ADVERTISEMENT

‘പ്രിയ സുഹൃത്തേ, ആദ്യമായി ഞാൻ താങ്കളോടു ക്ഷമ ചോദിക്കുന്നു. ഈ പഴ്സ് എനിക്കു പിസ ഹട്ടിനു സമീപമായാണു കണ്ടുകിട്ടിയത്. ഇതിൽ ഉണ്ടായിരുന്ന പൈസ ഞാൻ എടുക്കുന്നു. കിട്ടുമ്പോൾ ഞാൻ ഈ അഡ്രസിൽ തിരിച്ച് അയച്ചുതരാം. എന്ന്, അജ്ഞാതൻ...’- ടൂറിസം വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടർ അശ്വിൻ പി. കുമാറിന് ഇന്നലെ വൈകിട്ട് ഓഫിസിൽ നിന്നു മടങ്ങിയെത്തിയപ്പോൾ കിട്ടിയ തപാലിൽ ആണ് ഈ കുറിപ്പുണ്ടായിരുന്നത്. 

ഒരു പഴ്സിനുള്ളിലുണ്ടായിരുന്ന മുഴുവൻ രേഖകളും നഷ്ടപ്പെട്ടെന്നു കരുതി ടെൻഷനടിച്ചിരിക്കുമ്പോഴാണ് ആ രേഖകളും പഴ്സും ഉൾപ്പെടെയുള്ള പൊതി തപാലിൽ വീട്ടിലെത്തിയത്. ഒപ്പമുണ്ടായിരുന്ന കത്തിലെ ‘നന്മ’യും കണ്ടപ്പോൾ ആശ്വാസത്തോടൊപ്പം ഒരു ചെറു ചിരി കൂടി അശ്വിന്റെ മുഖത്തു വിരിഞ്ഞു. 

ADVERTISEMENT

സംഭവിച്ചതെന്തെന്ന് അശ്വിൻ പറയുന്നു: 

15 ന് ഞാൻ ഓഫിസിൽ നിന്നിറങ്ങിയ ശേഷം തിരുവനന്തപുരം കേശവദാസപുരത്തുള്ള ജിമ്മിൽ പോയിരുന്നു. ബാഗിൽ നിന്നു സാധനങ്ങൾ എടുത്ത ശേഷം തിരികെ വയ്ക്കുന്നതിനിടയിലാകണം പഴ്സ് നഷ്ടപ്പെട്ടത്. പണമിടപാട് എല്ലാം യുപിഐ വഴിയായതിനാൽ അടുത്ത ദിവസങ്ങളിലൊന്നും ഞാൻ പഴ്സ് തിരഞ്ഞില്ല. 2 ദിവസത്തിനു ശേഷം അമ്മ പണം എടുത്തു നൽകാമോ എന്ന് ചോദിച്ചപ്പോഴാണ് പഴ്സ് നഷ്ടമായെന്നു മനസ്സിലായത്. 

ADVERTISEMENT

ഓഫിസിലും ജിമ്മിലുമെല്ലാം തിരഞ്ഞെങ്കിലും കിട്ടിയില്ല. തുടർന്ന് നഷ്ടമായ ആധാർ, പാൻ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, എടിഎം കാർഡുകൾ തുടങ്ങിയവയ്ക്കായി അപേക്ഷിക്കാൻ തുടങ്ങിയിരുന്നു. ഇവയെല്ലാം നഷ്ടമായപ്പോഴാണ് തിരികെ കിട്ടാൻ എന്തു ബുദ്ധിമുട്ടാണെന്നു മനസ്സിലായത്. അങ്ങനെ വിഷമിച്ച് ഇന്നലെ വീട്ടിലേക്കു തിരിച്ചെത്തിയപ്പോഴാണ് തപാലിൽ ഇവയെല്ലാം എത്തിയെന്നു മനസ്സിലായത്.

പഴ്സിൽ ആകെ ആയിരം രൂപയിൽ താഴെയേ പണമുണ്ടായിരുന്നുള്ളൂ. ആ തുക എടുത്തെങ്കിലും, നല്ലവനായ ആ മനുഷ്യൻ ഇതെല്ലാം അയച്ചുതരാൻ കാണിച്ച ആ മനസ്സിനു നന്ദി.

ADVERTISEMENT
ADVERTISEMENT