്സിലേക്കെത്തുന്നില്ലേ? ശിക്ഷ ലഭിച്ചപ്പോഴുള്ള മാനസികാവസ്ഥ ഓർമിക്കാനാവുന്നുണ്ടോ? ഇല്ലെങ്കിലും സാരമില്ല. ഒട്ടും സുഖകരമല്ല ആ മാനസികാവസ്ഥയെന്ന് ആർക്കും തിരിച്ചറിയാവുന്നതേയുള്ളൂ.
കോൺഷ്യസ് പേരന്റിങ് രീതി പിന്തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം വേണ്ടത് നമ്മളെ വളർത്തിയ പേരന്റിങ് രീതികൾ മറക്കുക എന്നതാണ്. എല്ലാ കുഞ്ഞുങ്ങളും ഒരേ പോലെയല്ലെന്നോർമിക്കുക. തങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് കുട്ടികളെ വളർത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രമിക്കുമ്പോൾ ആ കുഞ്ഞിന്റെ കഴിവുകൾ നശിക്കാനാകും ഇടവരിക. അച്ചടക്കം ശീലിപ്പിക്കാനും തങ്ങളുടെ സ്വപ്നങ്ങൾ അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നതിലൂടെ കുട്ടികളിലെ നൈഗർഗികമായ കഴിവുകളും ഭാവനയും തല്ലിക്കൊഴിക്കുകയാകും പല മാതാപിതാക്കളും ചെയ്യുന്നത് . സ്വാഭാവികമായ രീതിയിൽ ഒരു പൂ വിടരുന്നത് പോലെ ഏറ്റവും നല്ല അന്തരീക്ഷത്തിൽ വളരാൻ കുഞ്ഞിനെ അനുവദിക്കുക.
1.ഓരോ കുഞ്ഞിന്റെയും പ്രായം, പ്രത്യേകതകൾ ഇവ കണക്കാക്കി വേണം അവരോട് ഇടപഴകേണ്ടത്. ചെറിയ പ്രായം മുതൽ ചിട്ടകൾ ശീലിപ്പിക്കാം. ദിവസവും രണ്ട് നേരം പല്ല് തേക്കുക, ബെഡ് വിരിക്കുക ഇങ്ങനെ പ്രായത്തിന് അനുസരിച്ച് ഓരോ കാര്യങ്ങളും ശീലിപ്പിക്കുക. തീരെ ചെറിയ കുഞ്ഞുങ്ങളെ രസകരമായ കളികളിലൂടെ ചിട്ടകൾ പരിചയപ്പെടുത്താം. തുടർച്ചയായി കുറച്ചു കാലം ചെയ്യുമ്പോൾ ഇവ ശീലമാകും. വളരുന്നതിന് അനുസരിച്ച് കൂടുതൽ ചിട്ടകൾ ശീലിപ്പിക്കാം.
2. പരിധികൾ നിശ്ചയിക്കുക. ദിവസവും ഒരു മണിക്കൂർ മാത്രം സ്ക്രീൻ ടൈം എന്നത് തീരെ ചെറിയ പ്രായത്തിലേ ശീലമായാൽ വലുതാകുമ്പോഴും കുട്ടികൾ ആ നിശ്ചിത സമയം മാത്രമേ സ്ക്രീനിന് മുന്നിൽ ചെലവഴിക്കുകയുള്ളൂ. ഓരോ കാര്യത്തിനും പരിധി നിശ്ചയിക്കുമ്പോൾ ആവശ്യമാണോയെന്ന് കൃത്യമായി വിലയിരുത്തി ഉറപ്പ് വരുത്തണം.
3. എപ്പോഴും തങ്ങളാണ് കുട്ടികളുടെ മാതൃക എന്നത് മാതാപിതാക്കൾ തിരിച്ചറിയണം. എന്ത് പ്രവൃത്തിയും ചെയ്യുന്നതിന് മുൻപും ഇക്കാര്യം കൂടി പരിഗണിച്ച് കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം ചെയ്യുക. സ്വയം സ്നേഹിക്കാൻ പഠിക്കണം. സ്വയം വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മാതാപിതാക്കളെ കണ്ട് വളരുന്ന കുട്ടികൾ ആത്മവിശ്വാസത്തോടെ ജീവിതത്തിൽ മുന്നേറും.
4. കുഞ്ഞുമായുള്ള സ്നേഹബന്ധത്തിനാണ് പ്രാധാന്യം നൽകേണ്ടത്. ആ സ്നേഹ ബന്ധത്തിന് നേരിയ ഉലച്ചിൽ തട്ടുന്ന കാര്യങ്ങൾ പോലും ഒഴിവാക്കണം. മാതാപിതാക്കൾ എന്ന നിലയിലെ അധികാരം പ്രകടിപ്പിക്കുന്ന രീതിയിൽ പെരുമാറരുത്. എപ്പോഴും കുട്ടിയോട് സ്നേഹം പ്രകടിപ്പിക്കാനും കുട്ടി പറയുന്നത് കേൾക്കാനും സമയം കണ്ടെത്തുക. മാതാപിതാക്കളോട് എന്തും തുറന്ന് പറയാം എന്ന വിശ്വാസം കുട്ടികളുടെ മനസ്സിൽ വളരണം .
5. പലപ്പോഴും വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയാത്ത കാര്യമാകും കുട്ടി വാശി, കരച്ചിൽ ഇങ്ങനെയുള്ള പെരുമാറ്റത്തിലൂടെ പ്രകടിപ്പിക്കാൻ ശ്രമിക്കുക. കുട്ടിയുടെ ആവശ്യം എന്തെന്ന് തിരിച്ചറിയാൻ ശ്രമിക്കണം. ചെറിയ കുഞ്ഞാണ് വാശി കാണിക്കുന്നതെങ്കിൽ ശ്രദ്ധ തിരിക്കാം. നാല് വയസ്സ് കഴിഞ്ഞ കുട്ടികളാണെങ്കിൽ അവരെ കാര്യം പറഞ്ഞ് സമാധാനിപ്പിക്കുകയാണ് വേണ്ടത്.
6. എപ്പോഴും ശാന്തമായി സമചിത്തതയോടെ പ്രതികരിക്കുക. കുട്ടികളുടെ പെരുമാറ്റം ദേഷ്യമുണ്ടാക്കുന്ന സമയങ്ങളിൽ ആ സാഹചര്യത്തിൽ നിന്ന് മാറി നിൽക്കണം. എന്ത് കൊണ്ടാണ് ദേഷ്യം വന്നതെന്ന് സ്വയം വിലയിരുത്തുക. രക്ഷാകർത്താവായ എന്നെ അനുസരിച്ചില്ല എന്ന ഈഗോ, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇത്തരം കാര്യങ്ങളാകാം ചിലപ്പോൾ ദേഷ്യത്തിന് കാരണം. മാതാപിതാക്കളുടെ നിരാശകളും പ്രയാസങ്ങളും തീർക്കാനുള്ള ഉപകരണമല്ല കുഞ്ഞുങ്ങൾ എന്നോർമിക്കുക.
7. കുട്ടികളെ തങ്ങളുടേതായ ഇഷ്ടങ്ങളും താൽപര്യങ്ങളുമുള്ള വ്യക്തിയായി കാണാൻ ശ്രമിക്കുക. അവരെ അംഗീകരിക്കുകയും വില മതിക്കുകയും വേണം. പ്രായത്തിന് അനുസരിച്ച് കുട്ടികളെ കുടുംബത്തിലെ ചുമതലകൾ ഏൽപിക്കണം. പ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ കുട്ടികളുടെ അഭിപ്രായം കൂടി പരിഗണിക്കണം.
8. ഉറങ്ങുന്നതിന് മുൻപുള്ള അരമണിക്കൂർ കുട്ടികളോടൊപ്പം ചെലവഴിക്കുക. ഗാഡ്ജറ്റുകൾ ഒഴിവാക്കി, സ്നേഹം പ്രകടിപ്പിച്ചും പൊസിറ്റീവായ കാര്യങ്ങൾ പറഞ്ഞും നല്ല നിമിഷങ്ങൾ സൃഷ്ടിക്കണം. താൻ സ്നഹിക്കപ്പെടുന്നുണ്ടെന്ന് കുട്ടി തിരിച്ചറിയട്ടെ. ഈ സ്നേഹ നിമിഷങ്ങളിലൂടെ വേണം കുട്ടി ഉറക്കത്തിലേക്ക് അലിയണ്ടത്. ഈ കാര്യങ്ങൾ ശീലിക്കുക വഴി കുട്ടികളിൽ ആത്മവിശ്വാസവും ക്രിയാത്മകതയും വളരും.