പത്തുമാസത്തെ കാത്തിരിപ്പിനൊടുവിൽ കൺമണിയെ വരവേൽക്കാനായി നെഞ്ചിടിപ്പോടെയാകും ഏതൊരു ഗർഭിണിയും ഒരുങ്ങിയിരിക്കുക. മാസങ്ങൾക്കു മുമ്പേ തന്നെ ഗർഭിണിയും ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് വീട് ഒരുക്കിയിട്ടുണ്ടാകും. കുഞ്ഞിന് ആവശ്യമായി വരുന്ന കുഞ്ഞുടുപ്പുകൾ, സോപ്പ്, പൗഡർ, നാപ്കിനുകൾ, കുഞ്ഞു കളിപ്പാട്ടങ്ങൾ എല്ലാം തയാറാക്കിയിട്ടുണ്ടാകും. ഇതേ തയാറെടുപ്പ് തന്നെയാണ് പ്രസവത്തിന് ആശുപത്രിക്കു പോകും മുമ്പ് ചെയ്യേണ്ടത്.
പ്രസവത്തീയതി അടുക്കുന്നതിനു മുൻപു തന്നെ അമ്മയ്ക്കും കുഞ്ഞിനും വേണ്ട വസ്തുക്കൾ കൃത്യമായി ഒരു ബാഗിൽ അടുക്കി വയ്ക്കണം. അല്ലാത്ത പക്ഷം പെട്ടെന്ന് ആശുപത്രിയിൽ അഡ്മിറ്റാകേണ്ട അവസ്ഥയിൽ അമ്മയ്ക്കും കുഞ്ഞിനുമുള്ള വസ്ത്രങ്ങളും മറ്റും ആശുപത്രിയിലോ പരിസരത്തോ ലഭിക്കാതെ വന്നാൽ അതു ബുദ്ധിമുട്ടാകും. സാധാരണ പ്രസവമാണോ സിസേറിയനാണോ എന്നതനുസരിച്ചാണ് എത്ര നാൾ ആശുപത്രിയിൽ കഴിയേണ്ടതെന്ന് തീരുമാനിക്കുന്നത്. ഏകദേശം ഏഴ് ദിവസത്തേക്കു വരെ ആവശ്യമാകുന്ന സാധനങ്ങൾ കൈയിൽ കരുതാം. പ്രെഗ്നൻസി ബാഗിൽ കരുതേണ്ട വസ്തുക്കൾ മൂന്നായി തിരിക്കാം. പ്രസവത്തിനു മുമ്പ് ഗർഭിണിക്ക്, പ്രസവത്തിനുശേഷം ഉപയോഗിക്കാൻ, മൂന്നാമതായി കുഞ്ഞിനുള്ളതാണ്.
പ്രസവത്തിനു മുൻപ് ∙ ലിസ്റ്റ് ഉണ്ടാക്കാം, ബാഗ് വാങ്ങിക്കാം
ബാഗ് ഒരുക്കും മുമ്പ് ആദ്യം വാങ്ങിക്കേണ്ട സാധനങ്ങളുടെയും ബാഗിൽ വയ്ക്കേണ്ടവയുടെയും ലിസ്റ്റ് തയാറാക്കുക. ഒരുക്കിയ സാധനങ്ങൾ ലിസ്റ്റിൽ നിന്ന് വെട്ടുക. സാധനങ്ങളൊന്നും വിട്ടുപോകാതിരിക്കാൻ ഈ ലിസ്റ്റ് സഹായിക്കും. ഇനി എന്തെല്ലാമാണ് ബാഗിൽ വയ്ക്കേണ്ടതെന്നു നോക്കാം. ആദ്യം ഗർഭിണിക്ക് ആവശ്യമായവ.
∙ മെഡിക്കൽ റെക്കോർഡുകൾ മറക്കരുത്
ഗൈനക്കോളിസ്റ്റിന്റെ അടുത്തുള്ള അവസാന ചെക്കപ്പ് കഴിഞ്ഞാൽ മെഡിക്കൽ റെക്കോർഡുകളെല്ലാം ബാഗിൽ പായ്ക്ക് ചെയ്യാം. അവസാന ചെക്കപ്പിൽ കൃത്യമായി പ്രസവത്തീയതി ഡോക്ടർ നിങ്ങളെ അറിയിക്കുന്നതാണ്. സ്കാനിങ്ങിന്റെയും രക്ത പരിശോധനകളുടെയും ഫലങ്ങളും എടുത്തു വയ്ക്കാം. കഴിക്കുന്ന മരുന്നിന്റെ കുറിപ്പടികളും മറക്കരുത്.
ഗർഭിണിക്കുള്ള വസ്ത്രങ്ങളാണ് എടുത്തു വയ്ക്കേണ്ട മറ്റൊരു പ്രധാന കാര്യം. പ്രസവത്തീയതി കഴിഞ്ഞും പ്രസവിക്കാത്ത അവസ്ഥ ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരും. സിസേറിയനാണെങ്കിൽ അഞ്ച് ദിവസം വരെയും. അതുകൊണ്ടു തന്നെ ഗർഭിണിക്കുള്ള കൂടുതൽ വസ്ത്രങ്ങൾ കൈയിൽ കരുതാം. നല്ല അയഞ്ഞു കിടക്കുന്ന, കോട്ടൺ നൈറ്റികളും ഗൗണുകളുമാണ് നല്ലത്. പ്രസവസമയത്ത് ലേബർ റൂമിൽ ധരിക്കാനായി ആശുപത്രിയുടെ തന്നെ മെറ്റേണിറ്റി ഗൗൺ നൽകുന്നതായിരിക്കും.
തണുപ്പ് കാലാവസ്ഥയാണെങ്കിൽ ഒരു ജോഡി സ്വെറ്ററും കൂടി വാങ്ങിക്കുക.
കുടിക്കാനുള്ള വെള്ളം ചാടാക്കാനുള്ള കെറ്റിലും പായ്ക്ക് ചെയ്യാം. ആശുപത്രിയിൽ ചൂടുവെള്ളം കിട്ടുമെങ്കിൽ ചായയോ മറ്റോ ഉണ്ടാക്കി കുടിക്കാൻ കെറ്റിൽ ഉപകരിക്കും. നല്ല വൃത്തിയുള്ള ബെഡ്ഷീറ്റുകളും പുതപ്പും കരുതാം.
∙ ചെറുഭക്ഷണങ്ങൾ
ചെറിയ സ്നാക്കുകൾ വാങ്ങി വയ്ക്കാം. ബിസ്ക്കറ്റോ കേക്കോ നട്ട്സോ... അങ്ങനെ എന്തെങ്കിലും. ലേബർ റൂമിനകത്ത് പ്രസവവേദന തുടങ്ങും മുൻപാണെങ്കിൽ ബിസ്കറ്റോ ചായയോ കഴിക്കാൻ അനുവദിക്കാറുണ്ട്. പ്രസവശേഷം റൂമിലേക്കു മാറ്റുന്നതിനു മുൻപു തന്നെ കട്ടൻചായയോ ബിസ്ക്കറ്റോ കഴിക്കാൻ കൊടുക്കുന്നുണ്ട്.
പ്രസവശേഷം
പ്രസവം കഴിഞ്ഞ് സ്ത്രീകൾക്ക് ധരിക്കാനുള്ള പ്രത്യേക നൈറ്റികൾ ലഭ്യമാണ്. മുൻവശം തുറക്കാൻ സാധിക്കുന്നത്. ഇത്തരം വസ്ത്രങ്ങൾ മുലയൂട്ടുന്നതിനു സൗകര്യപ്രദമാണ്. ഈ രീതിയിലുള്ള വസ്ത്രങ്ങൾ കൂടുതൽ കരുതുക. പ്രസവശേഷം കുറച്ചു ദിവസത്തേക്ക് നല്ല തോതിൽ രക്തസ്രാവം ഉള്ളതിനാൽ വസ്ത്രം ഇടയ്്ക്കിടെ മാറേണ്ടതായി വരും.
സാനിറ്ററി പാഡുകളാണ് ആവശ്യം വേണ്ട മറ്റൊരു വസ്തു. പ്രസവം കഴിഞ്ഞുടൻ തന്നെ ഇവ ആവശ്യമായി വരും. നല്ല ഗുണമേന്മയുള്ള നാപ്കിനുകൾ ഉപയോഗിക്കേണ്ടി വരുന്നതിനാൽ അണുബാധ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.
കുട്ടികൾക്ക് ആഹാരം കൊടുക്കുമ്പോൾ കഴുത്തിൽ ഇടുന്ന ബിബ്ബ് പോലെ മുലയൂട്ടുന്ന അമ്മമാർക്കുള്ള നഴ്സിങ് ബിബ്ബുകളും കടകളിൽ ലഭിക്കും. ആശുപത്രിവാസത്തിനിടെ കുഞ്ഞിനു മുലയൂട്ടുമ്പോൾ ഇതു ധരിക്കാം.
∙ അടിവസ്ത്രങ്ങൾ
നഴ്സിങ് ബ്രേസിയറുകളും പാഡും വാങ്ങിക്കുക. ബ്രേസിയറിന്റെ കപ്പ് മാത്രമായി തുറക്കാൻ സാധിക്കുന്നതാണ് നഴ്സിങ് ബ്രേസിയറുകൾ. ഇതു കൂടാതെ മുലപ്പാൽ കൂടുതലായി ഉണ്ടായി ധരിച്ചിരിക്കുന്ന വസ്ത്രം നനയുന്ന അവസ്ഥ നവമാതാവിനു സങ്കോചമുണ്ടാക്കും. ഇത്തരം സാഹചര്യങ്ങളിൽ നഴ്സിങ് പാഡ് കൂടി ധരിക്കാം.
കംഫർട്ടബിളായിട്ടുള്ള അടിവസ്ത്രങ്ങൾ വാങ്ങി വയ്ക്കുക. കോട്ടൺ അടിവസ്ത്രമാണ് ഏറ്റവും നല്ലത്. നിലവിൽ ഉപയോഗിക്കുന്നതിലും കുറച്ച് വലിയ സൈസ് വാങ്ങുന്നതാണ് നല്ലത്.
കാരണം സിസേറിയനാണെങ്കിൽ അടിവസ്ത്രം മുറിവിൽ തട്ടാതിരിക്കാൻ സഹായിക്കും. അടിവസ്ത്രത്തിൽ ബൈൻഡർ കൂടി ചേർന്ന തരത്തിലുള്ളതും ഇപ്പോൾ ലഭിക്കും.
ഇതിനെല്ലാം പുറമെ ദിവസേനയുള്ള ഉപയോഗത്തിനുള്ള ചീർപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, ടൗവ്വലുകൾ, ടോയ്‌ലറ്റിൽ ഉപയോഗിക്കുന്ന ചെരുപ്പ്, ടിഷ്യൂ പേപ്പറുകൾ എന്നിവയും ബാഗിൽ വയ്ക്കാൻ മറക്കുത്.
കുഞ്ഞിന് വേണ്ടത്
കുഞ്ഞുങ്ങൾക്കുള്ള വസ്തുക്കളിൽ ഏറ്റവും പ്രധാനം കുഞ്ഞിനെ പൊതിയാനുള്ള തുണികളാണ്. നല്ല വൃത്തിയുള്ള കോട്ടൺ വസ്ത്രങ്ങളാണ് നല്ലത്. നമ്മുടെ നാട്ടിൽ ഉപയോഗിച്ച കോട്ടൺ മുണ്ടുകൾ അലക്കിയെടുത്താണ് കുഞ്ഞിനെ പൊതിയാൻ ഉപയോഗിക്കുന്നത്. കുഞ്ഞിനെ പൊതിയാൻ ഉപയോഗിക്കുന്ന തൊപ്പിയോട് കൂടിയ ടൗവലുകളായ സ്വാഡിലുകളും നല്ലതാണ്.
കോട്ടൺ കുഞ്ഞുടുപ്പുകളും വാങ്ങി വയ്ക്കുക. ഡയപ്പറുകളും ആവശ്യമായി വരും. വാഷബിൾ ഡയപ്പറുകൾ ലഭിക്കും. അതായത് ഉപയോഗശേഷം കഴുകി ഉണക്കി വീണ്ടും ധരിപ്പിക്കാവുന്നവ. കുഞ്ഞിനെ കിടത്താനുള്ള നല്ല മൃദുവായ, പഞ്ഞി കൊണ്ടുള്ള ഷീറ്റുകളും കരുതണം.
∙ ഡയപ്പറുകൾ മറക്കരുത്
മറ്റൊരു പ്രധാന കാര്യം വൈറ്റ് വൈപ്സ് ആണ്– നനവുള്ള ടിഷ്യൂ പേപ്പറുകള്‍. മലമൂത്രവിസർജനത്തിനു ശേഷം തുടയ്ക്കാൻ ഇവ ഉപയോഗിക്കാം. കുഞ്ഞിന്റെ ഗുഹ്യ ഭാഗത്ത് നനഞ്ഞ തുണി ഇടയ്ക്കിടെ ഉപയോഗിക്കുന്നത് ത്വക്കിൽ ചുവന്ന നിറം വരാൻ കാരണമാകും.
മുഖവും ചെവിയും മൂടുന്ന തരത്തിലുള്ള തൊപ്പിയും വാങ്ങി സൂക്ഷിക്കാം.
കുഞ്ഞുങ്ങളുടെ വിരലുകളിൽ നഖങ്ങൾ ഉണ്ടാകാം. ഈ നഖങ്ങൾ മുഖത്ത് കൊണ്ട് പോറൽ വരാൻ സാധ്യതയുണ്ട്. കുഞ്ഞിന്റെ കൈപ്പത്തി മൂടുന്ന തരത്തിലുള്ള ഗ്ലൗസുകൾ ലഭിക്കും.
∙ കുഞ്ഞികിടക്ക വേണം
കുഞ്ഞിനെ കിടത്താനുള്ള വിവിധ തരം കിടക്കകൾ വിപണിയിൽ ലഭിക്കുന്നതാണ്. കൊതുകുവല കൂടി ചേർന്ന കിടക്കകളും ലഭിക്കും. മൂത്രം പിടിച്ചെടുക്കുന്ന തരത്തിലുള്ള ഷീറ്റുകളും (ഡ്രൈ ഷീറ്റ്) വാങ്ങിക്കണം. ഈ ഷീറ്റുകൾ കിടക്കയ്ക്കു മേൽ വിരിച്ചിട്ടശേഷം കുഞ്ഞിനെ കിടത്താം.