ADVERTISEMENT

ഒന്നര മാസമായി കടുവ ഭീതിയിൽ‌ തുടരുന്ന മാനന്തവാടി പനവല്ലി പ്രദേശത്തെ ആശങ്കയുടെ മുൾ‌മുനയിലാക്കി കടുവ വീടിനുള്ളിലേക്കും. ദമ്പതികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. പനവല്ലി പുഴക്കര ഊരിലെ കയമയുടെ വീടിനുള്ളിലേക്കാണു വ്യാഴം രാത്രി കടുവ ഓടിക്കയറിയത്. വളർത്തുപട്ടിയെ ഇരയാക്കാനായി ഓടിക്കുന്നതിനിടെയാണു കടുവ പുഴക്കര കോളനിയിൽ എത്തിയത്. കൺമുൻപിൽ അപ്രതീക്ഷിതമായി കടുവയെ കണ്ട വീട്ടുകാർ ഞെട്ടിവിറച്ചു. വീട്ടുകാര്‍ ഓടിമാറിയതിനാല്‍ വീട്ടിനകത്തേക്കു കയറിയ കടുവയ്ക്കു മുന്നില്‍പെട്ടില്ല. ഭാഗ്യം കൊണ്ട് ആളപായം ഉണ്ടായില്ലെങ്കിലും ഉൗര് നിവാസികൾ ഞെട്ടലിൽ നിന്ന് ഇനിയും മുക്തരായിട്ടില്ല. കടുവ നാട്ടിലിറങ്ങി ഭീതി വിതയ്ക്കുമ്പോഴും മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് ഇനിയും ലഭിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പ്രശ്നത്തിന്റെ ഗൗരവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഉടൻ ഉത്തരവുണ്ടാകുമെന്നും ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി എ.കെ. ശശീന്ദ്രൻ തന്നെ പറഞ്ഞിരുന്നു. 

നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോയൽ ദിവസങ്ങൾക്കു മുൻപ് തന്നെ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നു. എന്നിട്ടും കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ഉത്തരവ് കിട്ടിയിട്ടില്ല. മന്ത്രി പറഞ്ഞിട്ടും വെടിവയ്ക്കാൻ വനപാലകർ തയാറാകുന്നില്ലെന്നു കുറ്റപ്പെടുത്തി നാട്ടുകാർ കൂടി രംഗത്ത് വന്നതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രതിസന്ധിയിലാണ്.വ്യാഴം രാത്രി സ്ഥലത്തെത്തിയ വനപാലക സംഘത്തിനു നേരെ രൂക്ഷമായ ജനകീയ പ്രതിഷേധമാണ് ഉയർന്നത്. നാട്ടുകാർ വനപാലകരെ തടഞ്ഞുവച്ചു. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി ഇന്നലെ പുലർച്ചെ രണ്ടോടെയാണു രംഗം ശാന്തമാക്കിയത്. കടുവ ശല്യത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനാണു നാട്ടുകാരുടെ തീരുമാനം.

ADVERTISEMENT

ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ കയമ; നടുക്കം മാറാതെ വട്ടച്ചി

കൺമുൻപിലേക്കു കുതിച്ചെത്തിയ കടുവയുടെ ദൃശ്യം കയമയുടെ കണ്ണിൽ നിന്ന് ഇനിയും മായുന്നില്ല. പ്രദേശത്ത് നാളുകളായി കടുവയുടെ ശല്യമുണ്ടെങ്കിലും കടുവ തന്റെ വീടിനുള്ളിലെത്തുമെന്നു കയമ ഒരിക്കലും കരുതിയിരുന്നില്ല. വ്യാഴാഴ്ച രാത്രി അയലത്തെ ചിക്കു എന്ന പട്ടിയുടെ പിന്നാലെ കുതിച്ചെത്തിയ കടുവ വീടിനുള്ളിലേക്കു വെടിയുണ്ട കണക്ക് ചാടി കയറുകയായിരുന്നു. പട്ടിയുടെ പിന്നാലെ പാഞ്ഞ കടുവ വീടും കോളനിയും വിട്ടു പോയിട്ടും എന്താണു സംഭവിക്കുന്നതെന്നു തന്നെ ആർക്കും മനിസിലായില്ല. വീടിന്റെ പുറത്ത് നിൽക്കുകയായിരുന്നു കയമയും ഭാര്യ വട്ടച്ചിയും. നായയുടെയും കടുവയുടെയും പരക്കം പാച്ചിലിൽ കണ്ട വട്ടച്ചി നിലത്തു വീണുപോയി.

ADVERTISEMENT

ഭയന്ന് വിറച്ച മക്കൾ ചുമരിലൂടെ പിടിച്ച് മച്ചിനു മുകളിലേക്കു കയറി. വീടിന്റെ ഉമ്മറത്ത് കടുവ മാന്തിയ പാട് വ്യക്തമായി കാണാം. വീടിനകത്തു നിന്നും പട്ടിക്കു പിന്നാലെ തന്നെ കടുവ പുറത്തേക്ക് പാഞ്ഞതാണു വീട്ടുകാർക്ക് രക്ഷയായയത്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സതീഷ്, ദിലീപ്, ആതിര എന്നിവരും കടുവയെ വ്യക്തമായി കണ്ടു. കടുവയെ നേരിട്ടു കണ്ട് അയൽവാസികളും പേടിച്ചു വിറച്ചു. ബഹളം കേട്ട് പിഞ്ച് കുഞ്ഞുങ്ങൾ വാവിട്ട് കരഞ്ഞു. വിവരം അറിഞ്ഞ ഉടൻ പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന വനപാലകരും സ്ഥലത്തെത്തി. പേടി കൂടാതെ ഉറങ്ങാൻ സാധിക്കണമെങ്കിൽ കടുവയെ എങ്ങനെയെങ്കിലും നാട് കടത്തണമെന്നു കയമ പറയുന്നു.

പനവല്ലിയിലെ കടുവ ശല്യം; കോൺഗ്രസ്‌ സമരത്തിന് 

ADVERTISEMENT

ഏറെ നാളുകളായി തിരുനെല്ലി പഞ്ചായത്തിൽ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരം തേടി ശക്തമായ സമരത്തിനൊരുങ്ങി കോൺഗ്രസ്‌. പനവല്ലിക്കാർക്ക് അത്യാവശ്യ കാര്യത്തിനു പോലും വീട്ടിൽ നിന്നു പുറത്തു പോകാൻ പറ്റാത്ത അവസ്ഥയിൽ കഴിയവേയാണു വീടിന്റെ ഉള്ളിലേക്കു പോലും കടുവ എത്തുന്നത്.വനപാലകർ നോക്കുകുത്തികളായി. എംഎൽഎ മൗനം നടിക്കുകയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ ശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത സിപിഎം ഇപ്പോൾ മൗനത്തിലായതിൽ ദുരൂഹതയുണ്ട്. 

വീടിനു മുന്നിൽ കടുവയെ കണ്ടതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുന്ന പനവല്ലി പുഴക്കര കോഴനിയിലെ ദിലീപും ആതിരയും. വരും ദിവസങ്ങളിൽ ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കാനും കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ്‌ സതീശൻ പുളിമൂട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിഷാന്ത് ഉദ്ഘാടനം ചെയ്തു. ശശി തോൽപെട്ടി, ഷിനോജ് അണമല, റഷീദ് തൃശ്ശിലേരി, കെ.ജി. രാമകൃഷ്ണൻ, വാസന്തി ചെലൂർ, റീന ജോർജ്, കെ.ബി. വൈശാഖ്, സുശോഭ് ചെറുകുമ്പം എന്നിവർ പ്രസംഗിച്ചു.

ബിജെപിയുടെ ഫോറസ്റ്റ് ഓഫിസ് മാർച്ച് 25ന് 

രൂക്ഷമായ കടുവ ശല്യത്തിനു പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് 25ന് അപ്പപ്പാറ ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് ബിജെപി നേതാക്കൾ. കടുവ ശല്യം നേരിട്ടനുഭവിച്ച പനവല്ലിയിലെ വീടുകളിൽ നേതാക്കൾ സന്ദർശനം നടത്തി. ഏറെ നാളുകളായി തുടരുന്ന കടുവ ശല്യത്തിനു പരിഹാരം കാണാൻ അധികാരികൾക്കു സാധിക്കുന്നില്ല. കടുവകൾ വീടുകൾക്കുള്ളിൽ പോലും കയറുന്ന സാഹചര്യമാണു നിലവിലുള്ളത്. എത്രയും പെട്ടെന്നു കടുവ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ ഉപാധ്യക്ഷൻ കെ. മോഹൻദാസ്, ജില്ല സെക്രട്ടറി സി. അഖിൽ പ്രേം, മണ്ഡലം പ്രസിഡന്റ് മഹേഷ് വാളാട്, അഖിൽ കേളോത്ത്, ശ്രീജിത്ത് കണിയാരം, പി. ശശി എന്നിവർ പ്രദേശം സന്ദർശിച്ചു.

കൂട്ടിലും കാട്ടിലും കയറാതെ കടുവ 

കാട്ടിക്കുളം പനവല്ലിയെ ഭീതിയിലാക്കുന്ന കടുവയെ നിരീക്ഷിക്കാനായി വനപാലക സംഘം ഇതിനകം സ്ഥാപിച്ചത് 30 ക്യാമറകളാണ്. ദൃശ്യം ലഭിക്കാറുണ്ടെങ്കിലും പ്രദേശത്ത് സ്ഥാപിച്ച 3 കൂട്ടിലും കയറാനും കൂട്ടാക്കുന്നുമില്ല. അതിനിടെ കടുവയെ പിടികൂടുന്നതിന് സ്ഥാപിച്ച കൂട്ടിൽ ഇരയെ വച്ചില്ലെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധം ഉയർത്തി. കൂട് മാറ്റി സ്ഥാപിക്കാനായി ഇരയെ മാറ്റിയതാണെന്ന വിശദീകരണവുമായി വനപാലകരും രംഗത്തെത്തി. ആദണ്ടയിലെ കൂട് ഇന്നലെ കാളിന്ദി കോളനിക്ക് സമീപത്തേക്കു മാറ്റി സ്ഥാപിച്ചു. ഇന്നലെയും കടുവയ്ക്കായി പ്രദേശത്ത് തിരച്ചിൽ നടത്തി.

ADVERTISEMENT