ADVERTISEMENT

കുറ്റിപ്പുറം പേരശ്ശനൂർ സ്കൂളിൽ സംഭവിച്ചത് അധ്യാപകരുടെ മനോവീര്യം കെടുത്തുന്ന സംഭവമാണെന്ന് ഹയർ സെക്കൻഡറി റീജനൽ ഡപ്യൂട്ടി ഡയറക്ടർ ഡോ. പി.എം. അനിൽ. സ്കൂളിലെ അധ്യാപകനെ പ്ലസ്‌വൺ വിദ്യാർഥി ആക്രമിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടിയ സാഹചര്യത്തിൽ സ്കൂളിൽ തെളിവെടുപ്പിനായി എത്തിയതായിരുന്നു അദ്ദേഹം. ജോലിസ്ഥലത്ത് അധ്യാപകരുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയാണ്. അത് ഉറപ്പാക്കാനുള്ള സംവിധാനമുണ്ടാകും. 

അധ്യാപകർക്ക് അരക്ഷിതാവസ്ഥ ഉണ്ടായാൽ അത് കുട്ടികളുടെ പഠന നിലവാരത്തെ അടക്കം ബാധിക്കും. പേരശ്ശനൂർ സ്കൂളിൽ നടന്നത് ഒറ്റപ്പെട്ട സംഭവമാണ്. അധ്യാപകരും വിദ്യാർഥികളും തമ്മിൽ ഊഷ്മളമായ ബന്ധമുണ്ടാക്കാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ വകുപ്പ് മുൻകൈ എടുക്കും. അതത് സ്കൂളുകൾക്കും പിടിഎ അടക്കമുള്ളവർക്കും ഇതിന്റെ ഉത്തരവാദിത്തമുണ്ട്. 

ADVERTISEMENT

കുട്ടികളുടെ മാനസികാവസ്ഥയിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നും അതുകൊണ്ട് കൗൺസിലർമാരുടെ അടക്കം സേവനം ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലെത്തിയ സംഘം അക്രമം നടത്തിയ കുട്ടിയുടെ ക്ലാസ് ടീച്ചർ മറ്റു അധ്യാപകർ, പ്രിൻസിപ്പൽ, സംഭവസ്ഥലത്തുണ്ടായിരുന്ന അധ്യാപകർ, പിടിഎ പ്രസിഡന്റ്, പ്രിൻസിപ്പൽ, കലോത്സവ പരിശീലനം നടത്തിയിരുന്ന വിദ്യാർഥികൾ തുടങ്ങിയവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇതിനുശേഷം സംഘം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അധ്യാപകനെ സന്ദർശിച്ചു മൊഴി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ഇന്ന് ഡിജിഇക്ക് സമർപ്പിക്കും. 

27ന് വൈകിട്ട് നാലിനാണ് പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി അധ്യാപകനായ സജീഷിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചത്. സബ്ജില്ലാ കലോത്സവത്തിനുള്ള പരിശീലനം നടക്കുന്ന ക്ലാസ്മുറികളിൽ കറങ്ങിനടന്ന വിദ്യാർഥികളെ അധ്യാപകൻ ശകാരിച്ചിരുന്നു. അധ്യാപകനോട് തിരിച്ച് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് പ്രിൻസിപ്പലിന്റെ മുന്നിലെത്തിച്ചപ്പോഴാണ് വിദ്യാർഥി ആക്രമിച്ചത്. മർദനത്തിൽ അധ്യാപകന്റെ കൈയ്ക്കും വയറിനും പരുക്കേറ്റിരുന്നു. വിദ്യാർഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT