Saturday 11 March 2023 02:40 PM IST

‘ഒരുടമസ്ഥാവകാശവും മകളുടെ മേൽ‌ ഞാൻ സ്ഥാപിച്ചിട്ടില്ല; തെറ്റും ശരിയും പറഞ്ഞു കൊടുക്കും; പ്രതിസന്ധി വരുമ്പോൾ ഒപ്പമുണ്ടെന്ന ഉറപ്പ് ഉണ്ടാക്കിയിട്ടുണ്ട്’

Vijeesh Gopinath

Senior Sub Editor

sreejith6678 ഫോട്ടോ: ബേസിൽ പൗലോ, അരുൺ സോൾ

മകളോടു ഞാൻ പറഞ്ഞിട്ടുണ്ട്, നിനക്ക് ഇഷ്ടമുള്ളപ്പോൾ‌ വിവാഹം കഴിച്ചാൽ മതി. വിവാഹം കഴിക്കണമെന്നു പോലുമില്ല. അതുപോലെ ഏതു പാതിരാത്രിക്കും യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്’’എഡിജിപി ശ്രീജിത് െഎപിഎസ് സംസാരിച്ച ഈ വിഡിയോ വൈറലായി. ‘നിങ്ങൾ പൊലീസല്ലേ, സുരക്ഷിതത്വമുള്ളതുകൊണ്ടല്ലേ പറഞ്ഞതെന്നു തുടങ്ങി പല തരം കമന്റുകൾ. മകളെ ഇങ്ങനെ വളർത്താമോ? എന്ന ചോദ്യശരങ്ങൾ, ഇതെന്തൊരു പേരന്റിങ് ആണെന്നു മറ്റു ചിലർ. ചോദ്യങ്ങളോർത്തു ചിരിച്ച് ശ്രീജിത് െഎപിഎസും മകൾ കല്യാണിയും ഭാര്യ ധന്യ ഗോപാലകൃഷ്ണനും കൊച്ചിയിലെ ഫ്ലാറ്റിൽ ഒന്നിച്ചിരുന്നു.  

‘‘ഇപ്പോഴും ഭാര്യയുടെ പേര് ധന്യ ഗോപാലകൃഷ്ണൻ എന്നു തന്നെയാണ്. വിവാഹം കഴിഞ്ഞതോടെ അവളു‍ടെ അച്ഛന്റെ പേരുമാറ്റി എന്റെ പേരു ചേർത്തു ‘ധന്യ ശ്രീജിത്’ എന്നാക്കാനൊന്നും  ഞാൻ പറഞ്ഞില്ല. ആ ജൻഡർ പൊളിറ്റിക്സ് തന്നെയാണു മകളെ വളർത്തുമ്പോഴും പാലിക്കുന്നത്.

എന്റെ പേരന്റിങ് ചിന്താഗതി കേട്ടു നെറ്റി ചുളിച്ചവരോട്  ഉപനിഷത്തിലെ ഒരു മുനികുമാരന്റെ കഥ പറയാം. അദ്ദേഹത്തിന്റെ അച്ഛൻ ഒരു ദരിദ്ര ബ്രാഹ്മണനായിരുന്നു. ദാരിദ്ര്യത്തിൽ നിന്നു രക്ഷപ്പെടാൻ മൂന്നു മക്കളിൽ രണ്ടാമനായ ആ മുനികുമാരനെ അയാൾ വിൽ‌ക്കാൻ തീരുമാനിച്ചു. അടിമക്കമ്പോളത്തിൽ നിന്നു വാങ്ങി കൊണ്ടു പോകുന്നവർ ആ കുട്ടിയുടെ ബുദ്ധിസാമർഥ്യവും അറിവും കാണുമ്പോൾ മോചിപ്പിക്കും. അവൻ വീണ്ടും വീട്ടിലെത്തും.

ഒടുവിൽ ഒരു രാജസൂയത്തിൽ ബ്രാഹ്മണ കുമാരനെ ബലി നൽകേണ്ടതായി വന്നു. അതുകേട്ട്  അയാൾ മകനെ അവിടെ ഏൽപ്പിച്ച് നാനൂറു പശുക്കളെ പ്രതിഫലമായി വാങ്ങി തിരികെ പോന്നു. തല വെട്ടാനായി ഒരുങ്ങിയ വാൾ അന്തരീക്ഷത്തിൽ തങ്ങി നിന്നു. അശരീരിയും ഉണ്ടായി. ആ കുമാരൻ ദേവചൈതന്യമുള്ളയാളായിരുന്നു.

ഈ കഥയിൽ പറയുന്നതു ജന്മം കൊണ്ട് ആരും അച്ഛനും അമ്മയും ആവില്ല എന്നതാണ്. ദുഷ്ടലാക്കോടെ ആർത്തി പൂണ്ടു മക്കളെ വിൽക്കുന്നവരെങ്ങനെയാണ് അച്ഛനുമമ്മയുമാകുക?

പുതുകാലത്തും ഇത്തരം മാതാപിതാക്കളുണ്ട്, സ്വന്തം ഇഷ്ടത്തിനനുസരിച്ചു മക്കളെ വളർത്താന്‍ ശ്രമിക്കുന്ന എല്ലാവരും ഉപനിഷത് കഥയിലെ ക്രൂരനായ അച്ഛനെ പോലെയാണ്. മാതാപിതാക്കളുടെ ആഗ്രഹപൂർ‌ത്തീകരണത്തിനായി മക്കളെ ഉപയോഗിക്കുന്നതു വലിയ തെറ്റാണ്. മക്കൾക്കു മുന്നിൽ ആകാശം തുറന്നിട്ടാൽ മതി. ബലമുള്ള ചിറകുകൾ വച്ച് അവർ പറക്കട്ടെ.

കല്യാണി: ഞാൻ അമൃത സ്കൂൾ ഒാഫ് നാനോ സയൻസ് ആൻഡ് മോളിക്യുലാർ െമഡിസിൻ മൂന്നാം വര്‍ഷ വിദ്യാർഥിനി. എൻട്രൻസിനു പോകുന്നില്ലേ എന്നത് ഹൈസ്കൂളിലെത്തിയപ്പോഴേ കേട്ട  ചോദ്യമാണ്. അച്ഛനോടും അമ്മയോടും ആദ്യമേ പറഞ്ഞു, എന്റട്രൻസിനു ഞാനില്ല.    

ശ്രീജിത് െഎപിഎസ്: ഒരുടമസ്ഥാവകാശവും മകളുടെ മേൽ‌ ഞാൻ സ്ഥാപിച്ചിട്ടില്ല. തെറ്റും ശരിയും പറഞ്ഞു കൊടുക്കും. പ്രതിസന്ധി വരുമ്പോൾ ഒപ്പമുണ്ടെന്ന ഉറപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ കവിഞ്ഞു മകളുടെ ജീവിതത്തിൽ എന്തു റോളാണ് എനിക്കുള്ളത്. പ്ലസ് ടു കഴിഞ്ഞു പഠിക്കേണ്ട കോഴ്സിനെക്കുറിച്ചു അവൾ പറഞ്ഞപ്പോൾ എനിക്കു മനസ്സിലായില്ലെങ്കിലും ഒരു കാര്യം തിരിച്ചറിഞ്ഞു. അവൾക്ക് ഇതിനെ കുറിച്ചു നല്ല ധാരണയുണ്ട്. ആ വഴി പോയാൽ എവിടെ എത്തുമെന്നും അറിയാം. അപ്പോൾ പിന്നെ, ഞാനെന്തിനു ചിന്തിക്കണം?

മോളാണോ, ചിട്ടി ചേരുന്നില്ലേ?

ശ്രീജിത് െഎപിഎസ്:  മോൾക്കു വേണ്ടി ഒരാഭരണവും ഇതുവരെ വാങ്ങിയിട്ടില്ല. അവൾ ജനിച്ചപ്പോൾ തന്നെ എന്നോട് ‘നീ വേഗമൊരു സ്വർണച്ചിട്ടിയിൽ ചേരണമെന്നു’ പറഞ്ഞവരുണ്ട്. വിവാഹം തന്നെ ഇഷ്ടമുണ്ടെങ്കിൽ മതിയെന്നാണു ഞങ്ങൾ  പറഞ്ഞിരിക്കുന്നത്. പിന്നെ, ആഭരണമിട്ടാൽ മൂല്യമുണ്ടെന്നു വിശ്വസിക്കുന്ന ഒരാൾ അവൾക്കു കൂട്ടാവുകയില്ല, ബാധ്യതയാകും. ഇന്ന് ആഭരണം കൊടുത്തു തൃപ്തിപ്പെടുത്താം. എന്നും അതു പറ്റുമോ?

കല്യാണി: പ്രധാനമായും പൈസ ചെലവാക്കുന്നതു കരാട്ടെ ടൂർണമെന്റുകളിൽ പങ്കെടുക്കാനുള്ള ഫ്ലൈറ്റിന്റെയും ട്രെയിനിന്റെയും ടിക്കറ്റ് ചാർജിനാണ്. കുട്ടിക്കാലം തൊട്ടേ ഡാൻസിനും പാട്ടിനുമൊക്കെ പോയെങ്കിലും ഉറച്ചു നിന്നത‌ു കരാട്ടെയിലാണ്. ബ്ലാക്ക് ബെൽറ്റ് എടുത്തു.  

കഴിഞ്ഞ ‍ജൂണിൽ രാജ്യാന്തര ടൂർണമെന്റുകളിൽ പങ്കെടുത്ത് ഗോൾഡ് മെഡല്‍‌ നേടിയിട്ടുണ്ട്. ഒരു മിനിറ്റിൽ 75  ഒാട് കാലിൽ അടിച്ചു പൊട്ടിച്ചു റെക്കോർഡിട്ടു. ഈ രംഗത്തു മികവു േനടാന്‍ ശ്രമിക്കുന്നുണ്ട്. അതിനു േവണ്ടി പണം ചെലവാക്കാനും മടിയില്ല.

ആ തിരുത്തല്‍

കല്യാണി: ഞാൻ ചെയ്തൊരു തെറ്റ് അച്ഛൻ‌ തിരുത്തിയത് ഇന്നും ഒാർമയുണ്ട്. പതിനെട്ടു വയസ്സ് ആകുന്നതിനു മുൻപ് ഞാൻ ഫെയ്സ്ബുക്കിൽ അക്കൗണ്ട് എടുത്തു. അത് അമ്മയറിഞ്ഞു, അച്ഛനെയും അറിയിച്ചു.

ശ്രീജിത് െഎപിഎസ്: ഒരു ദിവസം  ഒാടി കിതച്ചു വന്ന് ഭാര്യ പറഞ്ഞു‌, ‘‘മോൾ ഫെയ്സ്ബുക്  പ്രൊഫൈൽ ഉണ്ടാക്കി. പ്രായപൂർ‌ത്തിയാകാതെ എടുക്കുന്നത് അപകടമാണ്. അവളെ പറഞ്ഞു മനസ്സിലാക്കണം.’’

ഞാൻ കല്യാണിയെ വിളിച്ചു സംസാരിച്ചു– പ്രായപൂർത്തിയെന്നാൽ ഒരാളുടെ തലച്ചോറിന്റെ വളർച്ച പൂർത്തിയാവുന്നതു കൂടിയാണ്. തെറ്റും ശരിയും സ്വയം തിരിച്ചറിഞ്ഞു  തീരുമാനങ്ങളെടുക്കാനുള്ള കഴിവ് അപ്പോഴേ കിട്ടുകയുള്ളൂ. അതുകൊണ്ടാണു സോഷ്യൽമീഡിയയിൽ പതിനെട്ടു വയസ്സിനു ശേഷമേ അക്കൗണ്ട് എടുക്കാവൂ എന്നു പറഞ്ഞത്. പിന്നെ, നീ  ഉപയോഗിക്കുന്ന ഇന്റർനെറ്റ് എന്റെ പേരിലാണ്. ഞാനൊരു പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണ്. നീ എന്തെങ്കിലും തെറ്റു ചെയ്താൽ ഞാൻ കൂടിയാകും ഉത്തരവാദി.

കല്യാണി: ഞാനതിനെ പൊസിറ്റീവ് ആയാണ് എടുത്തത്. അതോടെ സൈബർ സെക്യൂരിറ്റി പഠിക്കാൻ തുടങ്ങി. കൂട്ടുകാരുടെ സൈബർ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മാത്രം ഒതുങ്ങിയില്ല, കേന്ദ്രീയവിദ്യാലയം സംഘടിപ്പിച്ച രാജ്യാന്തര എക്സിബിഷനിൽ സൈബർ സുരക്ഷയെപ്പറ്റി പ്രബന്ധവും അവതരിപ്പിച്ചു.

ശ്രീജിത് െഎപിഎസ്: ചിലർ നടത്തത്തിനിടയിൽ വീഴും ആ വീഴ്ചയിൽ നിന്നു സ്വയം എഴുന്നേൽക്കാൻ പ്രാപ്തരാക്കുകയാണ് വേണ്ടത്.

കല്യാണി: പൊലീസിന്റെ മകൾ എന്ന വിലാസം മുൻഗണനയ്ക്കായി ഒരിടത്തും ഉപയോഗിച്ചിട്ടില്ല. പ്രതിസന്ധി കൈകാര്യം ചെയ്യാൻ പറ്റുമെങ്കിൽ അതിന്റെ ആവശ്യമുണ്ടോ? ഒരിക്കൽ എന്റെ ബുള്ളറ്റിൽ ഒാട്ടോ വന്നിടിച്ചു. എനിക്കൊന്നും പറ്റിയില്ല. പക്ഷേ, ഡ്രൈവർ എന്റെ വണ്ടി നന്നാക്കി തരില്ലെന്നു തീർത്തു പറഞ്ഞു, തർക്കമായി. പൊലീസ് വന്നപ്പോഴാണ് എന്നെ മനസ്സിലായത്. അതുവരെ ഞാൻ ആരാണെന്നു പറയണമെന്നു തോന്നിയിട്ടില്ല.

ഇപ്പോഴും രണ്ടു നീതി

ശ്രീജിത് െഎപിഎസ്: ഇപ്പോഴും വീടുകളിൽ ആൺകുട്ടിക്കും പെൺകുട്ടിക്കും രണ്ടു നീതിയാണ്. പെൺകുട്ടിയെ ആരുടെയെങ്കിലും കയ്യിൽ പിടിച്ചേൽപ്പിക്കുന്നതു വരെ സമാധാനമില്ലെന്നാണു പലരും പറയുന്നത്. ഇത്രയും കാലം ഞാൻ നോക്കി, ഇനി നീ നോക്കണം, അല്ലാതെ അവർക്കു സ്വയം വളരാനുള്ള മണ്ണൊരുക്കുകയല്ല ചെയ്യുന്നത്. എന്തൊരു ചിന്താഗതിയാണിത്?

നമ്മുടെ നാടിന്റെ ഒരു ദയനീയ മുഖം പറയാം. ഉപരിപഠനത്തിനായി പോകുന്ന 70 ശതമാനം പെൺകുട്ടികളിൽ വെറും 23 ശതമാനം മാത്രമേ അവരുടെ പഠനത്തിന് അനുസരിച്ചുള്ള ജോലിയിലേക്ക് എത്തുന്നുള്ളൂ. അവരെ പഠിപ്പിക്കാൻ വീട്ടുകാർക്കു മാത്രമല്ല സർക്കാരിനും പണം ചെലവാകുന്നുണ്ട്. അതെല്ലാം നഷ്ടമാകുന്നു.

എന്തുകൊണ്ടാണു നമ്മുടെ സമൂഹത്തിന് ആ പെൺകുട്ടികളുടെ സേവനം ലഭിക്കാതെ പോകുന്നതെന്ന് ഒാർത്തിട്ടുണ്ടോ? പെൺകുട്ടി ആയാൽ ആരുടെയെങ്കിലും ക യ്യിൽ പിടിച്ചേൽപ്പിക്കണം എന്ന ആ ചിന്തയാണ്. അത് മാറിയേ തീരൂ. അവർ പറക്കട്ടെ...

Tags:
  • Mummy and Me