മാതാപിതാക്കളെ ജോലികളിൽ സഹായിക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കണം. ഏതു ജോലികളാണു കുട്ടികൾ ചെയ്തു തുടങ്ങേണ്ടത് എന്നറിയാം
കുട്ടികൾ ജനനം മുതൽ വിദ്യാഭ്യാസ കാലഘട്ടം വരെ കൂടുതൽ സമയവും ചെലവഴിക്കുന്നതു മാതാപിതാക്കളോടൊപ്പമാണ്. അതുകൊണ്ടാണു മാതാപിതാക്കളെ കുട്ടികളുടെ പ്രഥമ അധ്യാപകർ എന്നു വിശേഷിപ്പിക്കുന്നത്. പലപ്പോഴും ജീവിത നൈപുണികൾ (life skills) പരിശീലിപ്പിക്കുന്നതിനോടൊപ്പം ഒരു വീട്ടിൽ കുട്ടിയുടെ പ്രായത്തിനനുസൃതമായ ജോലികൾ ചെയ്യുവാനും പരിശീലിപ്പിക്കണം. സർഗാത്മകതയും ആത്മവിശ്വാസവും വർധിപ്പിക്കാനും ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയായി മാറുവാനും അതിലുപരി കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുവാനും ഈ പരിശീലനത്തിലൂടെ സാധിക്കും. ലിംഗഭേദമെന്യേ കുട്ടികൾക്കു ചെയ്യാവുന്ന ജോലികൾ താഴെ കൊടുക്കുന്നു.
പ്രായത്തിനൊത്ത ജോലികൾ
∙ രണ്ടുമുതൽ മൂന്നു വയസ്സ് - കളിപ്പാട്ടങ്ങൾ, പുസ്തകം, മാസിക എന്നിവ അടുക്കുക. തുണികൾ ബാസ്ക്കറ്റിൽ ഇടുക. ∙ നാലു മുതൽ അഞ്ചു വയസ്സ് -ചെടികൾ നനയ്ക്കുക, ബെഡ് ഒരുക്കുക, ബാസ്‌ക്കറ്റിൽ നിന്നു വേസ്‌റ്റ് നീക്കുക, കളകൾ പറിക്കുക
∙ ആറു മുതൽ ഏഴു വയസ്സ് - തുണികൾ തരം തിരിക്കുക, നനഞ്ഞ തുണികൾ വിരിയ്ക്കുക, മുറികൾ അടിച്ചു വൃത്തിയാക്കുക, മേശ (Dining table) സെറ്റ് ചെയ്യുക- വൃത്തിയാക്കുക, സ്റ്റഡി ടേബിൾ അടുക്കി വയ്ക്കുക.
∙ എട്ടു മുതൽ ഒൻപതുവയസ്സ് - പച്ചക്കറികളുടെ തൊലി കളയുക, പലചരക്കു സാധനങ്ങൾ അടുക്കുക, ചെറിയ പലഹാരങ്ങൾ, ജൂസ് എന്നിവ ഉണ്ടാക്കുക, അടുപ്പ് ഉപയോഗിക്കാതെയുള്ള പാചകം -സാൻവിച്ച്, ടോസ്‌റ്റ് എന്നിവ.
വാഷിങ് മെഷീനിൽ തുണികൾ ഇടുകയും എടുക്കുകയും ചെയ്യുക, തറ തുടയ്ക്കുക, ബട്ടൻ തുന്നുക, സ്റ്റീൽ/പ്ലാസ്റ്റിക്ക് പാത്രങ്ങൾ കഴുകുക.
∙ പത്തു വയസ്സും അതിനു മുകളിലും- തുണികൾ അലക്കുക, മടക്കുക, ക്രമീകരിക്കുക, ശുചിമുറികൾ വൃത്തിയാക്കുക, വാഹനം, ചെരുപ്പ്, സ്കൂൾ ബാഗ്, പാത്രങ്ങൾ, ജനാലകൾ എന്നിവ കഴുകി വൃത്തിയാക്കുക. തുണികൾ തേക്കുക, ഇളയ സഹോദരങ്ങളെ നോക്കുക.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്
ജോലികൾ ഏതുമാകട്ടെ, പരിശീലിപ്പിക്കുവാൻ ആരംഭിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കുറേ പ്രധാന കാര്യങ്ങളുണ്ട്. കുട്ടികൾ ചെയ്യുന്ന ജോലിയുടെ പൂർണതയ്ക്ക് (Perfection) അധിക പ്രാധാന്യം കൊടുക്കരുത്. കുഞ്ഞുങ്ങൾ ഒന്നോ രണ്ടോ ജോലികൾ ചെയ്യുവാൻ ആരംഭിക്കുമ്പോൾ തന്നെ അവരെ അഭിനന്ദിച്ചു സംസാരിക്കുക. തുടർച്ചയായി ഒന്നോ രണ്ടോ ജോലികൾ ചെയ്യിപ്പിക്കുക, ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങള്‍ ഉണ്ടെങ്കിൽ അവരെ തമ്മിൽ താരതമ്യം ചെയ്യാതെ പ്രായത്തിനനുസരിച്ചുള്ള ജോലികൾ കൊടുക്കുക.“ കുട്ടി ചെറുതല്ലേ; ഇപ്പോഴേ വേണ്ട” എന്നു വിചാരിച്ചു ജോലി ചെയ്യിക്കാതെ മാറ്റി നിർത്തേണ്ടതില്ല. കൃത്യമായ നിർദേശങ്ങൾ നൽകി സമയബന്ധിതമായി പടിപടിയായി ജോലി ചെയ്യുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക.
ആൺ-പെൺ വ്യത്യാസമില്ലാതെ ജോലികൾ പരിശീലിപ്പിച്ചാൽ മുതിർന്നു കഴിയുമ്പോൾ ലിംഗപരമായ വ്യത്യാസങ്ങൾ (Gender Stereotypic roles) ഇല്ലാതെ സാഹചര്യത്തിനനുസൃതമായി കുടുംബാന്തരീക്ഷത്തിലോ സ്വതന്ത്രമായോ പെരുമാറാൻ കുട്ടികൾക്കു സാധിക്കും.കുട്ടികളിൽ നല്ലൊരു ജീവിതവീക്ഷണം വളർത്തിയെടുക്കാനുമാകും.
ഡോ. റ്റെസി ഗ്രെയ്സ് മാത്യൂസ്
ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ,
ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒാഫ്
ടെക്നോളജി ,
പാലക്കാട്
tessygrace544@gmail.com