Saturday 30 January 2021 01:18 PM IST

'സുഖപ്രസവം ആകണമെന്ന് ആശിച്ച് കുനിഞ്ഞു നിന്ന് മുറ്റംതൂക്കുകയും തറ തുടയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു'

Asha Thomas

Senior Sub Editor, Manorama Arogyam

saranya-mohan-new

കിലുക്കാംപെട്ടി പോലൊരു പെൺകുട്ടി. അതാണ്  നടി ശരണ്യ മോഹനെക്കുറിച്ചോർക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചിത്രം. മലയാളത്തിൽ മാത്രമല്ല തമിഴകത്ത് ഇളയദളപതി വിജയുടെ അനിയത്തിക്കുട്ടിയായും ധനുഷിന്റെ കുറുമ്പി കാമുകിയായുമൊക്കെ  ഈ ആലപ്പുഴക്കാരി തിളങ്ങി.  പ്രസരിപ്പും ഊർ‌ജവും നിറഞ്ഞുതുളുമ്പുന്ന ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിവാഹിതയായി,  രണ്ടു കുട്ടികളുടെ അമ്മയായി സിനിമയോട് താൽക്കാലികമായി വിടപറഞ്ഞെങ്കിലും മലയാളിക്ക് അവരിന്നും പ്രിയപ്പെട്ടവൾ തന്നെ. സോഷ്യൽ മീഡിയയിൽ ശരണ്യ പോസ്റ്റ് ചെയ്യുന്ന ഒാരോ ചിത്രത്തിനും കാഴ്ചക്കാരേറെയാണ്. എന്നാൽ, ആദ്യത്തെ പ്രസവശേഷം അൽപം  തടിച്ചൊരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ പരിഹാസവും കുത്തുവാക്കുകളും കേൾക്കേണ്ടിവന്നു ശരണ്യയ്ക്ക്.

വിമർശകരുടെയെല്ലാം വായടപ്പിക്കാൻ പോന്നതായിരുന്നു  പിന്നീട്  ശരണ്യ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ. പഴയതിലും മെലിഞ്ഞ്, ഊർജം വഴിയുന്ന ചിരിയോടെ, തുള്ളിത്തുളുമ്പുന്ന പ്രസരിപ്പോടെ കൗമാരക്കാരിയെന്നു തോന്നിപ്പിക്കുന്ന രൂപം. നാലും രണ്ടും വയസ്സുള്ള രണ്ടു കുട്ടികളുടെ അമ്മയാണെന്നു വിശ്വസിക്കാൻ പ്രയാസം....

74 കിലോയിൽ നിന്നും 51 കിലോയിലേക്കും അതിൽ നിന്നും 58 ലേക്കും വീണ്ടും 51ലേക്കുമുള്ള യാത്രകളെക്കുറിച്ചും  തടിയുടെ പേരിൽ കേട്ട വിമർശനങ്ങളെക്കുറിച്ചുമെല്ലാം  മനോരമ ആരോഗ്യത്തോട് തുറന്നു പറയുന്നു ശരണ്യ. അതിൽ പ്രസക്‌തമായ ചില ഭാഗങ്ങൾ വായിക്കാം....

ആരോഗ്യകരമായ ഭക്ഷണം അളവു കുറച്ച്...

പ്രസവം കഴിഞ്ഞു തടി വച്ചു എന്നു സങ്കടപ്പെടുന്ന സ്ത്രീകളോട് എനിക്കു പറയാനുള്ളത്, കുഞ്ഞിനെ കഴിയുന്നത്ര മുലയൂട്ടുക എന്നാണ്. അതു ശരീരം മെലിയാൻ സഹായിക്കും. ഞാൻ  മൂത്ത കുട്ടിക്കു രണ്ടു വയസ്സുവരെ പാലു കൊടുത്തിരുന്നു.  മുലയൂട്ടൽ കഴിഞ്ഞ്  പഴയതുപോലെ മിതമായ ഭക്ഷണരീതിയിലേക്കു മാറി. ഡാൻസ് പ്രാക്ടീസും പഠിപ്പിക്കലും കൂടി ആരംഭിച്ചതോടെ 74 കിലോയിൽ നിന്നും 50–51 കിലോ വരെയെത്തി. അപ്പോഴാണ് രണ്ടാമത് ഗർഭിണിയാകുന്നത്.

ആദ്യഗർഭകാലത്തു മനസ്സിലാക്കിയ ചില കാര്യങ്ങൾ രണ്ടാമത്തെ ഗർഭകാലത്ത് ഉപകാരപ്പെട്ടു. പ്രത്യേകിച്ച് ഭക്ഷണകാര്യത്തിൽ.   ഇഷ്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കുമായിരുന്നു. പക്ഷേ, അളവു ശ്രദ്ധിച്ചു. ചില ഭക്ഷണങ്ങൾക്കു പകരം  കുറച്ചുകൂടി ആരോഗ്യകരമായവ ഉൾപ്പെടുത്തി. ഉദാഹരണത്തിന് ആദ്യ ഗർഭകാലത്ത്  വിശക്കുമ്പോൾ  ചോറോ ഇഡ്‌ലിയോ ദോശയോ ഒക്കെയാണ് കഴിച്ചിരുന്നത്. രണ്ടാമത് ഗർഭിണി ആയപ്പോൾ വിശപ്പു താരതമ്യേന കുറവായിരുന്നു. വിശപ്പു തോന്നിയാൽ തന്നെ ഫ്രൂട്സ് കഴിക്കും, അല്ലെങ്കിൽ ഒാട്സ്.. രണ്ടുനേരം ചോറുണ്ണുന്നതിനു പകരം ഒരുനേരം ചപ്പാത്തിയോ ഒാട്സോ കഴിച്ചു.  ചിലപ്പോൾ ഒരു ചപ്പാത്തിയും അൽപം ചോറും കറികളുമൊക്കെയായി കഴിച്ചു. അതാവുമ്പോൾ  വിശന്നിരിക്കുകയുമില്ല, എന്നാൽ അമിതമായി തടിക്കുകയുമില്ല.

പ്രസവത്തിന്റെ തലേന്നുവരെ കുട്ടികളെ ഡാൻസ് പഠിപ്പിച്ചിരുന്നു. സ്െറ്റപ്പുകളൊക്കെ കാണിച്ചുകൊടുത്തു ചെയ്യിപ്പിക്കും.  എപ്പോഴും  എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നയാളാണ് ഞാൻ. പാചകവും വീട്ടിലെ ചെറിയ ജോലികളൊക്കെ ഞാനും ചേട്ടന്റെ അമ്മയും കൂടിയാണ് ചെയ്യുക.  ആദ്യത്തെ ഗർഭസമയത്ത് സുഖപ്രസവം ആകണമെന്നു കരുതി കുനിഞ്ഞുനിന്നു മുറ്റം തൂക്കുകയും തറ തുടയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു.  എന്നിട്ടും  സിസേറിയനായി. അതുകൊണ്ട് രണ്ടാമത്തേ സമയത്ത് അത്തരം സാഹസത്തിനൊന്നും പോയില്ല. അതും സിസേറിയനായിരുന്നു.

യോഗയും നൃത്തവും

പ്രസവം കഴിഞ്ഞപ്പോൾ 58 കിലോയായിരുന്നു ശരീരഭാരം.  സിസേറിയനായിരുന്നതുകൊണ്ട് ആറുമാസം ഒന്നും ചെയ്തില്ല.  മെല്ലെ യോഗാസനങ്ങൾ ചെയ്തുതുടങ്ങി. ഏട്ടനെയും എന്നെയും ഒരു യോഗാ ട്രെയിനർ വീട്ടിൽ വന്നു  പഠിപ്പിച്ചിരുന്നു. അതുകൊണ്ട് ആസനങ്ങളൊക്കെ അറിയാം. പതുക്കെ നൃത്തചുവടുകളും വച്ചുതുടങ്ങി. ഭക്ഷണത്തിലുള്ള ശ്രദ്ധ കൂടിയായപ്പോഴേക്കും ഈസിയായി 51 കിലോയിലേക്കെത്തി.

വീട്ടിൽ നാട്യഭാരതി ഡാൻസ് സ്കൂൾ എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുന്നുണ്ട്. കോവിഡ് സമയത്ത് ക്ലാസ്സുകളൊക്കെ ഒാൺലൈനായിരുന്നു. ഇപ്പോൾ നിയന്ത്രണങ്ങളൊക്കെ മാറിയതോടെ സാമൂഹിക അകലമൊക്കെ പാലിച്ച് ക്ലാസ്സുകൾ എടുക്കുന്നുണ്ട്. നൃത്തം കൂടാതെ ഇടയ്ക്ക് യോഗ ചെയ്യും. ഇത് ഏകാഗ്രതയ്ക്കും ശരീരവഴക്കത്തിനും നല്ലതാണ്.

48 കിലോയിൽ നിന്ന് 74  കിലോയിലും രണ്ടു പ്രസവം കഴിഞ്ഞ് വീണ്ടും 51 കിലോയിലേക്കും ശരണ്യയെ എത്തിച്ച വ്യായാമ– ഭക്ഷണ രഹസ്യങ്ങൾ പൂർണമായി വായിക്കാൻ മനോരമ ആരോഗ്യം ജനുവരി ലക്കം കാണുക

Tags:
  • Manorama Arogyam
  • Health Tips
  • Celebrity Fitness