Wednesday 08 April 2020 12:15 PM IST

കുട്ടികളുടെ മൊബൈൽ അഡിക്ഷൻ മാറ്റി സമയം പൊസിറ്റീവ് ആയി ചിലവഴിക്കാൻ എട്ടു വഴികൾ!

Sreerekha

Senior Sub Editor

mobile

ലോക്ഡൗൺ അവധിക്കാലമായി മാറിയതോടെ കുട്ടികളുടെ മൊബൈൽ ഫോൺ അഡിക്ഷനാണ് അച്ഛനമ്മമാരെ ടെൻഷനടിപ്പിക്കുന്നത്. മുഴുവൻ സമയവും മൊബൈൽ സ് ക്രീനിലേക്കു നോക്കിയിരിക്കുന്നത് സമയം പാഴാക്കുമെന്ന് മാത്രമല്ല, കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. വെറുതെ കുട്ടികളെ വഴക്കു പറഞ്ഞിട്ട് കാര്യമില്ല. അത് അച്ഛനമ്മമാരും കുട്ടികളും തമ്മിലൊരു ഗ്യാപ്പ് ഉണ്ടാക്കുകയേയുള്ളൂ. മൊബൈൽ ഗെയിമിനേക്കാൾ എക്സ്സൈറ്റ്മെന്റും സന്തോഷവും തരുന്ന കാര്യങ്ങളിലേക്ക് കുട്ടികളെ കൊണ്ടു വരണം. അതിനായി അച്ഛനും അമ്മയും കുട്ടികളെ നിരന്തരം കുറ്റപ്പെടുത്താതെ സ്വന്തം ശീലങ്ങളിലും ചില തിരുത്തലുകൾ കൊണ്ടുവരണം. ബോധ പൂർവം ചില കാര്യങ്ങൾ ചെയ്യണം.

1. വീട്ടിലും വേണം കൃത്യമായൊരു ഷെഡ്യൂൾ. അവധിയാണെന്ന് കരുതി വളരെ വൈകി എണീക്കുന്നത് ശീലമാക്കേണ്ട. രാവിലെ ഏഴുമണിക്കു തന്നെ ഉണരുന്നത് പ്രാവർത്തികമാക്കുക. കുട്ടികൾക്കും ഉണരാൻ കൃത്യമായ സമയം നിശ്ചയിക്കാം. പതിവിനു വിപരീതമായി ഏറെ നേരം കിടന്നുറങ്ങുന്നത് ശരീരത്തിന്റെ ബയോളിക്കൽ ക്ലോക്കിന്റെ പ്രവർത്തനം തകിടം മറിക്കും. ടെൻഷനുണ്ടാക്കും.

2. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ഈ സമയം പ്രയോജനപ്പെടുത്താം. വീട്ടിലെ പഴയ ആൽബവും മറ്റും കുട്ടികളെ കാണിക്കാം. മാതാപിതാക്കളുടെ കല്യാണ ആൽബം, കുട്ടികളുടെ പഴയ ഫോട്ടോസ്, അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പഴയ കാല ചിത്രങ്ങൾ ഇവയെല്ലാം കുട്ടികളെ കാണിച്ചു നോക്കൂ. അന്നത്തെ കഥകളും പറഞ്ഞു കൊടുക്കാം. പഴയ വീഡിയോസ് ഒക്കെ കുട്ടികളുടെ കൂടെയിരുന്ന് കാണുന്നത് രസകരമാകും.

3. പബ്ജി പോലുള്ള ഗെയിമുകളോടാവും കുട്ടികൾക്കു പ്രിയം. അതിലും രസകരമായ, മാതാപിതാക്കൾ അവരുടെ കുട്ടിക്കാലത്ത് കളിച്ചിരുന്ന കളികൾ കുട്ടികളെ പഠിപ്പിച്ചു നോക്കൂ. കല്ലുകളി, ഈർക്കിൽ കളി, ഗോലി കളി, സാറ്റ്, അക്ക് തുടങ്ങിയ കളികളൊക്കെ കുട്ടികളുടെ ഒപ്പം വീണ്ടും കളിക്കാൻ കൂടാം. ഈർക്കിൽ കളി, കല്ലുകളി തുടങ്ങിയവ കൊച്ചു കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിനും സഹായകരമാണ്. അങ്ങനെ കളിക്കാൻ സമയം ഉണ്ടാക്കാൻ പാകത്തിന് അച്ഛനമ്മമാർ അവരുടെ വീട്ടിലെ ജോലികൾ ക്രമീകരിക്കണം. കുട്ടികൾ ഉണരും മുൻപേ വീട്ടുജോലികൾ കുറേയൊക്കെ ചെയ്തു തീർക്കാം.

4. അമ്മമാർക്ക് തയ്യൽ പോലുള്ള ക്രാഫ്റ്റുകളിൽ പാടവം ഉണ്ടെങ്കിൽ അത് കുട്ടികളെ പഠിപ്പിക്കാൻ പറ്റിയ സമയം ആണിത്. ഗ്ലാസ് പെയിന്റിങ് പോലുള്ള ഹോബികൾ ചെയ്യുന്നവർക്ക് അതും കുട്ടികളെ പഠിപ്പിക്കാം.

5. കുട്ടിക്കാലത്ത് നിങ്ങൾ രസകരമായി വായിച്ച പുസ്തകം അലമാരയിൽ സൂക്ഷിച്ചിട്ടില്ലേ? അത് കുട്ടിക്കു വായിക്കാൻ കൊടുക്കാം. നിങ്ങളുടെ കുട്ടിക്കാലത്ത് ആസ്വദിച്ച സിനിമകൾ, പാട്ടുകൾ അതെല്ലാം കുട്ടികൾക്ക് പരിചയപ്പെടുത്താം. ഒന്നിച്ചിരുന്ന് സിനിമകൾ കാണാം.

6. വീട്ടിലെ ചെറിയ ജോലികളിൽ കുട്ടികളെ കൂടി പങ്കാളികളാക്കുക. ക്ലീനിങ്, ചെടി നടൽ ഇങ്ങനെ പല ജോലികളിലും അവരെ കൂടി പങ്കെടുപ്പിക്കുക.

7. ദിവസം മുഴുവൻ വീട്ടിൽ തന്നെയാകുമ്പോൾ, മുഴുവൻ നേരവും റുട്ടീൻ ജോലികൾ മാത്രമായാൽ വേഗം ബോറടിക്കും. പുറത്തു പോകാതെ വീട്ടു ജോലികളിൽ മാത്രം മുഴുകുന്ന വീട്ടമ്മമാർക്കു ടെൻഷൻ വരുന്നതു സ്വാഭാവികം. ദിവസവും പുതുമയും എക്സൈറ്റ്മെന്റും തരുന്ന രണ്ട് ആക്ടിവിറ്റിയെങ്കിലും ചെയ്യാൻ വീട്ടമ്മമാർ ശ്രമിക്കുക. പുതിയൊരു റെസിപ്പി പരീക്ഷിക്കാം. മുറികൾ പുതിയ വിധത്തിൽ അലങ്കരിക്കാം. ഇഷ്ട സിനിമ കാണാം. ഇതിൽ കഴിയുമെങ്കിൽ കുട്ടികളെയും കൂടെ കൂട്ടാം.

8. വ്യായാമം ചെയ്യാൻ കുട്ടികളെയും ശീലിപ്പിക്കുക. വ്യായാമത്തിന്റെ ഗുണങ്ങളും അവർക്കു പറ‌ഞ്ഞു കൊടുക്കുക. വ്യായാമം ചെയ്യുന്നത് ശരീരത്തിനു മാത്രമല്ല മനസ്സിനും ഗുണകരമാണ്. വ്യായാമ സമയത്ത് ധാരാളം എൻഡോർഫിൻ ഹോർമോൺ ഉണ്ടാകുന്നുണ്ട്. കുട്ടികൾക്കായുള്ള വ്യായാമങ്ങൾ യൂ ട്യൂബിലെ വീഡിയോസും മറ്റും കണ്ട് ചെയ്യാൻ അവർക്കു ഗൈഡൻസ് കൊടുക്കുക.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. മായാ ബി. നായർ

കൺസൽട്ടന്റ് സൈക്കോളജിസ്റ്റ്,

ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റിവ് ഹോസ്പിറ്റൽ, കൊച്ചി.