ADVERTISEMENT

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സാഹായത്തിനായി വീടുകള്‍ കയറിയിറങ്ങി വാതിലില്‍ മുട്ടുന്ന വി‍ഡിയോ ദൃശ്യങ്ങള്‍ രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അര്‍ധനഗ്നയായ പതിനഞ്ചുകാരി മധ്യപ്രദേശിലെ നിരത്തിലൂടെ ഇഴഞ്ഞും നടന്നും പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അവള്‍ ഉടുതുണിക്കായി റോഡിനിരുവശത്തുമുള്ള എല്ലാ വാതിലുകളിലും മുട്ടി. 

രക്തമൊലിപ്പിച്ചും കരഞ്ഞുകലങ്ങി വീര്‍ത്ത കണ്ണുകളോടെയും അവള്‍ സഹായം ചോദിച്ചപ്പോള്‍ പലരും ആട്ടിപ്പായിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. ഒടുവില്‍ ഉജ്ജയിനിലെ ഒരു സന്യാസി സമൂഹമാണ് അവള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി സംരക്ഷിച്ചത്. ഉജ്ജയിനില്‍ നിന്നും 15 കിമീ അപ്പുറത്തുള്ള ബദ്നഗര്‍ റോഡിലെ ആശ്രമമാണ് അവള്‍ക്ക് സംരക്ഷണമേകിയത്. പെണ്‍കുട്ടി നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ADVERTISEMENT

‘‘രാവിലെ ഒമ്പതരയോടെ ആശ്രമത്തില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോഴാണ് ഗേറ്റിനടുത്ത് ഒരു പെണ്‍കുട്ടി അര്‍ധനഗ്നയായി നില്‍ക്കുന്നത് കണ്ടത്. ശരീരത്തിലൂടെ രക്തമൊലിച്ചിറങ്ങുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകള്‍ വീര്‍ത്ത് തടിച്ചിരുന്നു. സംസാരിക്കാനോ ഒന്നു മിണ്ടാനോ പോലും പറ്റുന്ന അവസ്ഥയിലായിരുന്നില്ല, ഉടനെ ഞാന്‍ പൊലീസിനെ വിളിച്ചു. 20 മിനിറ്റിനുള്ളില്‍ മഹാകല്‍ പൊലീസ് ആശ്രമത്തിലെത്തി, സ്വന്തം പേരു പറയാനോ, കുടുംബത്തെക്കുറിച്ചുള്ള വിവരം നല്‍കാനോ ഒന്നും അവള്‍ക്ക് കഴിഞ്ഞില്ല, ആകെ ഭീതിയായിരുന്നു കണ്ണുകളിലും മുഖത്തും. ആരെങ്കിലും അടുത്തേക്ക് വരുമെന്ന് പേടിച്ച് എന്റെ പിന്നിലൊളിക്കാന്‍ അവള്‍ ശ്രമിച്ചു.’’- പെണ്‍കുട്ടിയെ കാണാനിടയായ സംഭവവും അവളുടെ അതിഭീകരമായ അവസ്ഥയും ഒരു ദേശീയ മാധ്യമത്തോട് ആശ്രമത്തിലെ സന്യാസി രാഹുല്‍ശര്‍മ വിശദീകരിച്ചു.

മധ്യപ്രദേശിനെയാകെ പിടിച്ചുകുലുക്കിയ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചു. പോക്സോ കേസുള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആഭ്യന്തരമന്ത്രി നരോത്തം ശര്‍മ അറിയിച്ചു.

ADVERTISEMENT

കടപ്പാട്: എന്‍ഡിടിവി

 

ADVERTISEMENT
ADVERTISEMENT