‘ചില കുട്ടികൾ പറയാറുണ്ട്- ഒരു കാര്യം പറഞ്ഞു തുടങ്ങുമ്പോഴേ അച്ഛനും അമ്മയും വഴക്കു പറയാൻ തുടങ്ങും. സംസാരം മുഴുമിപ്പിക്കും മുന്നേ എടുത്തു ചാടും. ഇതെല്ലാം കൊണ്ട് അവർക്കു രക്ഷിതാക്കളോട് ഒന്നും സംസാരിക്കാൻ തോന്നില്ല. പല കുട്ടികൾക്കും ഉള്ളിലുള്ള ആശയം രക്ഷിതാക്കളുടെ മുന്നിൽ പ്രകടിപ്പിക്കാനാകുന്നില്ല. ഇതെങ്ങനെ പരിഹരിക്കാൻ കഴിയും? ഇതിന് ഏറ്റവും നല്ല മാർഗങ്ങൾ എന്തെല്ലാമാണ്?
രക്ഷിതാക്കളുടെ ഉത്കണ്ഠയും ഭയവും നിരാശയുമൊക്കെയാകും അവരിൽ ഈർഷ്യയുണ്ടാക്കുന്നത്. രക്ഷിതാക്കൾ, ആദ്യം ഈ കാര്യങ്ങൾ പക്വതയോടെ അംഗീകരിച്ച് സംയമനം പാലിക്കണം. വികാര വിക്ഷോഭങ്ങളിൽ കാര്യമില്ല. ശാന്തമായ പ്രതികരണത്തിലൂടെയും തുറന്ന സമീപനത്തിലൂടെയും കുട്ടികൾക്കു ധൈര്യം പകർന്നു കൊടുക്കണം. ശരിയായ ചികിത്സ ലഭിക്കാൻ അവരെ പ്രേരിപ്പിക്കണം. കുട്ടികൾ പ്രശ്നക്കാരല്ല മറിച്ചു കുട്ടിക്ക് ഒരു പ്രശ്നം ഉണ്ട് എന്നു തിരിച്ചറിഞ്ഞ് അതു പരിഹരിക്കുകയാണ് വേണ്ടത്. മാതാപിതാക്കളുടെ സമീപനത്തിലും കുഴപ്പങ്ങളുണ്ടാകാം. ഇതൊക്കെ വിദഗ്ധ സഹായത്തോടെ മനസ്സിലാക്കി ഉചിതമായ സമീപനത്തിലൂടെയും ചികിത്സയിലൂടെയും മെച്ചപ്പെടുത്താനാകും.
‘ബ്രോക്കണ്‍ ഫാമിലി കുട്ടികളെ വല്ലാതെ ബാധിക്കുന്നുണ്ട്. രക്ഷിതാക്കൾ തമ്മിലുള്ള വഴക്കുകൾ ആത്മവിശ്വാസത്തെ തകർക്കുന്നുണ്ട്, ഇത്തരം കുട്ടികളാണു വളരെ പെട്ടെന്നു മറ്റു ബന്ധങ്ങളിലേക്കു വീണുപോകുന്നതെന്നു കണ്ടിട്ടുണ്ട്. പലപ്പോഴും കുട്ടികളുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടാകുമ്പോൾ അവരോടു സംസാരിക്കുമ്പോഴാണ് വീട്ടിലെ പ്രശ്നങ്ങൾ കണ്ടെത്താറുള്ളത്.’
ഭാര്യയും ഭർത്താവും എന്ന രീതിയിൽ എന്തു പ്രശ്നങ്ങൾ ഉണ്ടെങ്കിലും രക്ഷിതാക്കൾ എന്ന റോളിൽ അവർ കുട്ടിയോടു നീതി പുലർത്തണം. കുട്ടികളൊടൊത്ത് ആനന്ദകരമായ രീതിയിൽ സമയം ചെലവിടാൻ ശ്രമിക്കേണ്ടതുണ്ട്.
അച്ഛനമ്മമാരുടെ മദ്യപാനം, മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം, ഗാർഹിക പീഡനം ഇവയൊക്കെ കുട്ടികളെ വേദനിപ്പിക്കാറുണ്ട്. അതൊടെ കുട്ടികൾക്കു വീട്ടിൽ സുരക്ഷിതത്വബോധം നഷ്ടപ്പെടുന്നു.
അതുപോലെ തന്നെ കുട്ടികളോടു തുറന്നു സ്നേഹം പ്രകടിപ്പിക്കാനും മറക്കരുത്. എന്നുവച്ച് അവരുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും അവ യുക്തിക്കു നിരക്കാത്തതാണെങ്കിലും പൊടുന്നനെ സാധിച്ചു കൊടുക്കുന്നതാണു ശരിയായ പേരന്റിങ് എന്നു തെറ്റിധരിച്ചിട്ടുള്ള മാതാപിതാക്കളുമുണ്ട്. നമ്മുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും പരിധികളുണ്ടെന്നും മറ്റുള്ളവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും കൂടെ ബഹുമാനിച്ചുകൊണ്ടു കൂട്ടായ്മയിലൂടെ വേണം ജീവിക്കാൻ എന്ന പാഠം മാതാപിതാക്കൾ കുട്ടികളെ പരിശീലിപ്പിച്ചാൽ പിൽക്കാലത്തു കുട്ടികൾക്കു ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ പതറാതെ നേരിടാനുള്ള നൈപുണ്യം ലഭിക്കും.
കുടുംബത്തിൽ സ്നേഹവും സുഖദുഃഖങ്ങൾ പരസ്പരം പങ്കുവച്ചുള്ള ഇടപെടലുകളും ഉണ്ടാകുമ്പോൾ കുട്ടികൾക്കു സുരക്ഷിതത്വബോധം ഉണ്ടാകുന്നു. ഇത് ഒരു പരിധിവരെ അനാവശ്യ കൂട്ടുകെട്ടുകളിൽ നിന്ന് കുട്ടികളെ നിരുത്സാഹപ്പെടുത്തുന്നു.