Saturday 17 August 2024 10:34 AM IST

കുട്ടികളിൽ പത്തു വയസിലേ സംഭവിക്കുന്ന ആർത്തവം; കുഞ്ഞുങ്ങളുടെ ഭയാശങ്കകൾ അകറ്റാൻ അമ്മമാർ ചെയ്യേണ്ടത്

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

aarthavam

ഒരു വർണശലഭത്തെപ്പോലെ പാറിപ്പറന്നു നടക്കുകയാണ് അവൾ. ഒരു പുലർവേളയിൽ കാലം അവളുടെ കാതിൽ മന്ദ്ര മധുരമായി മന്ത്രിക്കും, ‘ഉണരൂ....നീയിനി കൗമാരത്തിലേക്കാണ്. എല്ലാ മംഗളാശംസകളും’...

അവൾ മിഴികൾ തുറക്കുന്നത്

13–ാം വയസ്സിന്റെ പൊന്നിളവെയിലിലേക്കാണ്. ശരീരമാകെ ചില പുതിയ പരിണാമങ്ങളുടെ നാമ്പുകൾ വിടർന്നു തുടങ്ങിയിരുന്നല്ലോ. നിലക്കണ്ണാടിയിൽ കാണാം കവിൾപ്പൂവിന് ഇന്നുവരെയില്ലാത്ത അരുണിമ. കണ്ണുകളിൽ മായിക മന്ദസ്മിതം. പതിവില്ലാതെ നേർത്തു പടരുന്ന ഒരു ലജ്ജയുണ്ട് മുഖത്ത്. കൗമാരം എന്ന വസന്തകാലത്തിലേക്ക് ഉടലും ഉയിരും ഇതാ വലതുകാൽ വച്ചു കയറുകയാണ്. പക്ഷികളുടെ പാട്ടിൽ ഒരു പുതിയ ശ്രുതി ചേർന്നതു പോലെ ... പൂവിതളുകളിൽ ആരോ പേരറിയാവർണങ്ങൾ തൂവിയതു പോലെ...തനിക്കെന്താണു സംഭവിക്കുന്നത് എന്നറിയാനാകാതെ കൗമാരവഴിയിലെ പുതുമാറ്റങ്ങളിലൂടെ പിച്ച നടക്കുകയാണ് അവൾ.

* * *

ദിവസങ്ങൾ കഴിയവേ അവിചാരിതമായ ഒരു സംഭവമുണ്ടായി. ഒരു ദിവസം അടിവയറിലും നടുവിലും അസഹ്യവേദന. ഒരു പകൽ ആ വേദനയിങ്ങനെ അവളെ അലട്ടിക്കൊണ്ടേയിരുന്നു. ചൂടു വച്ചും വിശ്രമിച്ചുമൊക്കെ അതിനെമറികടക്കാൻ ചില ശ്രമങ്ങൾ.

വൈകുന്നേരം കുളിമുറിയിലെത്തുമ്പോൾ അടിവസ്ത്രത്തിൽ ഒരു രക്തബിന്ദു. ആ കാഴ്ചയുടെ ആഘാതത്തിൽ ഭയവിഹ്വലയായി നിലവിളിക്കാനേ ആകുമായിരുന്നുള്ളൂ. ഇതിനു മുൻപ് ഇങ്ങനെ വന്നിട്ടില്ലല്ലോ. എന്നിട്ടോ.. അമ്മ ഒാടിയെത്തുന്നു, കാര്യമറിഞ്ഞപ്പോൾ അമ്മയുടെ ചുണ്ടിൽ ഒരു ചിരിയുണ്ടല്ലോ. അമ്മ ചേർത്തു പിടിച്ചു പ റയുകയാണ് , ‘‘മാളൂ കരയല്ലേ.... പേടിക്കാനൊന്നുമില്ല. ഇത് എല്ലാ പെൺകുട്ടികൾക്കും ഉള്ളതാ...

മോള് മുതിർന്ന പെൺകുട്ടിയായിരിക്കുന്നു ’’... പിന്നെ ഒരാഴ്ച എല്ലാത്തിനും അമ്മ കൂടെ വേണമെന്ന് തോന്നൽ. എണ്ണ തേച്ചുകുളിയും ആർത്തവകാല ആഹാര ചിട്ടകളുമൊക്കെയായി ആ ദിവസങ്ങൾ.

വീടാകെ അലങ്കരിച്ച് കുടുംബത്തിലെ സ്ത്രീകളെല്ലാം ചേരുന്ന ഒരാഘോഷത്തിന്റെ ഫ്രെയിം തെളിഞ്ഞു വരുന്നുണ്ട്. നിലവിളക്കിനു മുൻപിൽ പട്ടുപാവാടയും ബ്ലൗസുമിട്ട് മുല്ലമൊട്ടുകൾ ചൂടി സുന്ദരിക്കുട്ടിയായി നമ്മുടെ മാളു. എല്ലാവരും സമ്മാനങ്ങളും മധുരവും നൽകുന്നു...നീയ് വല്യ കുട്ടിയായെന്നു പറയുന്നു...തിരണ്ടു കുളി കല്യാണമാണത്. ആദ്യ ആർത്തവത്തിന്റെ ആഘോഷം.

കുരുന്നുപെണ്ണിൽ നിന്നു സ്ത്രീയിലേക്കുള്ള ഒരു മനോജ്‍ഞയാത്രയുടെ മംഗളദീപങ്ങൾ തെളിയുകയാണ്. പണ്ടുകാലത്ത് കല്യാണപ്രായമായി എന്നതിന്റെ അറിയിപ്പു കൂടിയായിരുന്നത്രേ തിരണ്ടു കല്യാണം.

പുതുജീവനായ ശാപം

ഇതെന്താണ് പെൺകുട്ടികൾക്കു മാത്രം ഇങ്ങനെയൊരു കാര്യം എന്നൊരു സംശയം നമ്മുടെ മാളുവിന്. അമ്മ ആ കഥ പറയുകയാണ്. എങ്ങനെ സ്ത്രീയ്ക്ക് ആർത്തവം വന്നു എന്നതിനു പുരാണത്തിൽ ഒരു കഥയുണ്ടത്രേ. ഗുരു ബൃഹസ്പതിയുടെ കോപത്തിനിരയാകുന്ന ഇന്ദ്രദേവന് അസുരൻമാരുമായുള്ള യുദ്ധത്തിൽ ദേവലോകം നഷ്ടപ്പെടുത്തി ഒാടിയൊളിക്കേണ്ടി വരുന്നു. ബ്രഹ്മദേവനോട് ഗുരു ബൃഹസ്പതിയെ പ്രീതിപ്പെടുത്തി ദേവലോകം തിരികെ നേടുന്നതിന് ഒരു മാർഗം ഇന്ദ്രദേവൻ ആരായുന്നു. ഒരു മഹാപണ്ഡിതന് രാവും പകലും ശുശ്രൂഷ ചെയ്ത് പണ്ഡിതനെ സന്തുഷ്ടനാക്കുന്നതിലൂടെ അതു സാധിക്കാമെന്നു ബ്രഹ്മ ദേവൻ പറയുന്നു. എന്നാൽ ഈ നേർച്ച കാഴ്ചകൾ പണ്ഡിതൻ അസുരൻമാർക്കാണു നൽകുന്നത് എന്ന തിരിച്ചറിവ് ഇന്ദ്രനെ കോപാകുലനാക്കി. ഇന്ദ്രൻ ബ്രാഹ്മണനായ പണ്ഡിതനെ വധിക്കുന്നു. ബ്രഹ്‌മഹത്യ കൊടുംപാതകമാണല്ലോ. ഇന്ദ്രൻ ഒരു പൂവിനുള്ളിൽ ഒരു വർഷക്കാലം മറഞ്ഞിരുന്ന് വിഷ്ണുഭഗവാനോടു പ്രാർഥിച്ചു. ശാപത്തിൽ നിന്നു രക്ഷപെടുന്നതിനായി വിഷ്ണുഭഗവാൻ ഒരു മാർഗം നിർദേശിച്ചു. ആ പാപത്തെ ജലത്തിനും ഭൂമിയ്ക്കും വൃക്ഷങ്ങൾക്കും സ്ത്രീക്കും പങ്കിട്ടു നൽകുക. ഈ ശാപത്തിന് അനുഗ്രഹമായി തിരികെ വരാനാകുമെന്നതാണ് സവിശേഷത. സ്വന്തം അഭീഷ്ട പ്രകാരം വളരാനുള്ള അനുഗ്രഹം മരത്തിനുണ്ട്. ഈ ലോകത്തിലുള്ള എന്തിനെയും ശുദ്ധീകരിക്കാൻ ജലത്തിനു കഴിയും. ഭൂമിക്ക് സുഖപ്പെടുത്തുന്നതിനുള്ള സിദ്ധിയുമുണ്ട്.

ആ ശാപത്തിന്റെ ഒരു പങ്ക് സ്വീകരിക്കുന്ന നാലാമത്തെയാൾ സ്ത്രീയാണ്. ആർത്തവ ചക്രമായാണ് സ്ത്രീക്കതു ലഭിക്കുന്നത്. എന്നാൽ ഒരു പുതുജീവനെ ഉള്ളിൽ വളർത്തിയെടുക്കാൻ മാത്രം ശക്തയാകാൻ അതവളെ സഹായിച്ചു.

aarthavam-1

ആർത്തവം എന്നാൽ

ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ആദ്യ നാഴികക്കല്ല് ബാല്യത്തിൽ നിന്നു കൗമാരത്തിലേക്ക് കടക്കുന്നതാണ്. 13–ാം വയസ്സ് ഒരു പെൺകുട്ടിക്ക് സ്ത്രൈണതയുടെ വാതായനങ്ങൾ തുറന്നു കൊടുക്കുകയാണ്. അന്നുവരെയുണ്ടായിരുന്ന കുട്ടിക്കളികളെ അടർത്തി മാറ്റി അൽപം ഗൗരവക്കാരിയായി, പക്വമതിയായി മാറാൻ മാത്രം എന്താണീ 13–ാം വയസ്സിൽ സംഭവിക്കുന്നത്? അത് ആർത്തവം തന്നെയാണ്.

പഴമക്കാരുടെ ഭാഷയിൽ പറഞ്ഞാൽ നമ്മുടെ കളിക്കുട്ടി ഒരു തീണ്ടാരിപ്പെണ്ണായിക്കഴിഞ്ഞു. ആൺകുട്ടിയിൽ നിന്ന് വ്യത്യസ്തമായി പെൺകുട്ടിക്കു മാത്രമുള്ള ഒരു ശാരീരിക പ്രതിഭാസമാണ് ആർത്തവം. മാസമുറ എന്നും ഇതിനെ പറയാറുണ്ട്. ഭാവിയിലേക്ക് പ്രത്യുത്പാദനത്തിനായി, അമ്മയാകുന്നതിനായി പെൺകുഞ്ഞിന്റെ ശരീരത്തെ സജ്ജമാക്കുന്ന പ്രക്രിയയാണിത്. ആദ്യ ആർത്തവത്തെ ‘മെനാർക്കി’ എന്നും പറയാറുണ്ട്.

ഒരു സവിശേഷ മുന്നൊരുക്കം

കൗമാരത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പെൺകുട്ടിയിൽ ഹോർമോൺ വ്യതിയാനങ്ങളുടെ തുടക്കമായി. കൗമാരത്തിന്റെ ആരംഭത്തിൽ മസ്തിഷ്കം ഗൊണാഡോട്രോപ്പിൻ റിലീസിങ് ഹോർമോൺ ( GnRH) പുറപ്പെടുവിക്കുന്നു. ഈ ഹോർമോൺ പിറ്റ്യൂട്ടറി ഗ്രന്‌ഥിയെ ഉത്തേജിപ്പിച്ച് ഫോളിക്കിൾ സ്‌റ്റിമുലേറ്റിങ് ഹോർമോൺ ( FSH) , ല്യൂട്ടനൈസിങ് ഹോർമോൺ (LH), എന്നിവ രക്തത്തിലേക്ക് സ്രവിപ്പിക്കുന്നു. ശരീരവളർച്ചയും സ്തനവളർച്ചയും പ്രകടമാകുന്നു. രോമവളർച്ച വർധിക്കുന്നു. സ്വകാര്യഭാഗത്തും കക്ഷത്തിലും കൈകളിലും കാലുകളിലുമൊക്കെ രോമങ്ങൾ വളർന്നു തുടങ്ങുന്നു. ശരീരാകൃതി തന്നെ മാറുന്നു. മുഖക്കുരു വരുന്നു. സ്രവങ്ങൾ വരുന്നു. തുടർന്ന് അണ്ഡാശയങ്ങൾ, ഗർഭപാത്രം എന്നിവ പ്രവർത്തിച്ചു തുടങ്ങുന്നതിന്റെ ഭാഗമായി ആർത്തവം വരുന്നു.

11–12 വയസ്സോടെ പെൺകുട്ടികളുടെ അണ്ഡാശയം സ്ത്രീ ഹോ ർമോണായ ഈസ്ട്രജൻ, പുറത്തു വിടും. പ്രൊജസ്‌റ്ററോണും അണ്ഡങ്ങളിലാണ് രൂപപ്പെടുന്നത്. അണ്‌ഡവിസർജനം ആരംഭിക്കുമ്പോൾ ഇതിന്റെ ഇത്പാദനം വർധിക്കും. ഈ ഹോർമോണുകൾ ഗർഭപാത്രത്തിന്റെ അകത്തെ പാളിയായ എൻഡോമെട്രിയത്തിന്റെ കട്ടി വർധിപ്പിച്ച് സ്പോഞ്ച് പോലെ ആക്കുന്നു. അവിടേയ്ക്കുള്ള രക്തചംക്രമണം കൂടുന്നു. ഇതൊരു സ്നേഹോഷ്മളമായ മുന്നൊരുക്കമാണ്. ഗർഭധാരണം നടന്നാൽ ഭ്രൂണത്തിനായുള്ള പതുപതുത്ത ഒരു കുഞ്ഞുകിടക്കയൊരുക്കുകയാണിവിടെ. ഗർഭം ധരിക്കുന്നില്ല എങ്കിൽ കിടക്ക വേണ്ടെന്നു വയ്ക്കുന്നു. പ്രൊജസ്റ്ററോണിന്റെയും ഈസ്ട്രജന്റെയും അളവു കുറയും, ആ സാഹചര്യത്തിൽ എൻഡോമെട്രിയത്തിന്റെ അകത്തെ പാളി ഇളകി വരുകയും തൽഫലമായി യോനീനാളത്തിലൂടെ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. ഈ പ്രക്രിയയാണ് ആർത്തവം. ഈ പ്രക്രിയ ആവർത്തിക്കുന്നതായതിനാൽ ആർത്തവചക്രം എന്നു പറയുന്നു.

അണ്ഡാശയങ്ങളും ഗർഭപാത്രവുമാണല്ലോ സ്ത്രീകളിലെ പ്രത്യുൽപാദന അവയവങ്ങൾ. ഒാരോ മാസവും ഒാരോ അണ്ഡം വളർന്ന് ഗർഭധാരണം എന്ന ജൻമസാഫല്യത്തിനായി ഗർഭപാത്രത്തിലേക്കു യാത്ര തുടങ്ങും. ഈ യാത്ര ഒാവുലേഷൻ അഥവാ അണ്ഡവിസർജനം എന്നാണു വിളിക്കപ്പെടുന്നത്.

സാധാരണയായി ഒരു ആർത്തവചക്രത്തിന്റെ ശരാശരി ദൈർഘ്യം എന്നത് 28 ദിവസമാണ്. ഒരു മാസംആർത്തവം ആരംഭിച്ച ആദ്യ ദിനം മുതൽ അടുത്തമാസം ആർത്തവം ആരംഭിച്ച ആദ്യദിനം വരെയുള്ള കാലമാണ് ആർത്തവചക്രം. ആർത്തവചക്രം കൃത്യമാകാൻ മൂന്നു നാലു വർഷത്തോളമെടുക്കും.

aarthavam-2

ആർത്തവം ആരംഭിക്കുമ്പോൾ ഈസ്ട്രജന്റെ അളവു കുറയുന്നതിനാൽ ശരീരത്തിനു തളർച്ചയും ക്ഷീണവും അനുഭവപ്പെടും. ആർത്തവംഅവസാനിക്കുമ്പോൾ ശരീരത്തിലെ ഈസ്ട്രജന്റെ അളവു വർധിക്കുകയും ചെയ്യും.

ഒരാഴ്ച മുൻപായി 21 ദിവസത്തിലും ഒരാഴ്ച കഴിഞ്ഞു 35–ാം ദിവസത്തിലും ആർത്തവം വന്നാലും അതിൽ വലിയ അസ്വാഭാവികത ഇല്ല എന്നു തന്നെ പറയാം. ഒരാഴ്ച മുന്നോട്ടും പിന്നോട്ടും ആകാം.

ആർത്തവം സാധാരണ രണ്ടു ദിവസം മുതൽ അഞ്ചു ദിവസം വരെ നീണ്ടു നിൽക്കും. ആർത്തവചക്രത്തിന്റെ 12–ാംദിവസത്തിനും 15–ാം ദിവസത്തിനും ഇടയിലാണ് അണ്ഡോത്പാദനം നടക്കുന്നത്. ആർത്തവം ഏഴു ദിവസത്തിൽ കൂടിയാലും , ഒരു ദിവസം മാത്രമായി വന്നാലും ഡോക്ടറുടെ നിർദേശം തേടണം. ആദ്യ ആർത്തവത്തിൽ അധിക രക്തസ്രാവമുണ്ടാകില്ല. തുള്ളി ആയും പ്രകടമാകാം. രണ്ടു ദിവസത്തോളം നീണ്ടു നിൽക്കാം. ആർത്തവചക്രത്തിന്റെ രണ്ടാം ദിവസം മുതലാണ് കൂടുതൽ രക്തസ്രാവം കാണുന്നത്. ഒപ്പം വയറുവേദന, നടുവേദന, ഛർദി പോലുള്ള ശാരീരിക അസ്വസ്ഥതകളുമുണ്ടാകാം. ദിവസങ്ങൾ പിന്നിടവെ രക്തസ്രാവം കുറഞ്ഞു വരും. ഒരു ആർത്തവചക്രത്തിൽ 60–80 മീലീ രക്തമേ നഷ്ടപ്പെടൂ.

പിഎംഎസ് എപ്പോൾ?

ആർത്തവം വരുന്നതിനു മുൻപായി പ്രീ മെൻസ്ട്രുവൽ സിൻഡ്രം എന്നൊരു കടമ്പ കൂടിയുണ്ട്. എന്നാൽ ആർത്തവത്തെ പുതിയതായി സ്വീകരിക്കുന്ന പെൺകുട്ടികളിൽ ഇതങ്ങനെ കാണാറില്ല. അണ്ഡവിസർജനം നടക്കുന്ന ആർത്തവങ്ങളിലാണ് പി എം എസ് വരാറുള്ളത്. 20 വയസ്സ് ആകുമ്പോഴേക്കുമേ സാധാരണ ഇത് കണ്ടു തുടങ്ങാറുള്ളൂ. അസ്വസ്ഥത, മൂഡ് സ്വിങ്സ്, വിഷാദം, ആത്മവിശ്വാസം നഷ്ടമാകുക, സ്തനങ്ങൾ മൃദുവാകുക, അടിവയർ– നടുവേദന എന്നിവയാണു സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങൾ.

ആർത്തവം നേരത്തെ

ആദ്യ ആർത്തവം സാധാരണയായി 12വയസ്സിനും 16 വയസ്സിനുമിടയിൽ തുടങ്ങും. മിക്കവരിലും 13–ാം വയസ്സിൽ തന്നെ വരാറുണ്ട്. എന്നാൽ ഇന്നത്തെക്കാലത്ത് സാമൂഹ്യ സാമ്പത്തിക സ്ഥിതി, ജീവിതസാഹചര്യങ്ങളിലെ മാറ്റം ഇവ ആദ്യ ആർത്തവത്തെ സ്വാധീനിക്കുന്നുണ്ട് എന്നു പറയാതെ വയ്യ. വ്യായാമമില്ലായ്മ, ഉയർന്ന കാലറി ഉള്ള ഭക്ഷണം പോലുള്ള മാറ്റങ്ങൾ മൂലം പത്തു വയസ്സാകുമ്പോഴേക്കും ശരീരഭാരവും ഉയരവും വർധിക്കുന്നതായി കാണുന്നു. അങ്ങനെ ആർത്തവവും നേരത്തെയാകുന്നു.

ആർത്തവക്രമക്കേടുകൾ

കൗമാരക്കാരികളിൽ ആർത്തവം ആരംഭിച്ച് ആദ്യരണ്ടു മൂന്നു വർഷങ്ങളിൽ ഹോർമോൺ ഉത്പാദനത്തിൽ ചില ക്രമക്കേടുകൾ വരുന്നതിനാൽ ആർത്തവചക്രവും മാറി വരാം. ഹോർമോൺ ഉത്പാദനം കൃത്യമാകണമെങ്കിൽ അണ്ഡാശയം പ്രവർത്തനക്ഷമത നേടണം. ചിലപ്പോൾ മൂന്നു നാലുമാസം ആർത്തവം വന്നില്ലെന്നു വരാം. പിന്നീട് ആർത്തവം വരുമ്പോൾ രക്തസ്രാവം കുറച്ചു നാൾ നീണ്ടുനിൽക്കാം. കൂടുതൽ രക്തസ്രാവം ഉണ്ടായെന്നും വരാം. ചില കുട്ടികളിൽ ഒരു മാസത്തിൽ രണ്ടു മൂന്നു തവണ ആർത്തവം വരാറുണ്ട്. കൗമാരക്കാരിൽ ആദ്യ രണ്ടു മൂന്നു വർഷങ്ങളിൽ ആർത്തവം ഉണ്ടെങ്കിലും അണ്ഡോത്പാദനം നടക്കണമെന്നില്ല. പിന്നീടുള്ള വർഷങ്ങളിൽ അണ്ഡോത്പാദനം നടക്കുന്നതു കൊണ്ട് വയറുവേദന, നടുവേദന, ഛർദി തുടങ്ങിയവ കാണാറുണ്ട്. അസഹ്യ വേദനയും ഇരുപതു ദിവസത്തിനു മുൻപോ രണ്ടു മാസം ഇടവിട്ടോ ഉണ്ടാകുന്ന ആർത്തവചക്രവുമുള്ളവർ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. കൗമാരം വർഷങ്ങൾ പിന്നിട്ടിട്ടും ആർത്തവം വരാത്ത കുട്ടികളെയും കാണാം. ഇവർക്കു രക്ത പരിശോധനയും സ്കാനിങ്ങും ആവശ്യമാണ്.

ശുചിത്വം പ്രധാനമാണ്

ആർത്തവ ദിനങ്ങളിൽ രണ്ടു നേരം കുളിക്കണം. സ്വകാര്യഭാഗങ്ങൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം. സ്കൂളിൽ പോകും മുൻപും വീട്ടിലെത്തുമ്പോഴും ഇളം ചൂടുവെള്ളവും സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കണം. സാനിട്ടറി പാഡ് നനഞ്ഞാൽ ഇടയ്ക്കിടെ മാറ്റണമെന്ന് കുട്ടികളോടു പറയണം. 4–5 മണിക്കൂറുകൾ ഇടവിട്ട് പാഡുകൾ മാറ്റി വയ്ക്കണം. രക്തത്തിന്റെ അളവു കുറവാണെന്നു കരുതി പാഡ് മാറ്റാൻ മടിക്കരുത്. വിങ്സ് ഉള്ള പാഡുകളും ടീൻ പാഡുകളും വിപണിയിലുണ്ട്. പാഡ് അധിക സമയം വച്ചാൽ മൂത്രത്തിൽ അണുബാധയുൾപ്പെടെ അണുബാധയിൽ കലാശിക്കാം. സുഗന്ധമുള്ള പാഡുകൾ അലർജിയുണ്ടാക്കുന്നെങ്കിൽ ഒഴിവാക്കുക. ടാംപണുകളും മെൻസ്ട്രുവൽ കപ്പും കുട്ടികൾക്ക് അഭികാമ്യമല്ല.

വേദനയകറ്റാൻ വീട്ടു പരിഹാരങ്ങളും അമ്മയ്ക്കു ചെയ്യാം. ഹോട്ട് വാട്ടർ ബാഗ് അടിവയറിലും നടുവിലും വയ്ക്കാം. ഹീറ്റ് പാഡും ഉപയോഗിക്കാം. ചൂടുവെള്ളത്തിൽ കുളിക്കാം. വയറും നടുവുമൊന്നു തടവിക്കൊടുക്കാം.

ആഹാരം എങ്ങനെ?

ആർത്തവകാലത്ത് വെള്ളമോ ലസ്സിയോ കുടിക്കാം. ഇത് ഹൈഡ്രേറ്റഡ് ആക്കും. കാപ്പിക്കു പകരം ഗ്രീൻ ടീയോ, കാരറ്റ് ജ്യൂസോ കുടിക്കാം. പ്രോസസ്ഡ് ഫൂഡും അച്ചാറും ഒഴിവാക്കി സാലഡ് കഴിച്ചോളൂ,കൊഴുപ്പു കൂടുതലടങ്ങിയ ആഹാരത്തിനു പകരം മുഴുഗോതമ്പു കൊണ്ടുള്ള ബ്രഡും കൊഴുപ്പു കുറഞ്ഞ ഇറച്ചിയും കഴിക്കാം. പാലുൽപ്പന്നങ്ങൾക്കു പകരം ബട്ടർമിൽക്കോ ടോൺഡ് മിൽക്കോ കുടിക്കാം. വറുത്തതും പൊരിച്ചതും മാറ്റി വറുത്ത കശുവണ്ടിയോ ക്രഞ്ചി വെജിറ്റബിൾസോ കഴിക്കാം. റിഫൈൻഡ് ധാന്യങ്ങൾ ഒഴിവാക്കി വീട്ടിൽ തയാറാക്കിയ ചപ്പാത്തിയോ കുത്തരി കൊണ്ടുള്ള വിഭവങ്ങളോ കഴിക്കാം. െഎസ്ക്രീം ഉൾപ്പെടെയുള്ള തണുത്ത ആഹാരസാധനങ്ങൾ, ജങ്ക്ഫൂഡ്, കോള പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ ഇവയൊക്കെ ആർത്തവകാലത്ത് ഒഴിവാക്കാം. ഉപ്പ്, എരിവ്, പുളി, മസാല അളവു കുറയ്ക്കുക. സീസണൽ പഴങ്ങളും നേന്ത്രപ്പഴവും മുഴുധാന്യങ്ങളും പച്ചക്കറികളും യോഗർട്ടും ഈ സമയത്തു കഴിക്കാം. ധാരാളം ശുദ്ധജലം കുടിക്കുക.

പിസിഒഡി കരുതൽ നൽകാം

കൃത്യമായ വ്യായാമവും ആഹാരശൈലിയുമില്ലാത്ത മിക്ക പെൺകുട്ടികൾക്കും പിസിഒഡി എന്ന പോളി സിസ്‌റ്റിക് ഒവേറിയൻ സിൻഡ്രോം ഉണ്ട്. അമിതവണ്ണം, മുഖത്തും നെറ്റിയിലും അമിതരോമവളർച്ച, അമിതമായി മുഖക്കുരു ഉണ്ടാകുക, ആർത്തവം മൂന്നു നാലു മാസങ്ങളിലൊരിക്കൽ മാത്രമുണ്ടാകുക, ആർത്തവം വന്നാൽ കൂടുതൽ ദിവസങ്ങൾ നീണ്ടു നിൽക്കുക എന്നിവയാണിതിന്റെ ലക്ഷണങ്ങൾ. ഒാവറിയിൽ ഒട്ടേറെ ചെറിയ സിസ്റ്റുകൾ ഉണ്ടാകുകയും അണ്ഡോത്പാദനം നടക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. വണ്ണം കുറയ്ക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും പരിഹാരം തേടാം.

അമ്മ ശ്രദ്ധിക്കേണ്ടത്

കൗമാരക്കാരികൾക്ക് ആർത്തവ കാലഭയവും ആശങ്കകളുമകറ്റാൻ അമ്മ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ കുട്ടിക്ക് ആർത്തവം വന്ന ദിവസം ഒാരോ മാസവും കൃത്യമായി രേഖപ്പെടുത്തുക. അഞ്ചാം തീയതിയാണ് വന്നതെങ്കിൽ അതു കഴിഞ്ഞ് 28 ദിവസം എണ്ണി അടുത്ത ആർത്തവദിനം കുറിച്ചു വയ്ക്കാം. ഇതുമായി ബന്ധപ്പെട്ട് നിരവധി മൊബൈൽ ആപ്ലിക്കേഷനുകളുമുണ്ട്. ∙ ഒരു പീരിയഡ് ഡയറി കുട്ടിക്കു നൽകി ബുദ്ധിമുട്ടുകൾ കുറിച്ചു വയ്ക്കാൻ പറയാം. ആർത്തവ ക്രമക്കേടുകൾ ഡോക്ടറോടു പറയാം.

∙പാന്റിലൈനർ യോനീസ്രവങ്ങൾ അടിവസ്ത്രത്തിലാകാതെ തടയും. ആദ്യദിനങ്ങളിൽ പാഡിനു പകരമായും ഉപയോഗിക്കാം.

∙ സാനിറ്ററി പാഡ് കൈയിൽ ഇല്ലാതിരിക്കെ ആർത്തവം വന്നാൽ കോട്ടൻ കർച്ചീഫുകളോ ടവ്വലോ അടിവസ്ത്രത്തിൽ മടക്കി വച്ച് ഉപയോഗിക്കാമെന്നു കൂടി പറയുക.

കൂട്ടുകുടുംബകാലത്ത് മുതിർന്ന സ്ത്രീകളും മുത്തശ്ശിയും ചേർന്ന് ഒരു പെൺകുട്ടിയെ അതീവസുന്ദരമായി ആർത്തവത്തെ വരവേൽക്കാനും അതിനെ ഉൾക്കൊണ്ടു ജീവിക്കാനും പഠിപ്പിച്ചെടുക്കുന്നുണ്ട്. പണ്ട് പണ്ട് ആദ്യ ആർത്തവനാളുകളിൽ കൗമാരക്കാരിയുടെ മുറിയിൽ ഒരു തെങ്ങിൻ പൂക്കുല വയ്ക്കുമത്രേ. അതിലെ ഒാരോ മണികൾ അടർത്തി കഴിക്കുന്നതിലൂടെ വേദന ശമിക്കുമെന്നുമൊക്കെയായിരുന്നു അന്നത്തെ വിശ്വാസം. എന്തു തന്നെയായാലും

പ്രകൃതിയോടു ചേർന്നു പഴമക്കാർ നടന്നു പോയ കാലത്തൊന്നും ആർത്തവം ഒരു ആകുലത ആയിരുന്നില്ല, അനുഗ്രഹമായിരുന്നു. ഇന്നത്തെ പെൺകുട്ടികളോട് അതു പറയാൻ പുതിയ കാലത്തെ അമ്മയ്ക്കു കഴിയണം. ഒരു പുതു ജീവന്റെ പ്രതീകമായി ആർത്തവത്തെ സ്വീകരിക്കാൻ അവരെ ഒരുക്കണം.

വിവരങ്ങൾക്കു കടപ്പാട്;  
ഡോ. ആർ. പി. മൈത്രേയി
 സീനിയർ  കൺസൽറ്റന്റ്  ഗൈനക്കോളജിസ്‌റ്റ് അർച്ചന ഹോസ്പി‌റ്റൽ, തൊടുപുഴ