മാനം കറുക്കുമ്പോൾ കൊല്ലം കൊറ്റങ്കര പഞ്ചായത്തിൽ അയ്യർ മുക്ക് പണയിൽ തെക്കേടത്തു വീട്ടിലെ ബിന്ദുവിന്റെ (49) മനവും കറക്കും. മഴ പെയ്യരുതേയെന്നു മനമുരുകി പ്രാർഥിക്കും. ചെറിയ മഴയിലും വെള്ളം കയറുന്ന ആ വീട്ടിൽ ഭിന്നശേഷിക്കാരനായ മകൻ രാജീവുമൊത്താണു താമസിക്കുന്നത്. കഴിഞ്ഞ മഴയിൽ വെള്ളം കയറിയപ്പോൾ ഇരുവരും ഉറങ്ങിയത് രണ്ടു കസേരയിൽ ഇരുന്ന്. ആ വീട്ടിൽ ആഡംബര വസ്തുവായുള്ളതു ടിവി മാത്രം. അതും മകന്റെ പേരിൽ ആരോ നൽകിയത്. അരമണിക്കൂർ മഴപെയ്താൽ വെള്ളം കയറുമെന്നു ബിന്ദു പറയുന്നു. തറനില പൊക്കി വീടുണ്ടാക്കിയാൽ വീട്ടിൽ വെള്ളം കയറില്ലെന്ന ഉറപ്പിൽ ബിന്ദുവിന് ഉറങ്ങാം.
ഭർത്താവ് രാജു ഒരു വർഷം മുൻപാണു മരിച്ചത്. അതുവരെയും മകനെ നോക്കുന്ന ഉത്തരവാദിത്തം രാജുവിനായിരുന്നു. ഇപ്പോൾ ബിന്ദു വീട്ടിലില്ലാത്തപ്പോൾ അയൽവാസിയായ രാജേശ്വരിയാണു രാജീവിന്റെ കാവൽക്കാരി. 25 വർഷം മുൻപു ബിന്ദുവിന്റെ പിതാവു ശിശുപാലൻ നിർമ്മിച്ചതാണ് ഇപ്പോഴത്തെ കൊച്ചുവീട്. വെള്ളം പിടിച്ച ഭിത്തി ഏതു സമയവും നിലപൊത്താവുന്ന അവസ്ഥയിലും. ബിന്ദുവിനു സ്വന്തമായി 7 സെന്റ് വസ്തുവുണ്ട്. വീടുവയ്ക്കാനുള്ള സഹായത്തിനായി ബിന്ദു നൽകിയ അപേക്ഷയിൽ കൊറ്റങ്കര പഞ്ചായത്ത് അധികൃതർ ഇനിയും തീരുമാനമെടുത്തിട്ടില്ല. മകനു കിട്ടുന്ന ക്ഷേമപെൻഷൻ തുകയായ 1600 രൂപയാണ് ഈ വീട്ടിലെ ഏക സ്ഥിരവരുമാനം.
കശുവണ്ടി ഫാക്ടറിയിലെ താൽക്കാലിക ജോലിയാണു മറ്റൊരാശ്വാസം. രോഗിയായ മകനുമായി ആശുപത്രികളിൽ കയറിയിറങ്ങുന്നതു കൊണ്ട് കശുവണ്ടി ഫാക്ടറിയിൽ സ്ഥിരമായി ജോലി ചെയ്യാനുമാകുന്നില്ല. മകനു മരുന്നിനായി പ്രതിമാസം 1000 രൂപ ചെലവാകും. രാജീവിന് 28 വയസ്സുണ്ട്. പത്താം ക്ലാസ് പാസായെങ്കിലും ജോലിയെടുക്കുവാനുള്ള ത്രാണി അവനില്ല. ബിന്ദു ജീവിക്കുന്നതു മകനുവേണ്ടിയും. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവനാരുണ്ടാകുമെന്ന ആധിയുണ്ട് ഈ അമ്മയ്ക്ക്. സുരക്ഷിതമായ ഒരിടത്തെത്താൻ അതിയായ മോഹവും. ബിന്ദുവിന്റെ ഫോൺ: 87142 83014