Tuesday 16 May 2023 04:50 PM IST

‘കുടുംബ ബജറ്റ് തയാറാക്കുമ്പോൾ കുട്ടികളെയും ഒപ്പം കൂട്ടാം; സാധനങ്ങൾ വാങ്ങാനും ശീലിപ്പിക്കാം’: പഠിപ്പിക്കാം സൂപ്പർ സ്കിൽസ്

Chaithra Lakshmi

Sub Editor

_DSC1053

ചെറിയ പ്രായം മുതലേ കുട്ടികളിൽ  പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവു വളർത്തിയെടുക്കണം. തീരെ ചെറിയ പ്രായത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ‘നമുക്ക് ഇങ്ങനെ ചെയ്താലോ’ എന്നു ചോദിച്ചു പരിഹാരത്തിലേക്കു വഴികാട്ടാം. ക്രമേണ സ്വയം പരിഹാരം കണ്ടെത്താൻ കുട്ടി പഠിക്കും.   

∙ സമയനിഷ്ഠ പാലിക്കുന്നതിനൊപ്പം സ്വയം കാര്യങ്ങൾ എങ്ങനെ ക്രമീകരിച്ചു ചെയ്യാം എന്നു പരിശീലിപ്പിക്കണം. 

∙ ആരോഗ്യകരമായ ബന്ധങ്ങൾ, സൗഹൃദങ്ങൾ ഇവ സൃഷ്ടിക്കാനും നിലനിർത്താനും കുട്ടികൾ പഠിക്കേണ്ടതുണ്ട്. തെറ്റായ ജീവിതരീതി പിന്തുടരുന്ന വ്യക്തികളെ സൗഹൃദവലയത്തിൽ നിന്ന് ഒഴിവാക്കാൻ ഇതു സഹായകരമാകും. 

ചില വ്യക്തികളുമായി കൂട്ടുകൂടരുതെന്നു മാതാപിതാക്കൾ പറയുന്നതു വിപരീതഫലമുണ്ടാക്കാം. ശരിയേത്, തെറ്റേത് എന്നു തിരിച്ചറിയാനുള്ള കഴിവു കുട്ടികളിൽ വളർത്തുകയാണു വേണ്ടത്. അതിനു ചെറിയ പ്രായം മുതലേ മൂല്യങ്ങളെയും നല്ല ശീലങ്ങളെയും കുറിച്ച് അറിവ് നൽകാം. 

∙ വ്യക്തിയെന്ന നിലയിൽ പാലിക്കേണ്ട അതിർവരമ്പുകളെക്കുറിച്ചു പറഞ്ഞു നൽകാം. സ്വന്തം വ്യക്തിത്വത്തെ ബാധിക്കുന്ന രീതിയിൽ അതിർവരമ്പുകൾ ലംഘിക്കാൻ മറ്റുള്ളവരെ അനുവദിക്കരുതെന്നും പറഞ്ഞു നൽകണം.  

∙ കരിയറിന് പ്രാധാന്യം നൽകുമ്പോൾ  വോളന്ററി സ്കിൽസിനും പ്രാധാന്യമുണ്ട്. ഈ ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്ന ചിന്ത കുട്ടികളിൽ വളർത്തണം. 

സ്വന്തം കാര്യത്തിൽ മാത്രം കേന്ദ്രീകരിച്ചു വളരുന്ന അവസ്ഥ  ഒഴിവാക്കുന്നതിന് ഏതെങ്കിലും സംഘടനയുടെ ഭാഗമായി പ്രവർത്തിക്കാൻ അവസരമൊരുക്കുക. ഇതു വ്യക്തിത്വവികാസം മെച്ചപ്പെടുത്താനും കരിയറിനു ഗുണം ചെയ്യുന്ന പല കഴിവുകൾ വളർത്താനും ഗുണകരമാകും. സമൂഹവുമായി ഇടപഴകുന്നതിനുള്ള  നിപുണത വളർത്താനും കഴിയും.

സാമ്പത്തികരംഗവും യാത്രകളും

പണം എങ്ങനെ കൈകാര്യം ചെയ്യണം, സമ്പാദ്യം എങ്ങനെ വളർത്താം ഈ വിഷയങ്ങൾ പാഠപുസ്തകങ്ങളിലില്ല. വീട്ടിലെ അവസ്ഥയോ? പണമിടപാടുകൾ, കുടുംബ ബജറ്റ് തുടങ്ങിയ ചർച്ചകളിൽ നിന്നെല്ലാം കുട്ടികളെ ഒഴിവാക്കും. മുതിരുമ്പോൾ  ഇതെല്ലാം കുട്ടി  സ്വയം പഠിച്ചോളും എന്നാകും മുതിർന്നവരുടെ ധാരണ.  

കുട്ടിക്കാലത്തു തന്നെ  പണം കൈകാര്യം ചെയ്യുന്നതിലുള്ള  നിപുണത മെച്ചപ്പെടുത്തേണ്ടതു വളരെ പ്രധാനമാണ്. ജോലിയിൽ പ്രഫഷനൽ ആയവർ പോലും പേഴ്സണൽ ഫിനാൻസ് കൈകാര്യം ചെയ്യുന്നതിൽ പരാജയമാകുന്ന അവസ്ഥ ഒഴിവാക്കാൻ ഇതു സഹായിക്കും. 

∙ ചെറിയ പ്രായത്തിലേ പിഗ്ഗി ബാങ്ക് വാങ്ങി നൽകുക. കിട്ടുന്ന േപാക്കറ്റ് മണി അതിലിട്ടാൽ ഇഷ്ടമുള്ള സാധനം വാങ്ങാനുള്ള പണം സമ്പാദിക്കാമെന്നു പഠിപ്പിക്കാം. 

∙ ഷോപ്പിൽ േപായി സാധനങ്ങൾ വാങ്ങാനും പണമിടപാടു നടത്താനും കുട്ടിയെ ശീലിപ്പിക്കാം. 

∙ കുടുംബ ബജറ്റ് തയാറാക്കുമ്പോൾ കുട്ടികളെയും ഒപ്പം കൂട്ടാം. നിശ്ചിത തുക െകാണ്ടു ഫലപ്രദമായി എങ്ങനെ വീട്ടുകാര്യങ്ങൾ നടത്താമെന്ന് അവർ പഠിക്കട്ടെ.

∙സമ്പാദ്യം എങ്ങനെ വളർത്താം എന്നതിനെക്കുറിച്ചും മുതിർന്നവർ പറഞ്ഞു നൽകേണ്ടതുണ്ട്. ചെറിയ പ്രായത്തിൽ പത്തു രൂപ നിക്ഷേപിച്ചാൽ പോലും കാലമേറെ  ക ഴിയുമ്പോൾ കൂട്ടുപലിശയുടെ ഗുണം മൂലം  സമ്പത്തു വളരുമെന്നു കുട്ടിക്ക് അറിവു നൽകാം.  

 ∙കൗമാരപ്രായം കടക്കുമ്പോഴേക്കു കുട്ടികൾ തനിയെ യാത്ര ചെയ്യാൻ തുടങ്ങാം. 18 വയസ്സായാൽ ലൈസൻസെടുക്കുകയും വണ്ടി ഓടിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ  അപകടമുണ്ടാകുകയോ  പരിക്കേൽക്കുകയോ ചെയ്താൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകൾ കൂടി കുട്ടികളെ പരിശീലിപ്പിക്കണം. 

Tags:
  • Mummy and Me
  • Parenting Tips