അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ബിഹാർ സ്വദേശി അസഫാക് ആലമിനെ പൊലീസ് ചോദ്യം ചെയ്യുന്നത് ഭോജ്പുരി ഭാഷയിൽ. ആലമിന്റെ മാതൃഭാഷയായ ഭോജ്പുരിയിൽ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. സംഭവത്തിൽ കുറ്റബോധമില്ലാത്ത മട്ടിൽ പെരുമാറുന്ന പ്രതി അന്വേഷണവുമായി സഹകരിക്കാതെ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു കുഴപ്പിക്കുകയാണ്. 2 ഡിവൈഎസ്പിമാരുടെ സാന്നിധ്യത്തിലാണു ചോദ്യം ചെയ്യൽ. പ്രതിക്കു മലയാളം അറിയില്ലെന്നു പറഞ്ഞതിനാൽ ഭോജ്പുരി അറിയാവുന്ന പൊലീസ് ഉദ്യോഗസ്ഥനെ ദ്വിഭാഷിയായി എത്തിക്കുകയായിരുന്നു.
കൊലപാതകത്തിനു ശേഷം പ്രതി ആലുവ മാർക്കറ്റിലെ വാട്ടർടാപ്പിൽ നിന്നു വെള്ളമെടുത്തു കൈകാലുകൾ കഴുകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. അതിനു ശേഷം പ്രതി ആരെയെങ്കിലും കണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നു. പ്രതിയുടെ പക്കലുള്ളത് ആധാർ കാർഡിന്റെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി മാത്രമാണ്. ഇത് ഒറിജിനലാണെന്നു പൊലീസ് ഉറപ്പിച്ചിട്ടില്ല. അസഫാക്കിന്റെ വിരലടയാളം ഉപയോഗിച്ചു നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ തിരഞ്ഞപ്പോഴാണ് ഉത്തർപ്രദേശിലെ ഗാസിപുരിൽ പോക്സോ കേസ് പ്രതിയായിരുന്നെന്ന വിവരം ലഭിച്ചത്.
കസ്റ്റഡി കാലാവധിക്കു മുൻപു തന്നെ അന്വേഷണ സംഘം ബിഹാറിൽ നിന്നുൾപ്പെടെ പ്രതിയുടെ പഴയകാല വിവരങ്ങൾ ശേഖരിക്കും. പൊലീസ് സ്റ്റേഷനിൽ കനത്ത സുരക്ഷയിലും നിരീക്ഷണത്തിലുമാണു പ്രതി. സെല്ലിനു മുന്നിൽ പ്രത്യേക പാറാവുകാരനെ നിയോഗിച്ചു. സ്റ്റേഷനിൽ എത്തുന്നവർക്ക് ഇൻഫർമേഷൻ സെന്റർ വഴി അകത്തേക്കു പ്രവേശിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. തിരിച്ചറിയൽ പരേഡ് കഴിഞ്ഞതിനാൽ ഇനി തെളിവെടുപ്പിനു കൊണ്ടുപോകുമ്പോൾ പ്രതിയുടെ മുഖം മറയ്ക്കില്ല. രാത്രി തെളിവെടുപ്പിനു അസഫാക്കിനെ പുറത്തു കൊണ്ടുപോകേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം.
പകൽ പ്രതിക്കു നേരെ ജനരോഷം ഉയരാൻ സാധ്യതയുള്ളതിനാൽ തെളിവെടുപ്പിനു കൊണ്ടുപോകുമ്പോൾ സുരക്ഷയ്ക്കായി 30 അംഗ സായുധ പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്ത അൻവർ സാദത്ത് എംഎൽഎ അവർക്കു സ്ഥലം വാങ്ങി വീടു വയ്ക്കാനുള്ള തുക കൂടി നൽകുന്ന കാര്യം പരിഗണിക്കണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബിഹാറിലെ കുടുംബത്തിൽ 9 സഹോദരങ്ങളിൽ മൂന്നാമനാണ് പ്രതി അസഫാക്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിനു ലഭിക്കും. അതു വിലയിരുത്തി പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർത്തേക്കും. കേരള ലീഗൽ സർവീസസ് അതോറിറ്റി മെംബർ സെക്രട്ടറി ജോഷി ജോൺ, സബ് ജഡ്ജ് രഞ്ജിത്ത് കൃഷ്ണൻ എന്നിവർ ഇന്നു 11നു കൊല്ലപ്പെട്ട കുഞ്ഞിന്റെ വീടു സന്ദർശിക്കും.
കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം
തിരുവനന്തപുരം∙ ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മാതാപിതാക്കളുടെ സംയുക്ത അക്കൗണ്ടിലേക്ക് ഈ തുക കൈമാറും.