അമ്മേ, ഇതു കണ്ടോ... വിഷ്ണുവിന്റെ പെൻസിൽ...’ അതെങ്ങനെയാ നിനക്കു കിട്ടിയത്? അമ്പരപ്പോടെ അമ്മ ചോദിച്ചു. ‘അവനറിയാതെ ഞാൻ അടിച്ചു മാറ്റിയതല്ലേ..’ വിജയിയെപ്പോലെ മകൻ അമ്മയുടെ മുമ്പിൽ നിന്നു. നിരുപദ്രവകരമെന്നു തോന്നുമെങ്കിലും കുട്ടികളിലെ ഇത്തരം സ്വഭാവം മാറ്റിയെടുക്കാനാവാത്ത മോഷണശീലമായി മാറാം. അൽപം ശ്രദ്ധ നൽകിയാൽ എളുപ്പത്തിൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ ഈ പ്രശ്നം. കുട്ടിയെ വഴികാട്ടാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ..
ചെറുപ്രായത്തിലേ നേർവഴി നടത്താം
മറ്റൊരു വീട്ടിലോ സ്കൂളിലോ കാണുന്ന എന്തെങ്കിലും സാധനങ്ങളോ കളിപ്പാട്ടങ്ങളോ ഇഷ്ടപ്പെട്ടാൽ അനുവാദം ചോദിക്കാതെ ചില കുട്ടികൾ സ്വന്തമാക്കാൻ ശ്രമിക്കും. വളരെ ചെറുപ്രായത്തിലുള്ള കുട്ടികൾക്കു കാണുന്നതെല്ലാം എന്റേത് എന്ന തോന്നലാകും ഉണ്ടാകുക. സ്വാഭാവികമായ ഈ പ്രവൃത്തിയെ മോഷണമായി കണക്കാക്കേണ്ടതില്ല. മറ്റൊരാളുടെ സാധനങ്ങൾ ചോദിക്കാതെ എടുക്കരുത് എന്ന് ആലോചിക്കാനും ചെറിയ കുഞ്ഞിനറിയില്ല. നാലു വയസ്സാകുമ്പോഴേ ഇത്തരം തിരിച്ചറിവുകൾ വന്നു തുടങ്ങൂ.
നാലു വയസ്സിനു ശേഷം കുഞ്ഞുങ്ങൾക്കു മൂല്യങ്ങളെക്കുറിച്ച് കൃത്യമായി പറഞ്ഞു കൊടുക്കണം. മറ്റൊരാളുടേത്, എന്റേത് എന്നൊന്നും പറഞ്ഞ് പഠിപ്പിച്ചാലും ചിലപ്പോൾ അതിലും ചെറിയ പ്രായത്തിൽ കുട്ടികൾക്കു വേർതിരിച്ചറിയാൻ കഴിയണമെന്നില്ല. മറ്റൊരാളോട് അനുവാദം ചോദിക്കാതെ അവരുടെ സാധനങ്ങൾ എടുക്കരുത്, വഴിയിലോ സ്കൂളിലോ എന്തെങ്കിലും കണ്ടാൽ ഇഷ്ടമുള്ളതാണെങ്കിലും എടുക്കരുത് തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞാലും മനസ്സിലാകണമെങ്കിൽ അഞ്ചോ ആറോ വയസ്സാകണം. ഒന്നാം ക്ലാസിലാകുമ്പോഴേക്കും കുഞ്ഞിനെ ഇത്തരം മൂല്യങ്ങൾ തീർച്ചയായും പഠിപ്പിച്ചിരിക്കണം.
ഇതെല്ലാം പറഞ്ഞു മനസ്സിലാക്കിയിട്ടും ആറോ ഏഴോ വയസ്സിനു ശേഷവും, കുഞ്ഞ് തന്റേതല്ലാത്ത സാധനങ്ങൾ സ്വന്തമാക്കാൻ ശ്രമിച്ചാൽ കാര്യം നിസ്സാരമല്ലെന്നു മനസ്സിലാക്കണം. മറ്റുള്ളവരുടെ കൈയിലുള്ള സാധനം കാണുമ്പോൾ അത് മറ്റൊരാളുടേതാണന്നു മനസ്സിലായിട്ടും അത് സ്വന്തമാക്കണമെന്നു കുട്ടിക്ക് ആഗ്രഹം തോന്നും. ഇതോടെ ആരും കാണാതെ അത് കൈക്കലാക്കും. ഈ ശീലം ഗൗരവത്തോടെയും അതീവശ്രദ്ധയോടെയും വേണം കൈകാര്യം ചെയ്യേണ്ടത്.
മോഷണം പലതരം
മോഷണ സ്വഭാവം രണ്ടു തരത്തിലുണ്ട്. അനുസരണക്കേട്, അസൂയ പോലെയുള്ള സ്വഭാവദൂഷ്യത്തിന്റെ ഭാഗമായും മറ്റുള്ളവരുടെ മുമ്പിൽ ആളാകാൻ വേണ്ടിയുമുള്ള മോഷണങ്ങളാണ് ആദ്യത്തേത്. അമ്മയ്ക്ക് സഹോദരനോടാണ് സ്നേഹം അല്ലെങ്കിൽ സഹോദരി പറഞ്ഞതെല്ലാം അച്ഛൻ വാങ്ങിക്കൊടുക്കുന്നു എന്നു കുട്ടിയിലുണ്ടാകുന്ന തോന്നലിൽ സഹോദരനോടോ സഹോദരിയോടോ അസൂയയും ദേഷ്യവും വൈരാഗ്യവും തോന്നാം. ആ വൈരാഗ്യം തീർക്കാൻ കുട്ടി കണ്ടെത്തുന്ന മാർഗമാകാം മോഷണം.
പരീക്ഷയടുക്കുമ്പോഴും മറ്റും സഹോദരന്റെ പെൻസിൽ ബോക്സോ പുസ്തകങ്ങളോ എടുത്ത് ഒളിപ്പിച്ചു വയ്ക്കും. അതിന്റെ പേരിൽ അവർ വിഷമിക്കുന്നതു കണ്ട് സന്തോഷിക്കുകയും ചെയ്യും. വൈരാഗ്യ ബുദ്ധിയുടെ പുറത്താണ് കുഞ്ഞ് അങ്ങനെ ചെയ്യുന്നത്. പൂർണമായി മോഷണം എന്നു പറയാനാവില്ലെങ്കിലും അതും ഈ വിഭാഗത്തിൽപ്പെടുത്താവുന്നതാണ്.
കഴിവ് തെളിയിക്കാനോ ഞാൻ മിടുക്കനാണെന്നു വരുത്താനോ വേണ്ടിയാകും ചില കുട്ടികൾ സാധനങ്ങൾ എടുക്കുന്നത്. നാലുപേരുടെ മുമ്പിൽ ആളാകുന്നതിൽ ആനന്ദം കണ്ടെത്തുന്നത് കുട്ടിയുടെ സ്വഭാവത്തിന്റെ ഭാഗമാകാം. മറ്റുള്ളവരുടെ സാധനം എടുത്ത ശേഷം വിജയിയുടെ മനോഭാവത്തോടെ ‘കണ്ടോ ഞാൻ ചെയ്തത്’ എന്നു പറഞ്ഞ് എല്ലാവരെയും അറിയിക്കുകയും ചെയ്യും ഇക്കൂട്ടർ. ശ്രദ്ധ കൊടുത്തും കൗൺസലിങ് നൽകിയും മാറ്റിയെടുക്കേണ്ട മാനസിക പ്രശ്നമാണു രണ്ടാമത്തെ വിഭാഗം.
ശാന്തസ്വഭാവക്കാരും നാണംകുണുങ്ങികളുമായ കുട്ടികളിലും ചിലപ്പോള്‍ മോഷണ പ്രവണത കാണാറുണ്ട്. ആ വസ്തുവിനോടുള്ള അതിയായ ആഗ്രഹവും അടുപ്പവും അവരെ അതിലേക്ക് ആകർഷിക്കും. അവരുടെ മോഷണരീതിയും ബഹളങ്ങളില്ലാത്തതാകും. ആരെയും അറിയിക്കാതെ അവരത് ഒളിപ്പിച്ചു വച്ചെന്നു വരാം.
സ്വന്തം വീട്ടിൽ തന്നെ മോഷണസ്വഭാവം കാണിക്കുന്ന കുട്ടികളുമുണ്ട്. കുട്ടികളിലെ മോഷണത്തിൽ പ്രധാനം പണം മോഷ്ടിക്കുന്നതാണ്. സ്കൂളിൽ പല സാമ്പത്തിക നിലവാരത്തിലുള്ള കുട്ടികളും ഉണ്ടാകും. സ്വന്തം വീട്ടിലെ സാമ്പത്തികാവസ്ഥയെക്കുറിച്ചു കുട്ടിക്ക് അറിവുണ്ടാകണം. കഷ്ടപ്പാടൊന്നും അറിയിക്കാതെ വളർത്തുന്ന മാതാപിതാക്കളാണ് കുട്ടിയിലെ മോഷണത്തിന് വളംവച്ചു കൊടുക്കുന്നത്.
ക്ലാസിലെ മറ്റു കുട്ടികള്‍ പോക്കറ്റ് മണി കൊണ്ടു വരുമ്പോൾ കൈയിൽ പൈസയില്ലാത്തത് അഭിമാനപ്രശ്നമായി തോന്നുമ്പോഴാകും കുട്ടി പണമെടുക്കാൻ നിർബന്ധിതനാകുന്നത്. ഇതു തെറ്റാണെന്നും ഇത്ര ചെറു പ്രായത്തിൽ പണം തനിക്ക് ആവശ്യമില്ലെന്നും ചിന്തിക്കാൻ കുട്ടിക്ക് കഴിയണമെന്നില്ല. കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയത്തിലെ കുറവാകാം കുഞ്ഞിനെ മോഷണത്തിലേക്കു നയിക്കാം.
ജോലിക്കാരായ മാതാപിതാക്കൾ മക്കളുടെ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെങ്കിൽ കുഞ്ഞ് അതൊരു അവസരമായെടുക്കും. ഇത്തരം മോഷണം ആദ്യമാദ്യം ശ്രദ്ധയിൽപ്പെട്ടെന്നു വരില്ല. വലിയ തുകകൾ കാണാതാകുമ്പോഴാകും കുഞ്ഞിലെ മോഷണപ്രവണത തിരിച്ചറിയപ്പെടുന്നത്.
ശാന്തമായി പ്രതികരിക്കുക
മോഷണശീലം പോലെയുള്ള സ്വഭാവദൂഷ്യങ്ങൾ കുട്ടിയിൽ കണ്ടാൽ ഉടനെ ബഹളമുണ്ടാക്കുകയോ കുട്ടിയെ ഉപദ്രവിക്കുകയോ ചെയ്യരുത്. ആരോഗ്യകരമായി വേണം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ. മാതാപിതാക്കൾക്കു മാറ്റിയെടുക്കാവുന്നതേയുള്ളൂ. കുട്ടിക്ക് മാനസികമായി വിഷമവും കുറ്റബോധവും തോന്നാത്ത രീതിയിൽ കാര്യങ്ങൾ പറയണം. അതേസമയം, കാര്യത്തിന്റെ ഗൗരവം കുട്ടിക്ക് മനസ്സിലാകുകയും വേണം. കുട്ടിക്കു പറയാനുള്ളതു കൂടി കേൾക്കാനുള്ള ക്ഷമ മുതിർന്നവർ കാണിക്കണം.
സമാധാനപരമായി, കുട്ടികളുടെ വൈകാരികതലത്തില്‍ നിന്നു വേണം സംസാരിക്കാൻ. ഇനി ഇങ്ങനെ ചെയ്യരുത്, മറ്റൊരാളുടെ സാധനം എടുക്കുന്നത് ശരിയല്ല എന്ന് കുട്ടിയെ ശാന്തമായി പറഞ്ഞു മനസ്സിലാക്കണം. മൂല്യബോധം വളർത്താൻ സഹായിക്കുന്ന കഥകൾ പറയാം. കുറച്ചു കൂടി മുതിർന്ന കുട്ടികളാണെങ്കിൽ അനുഭവ കഥകൾ ഉദാഹരണമായി പറഞ്ഞ് അവരെ യാഥാർഥ്യത്തിലേക്കു കൊണ്ടുവരാം.
മോഷ്ടിച്ചെടുത്ത സാധനം കുട്ടിക്ക് ഉപയോഗിക്കാൻ നൽകരുത്. പറ്റുമെങ്കിൽ അതിന്റെ യഥാർഥ ഉടമസ്ഥനെ തിരിച്ചേൽപ്പിക്കാനും പറയാം. അച്ഛനോ അമ്മയോ അല്ലെങ്കിൽ കുട്ടിയുടെ മേൽ ഉത്തരവാദിത്തമുള്ള അടുത്ത വ്യക്തിയായ അധ്യാപികയോ വേണം കുട്ടിയെ അരികിൽ വിളിച്ചിരുത്തി സംസാരിക്കേണ്ടത്. എങ്കിലേ കുട്ടിക്ക് ഗൗരവം തോന്നൂ.
മോഷണസ്വഭാവം കണ്ടുപിടിക്കപ്പെട്ടാൽ അതിന്റെ പേരിൽ കുട്ടിയെ കുത്തിനോവിക്കുകയോ കളിയാക്കുകയോ ചെയ്യരുത്. ഇക്കാര്യം ഓർമിപ്പിക്കുന്നത് കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കും. താൻ മോശക്കാരനാണെന്ന അപകർഷതാബോധം കുട്ടിക്കാലത്തേ മനസ്സിൽ കയറിക്കൂടി പിന്നീടത് മറ്റു മാനസിക പ്രശ്നങ്ങൾക്ക് കാരണമാകാം. അതുകൊണ്ട് കുട്ടി ആ സ്വഭാവം ആവർത്തിക്കില്ലെന്ന് ബോധ്യപ്പെട്ടാൽ സംഭവം ചവറ്റു കുട്ടയിലിട്ടോളൂ. അവനെ പഴയ പോലെ സ്നേഹിക്കുന്നുണ്ടെന്നു ബോധ്യപ്പെടുത്തുകയും വേണം. തെറ്റു തിരുത്തിയതിന് കുഞ്ഞിനെ അഭിനന്ദിക്കുന്നതും പ്രധാനമാണ്.
കുട്ടികളെ ഉപദേശിക്കുന്ന മാതാപിതാക്കൾ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നില്ലെന്ന് ആദ്യം ഉറപ്പാക്കണം. അവർ കാൺകെ മുതിർന്നവർ മോഷ്ടിച്ചാൽ കുട്ടികൾ ഉപദേശങ്ങൾക്ക് വില കൽപിക്കില്ല. അച്ഛന് അങ്ങനെ ചെയ്യാമെങ്കിൽ പിന്നെ എനിക്ക് ചെയ്തു കൂടെ എന്നു ചിന്തിക്കും കുട്ടി.
ഒന്നിലേറെ തവണ തിരുത്തിയിട്ടും കുഞ്ഞിൽ മാറ്റമുണ്ടാകുന്നില്ലെങ്കിൽ അത് സ്വഭാവവൈകല്യമായി കാണണം. മടിച്ചു നിൽക്കാതെ നല്ലൊരു സൈക്കോളജിസ്റ്റിന്റെ സഹായം തേടാം. ഡോക്ടറുടെ അടുക്കൽ ചെല്ലുന്നത് മോശമല്ലേ എന്നു കരുതി പരിഹാരം തേടാതിരുന്നാൽ കുഞ്ഞിന്റെ ഭാവി തകരാറിലാകുമെന്നോർമിക്കുക.
ഡോ. മിനി. കെ. പോൾ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, ചൈൽഡ് ഡവലപ്മെന്റ് സെന്റർ, തിരുവനന്തപുരം