ADVERTISEMENT

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയിട്ടും ഒറ്റ സ്കൂളിൽ പോലും അഡ്മിഷൻ കിട്ടാതിരുന്ന അർജുന് ഒടുവിൽ ആഗ്രഹിച്ച സ്കൂളിൽ അഡ്മിഷൻ ലഭിച്ചു. കോഴിക്കോട് നടുവത്തൂർ ആച്ചേരികുന്നത്ത് ബിജുവിന്റെ മകൻ അർജുൻ കൃഷ്ണയ്ക്കാണ് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് വിഷയത്തിൽ ഇന്ന് അഡ്മിഷൻ ലഭിച്ചത്. സീറ്റ് കിട്ടാത്ത വിവരം മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത കണ്ട് നിരവധിപ്പേർ അർജുനെ ബന്ധപ്പെട്ടിരുന്നു.

എന്നാൽ നേരത്തെ വിവരമറിഞ്ഞ പേരാമ്പ്ര സ്കൂൾ മാനേജ്മെന്റ് അർജുന് സീറ്റ് നൽകാമെന്ന് അറിയിക്കുകയായിരുന്നു. അർജുന് പേരാമ്പ്ര സ്കൂളിൽ ബയോളജി സയൻസ് പഠിക്കാനായിരുന്നു താൽപര്യം. അപേക്ഷ നൽകിയ 11 സ്കൂളിൽ ഒന്നാമത്തെ ഓപ്ഷൻ പേരാമ്പ്ര സ്കൂൾ ആയിരുന്നു. ഒടുവിൽ ആഗ്രഹിച്ച സ്കൂളിൽ ആഗ്രഹിച്ച വിഷയത്തിൽ തന്നെ അർജുന് അഡ്മിഷൻ ലഭിച്ചു. 

ADVERTISEMENT

ഇന്നലെ വൈകിട്ട് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ അർജുൻ കൃഷ്ണയുടെ വീട്ടിലെത്തി സീറ്റ് നൽകാമെന്ന് അറിയിക്കുകയായിരുന്നു. രണ്ടു വർഷത്തെ പഠനച്ചെലവ് മുഴുവനായും വഹിക്കാമെന്നും മനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. തുടർന്ന് ഇന്നു രാവിലെ അർജുൻ സ്കൂളിലെത്തി അഡ്മിഷൻ എടുക്കുകയായിരുന്നു. 

അഞ്ച് സെന്റ് ഭൂമിയിലെ ടാർപോളിൻ വലിച്ചുകെട്ടിയ കൂരയിൽനിന്നാണ് അർജുൻ ഉന്നത വിജയം നേടിയത്. ട്യൂഷനോ മറ്റാരുടെയെങ്കിലും സഹായമോ ഇല്ലാതെയാണ് അർജുൻ പഠിച്ചത്. കൂലിപ്പണിക്കാരനായ അച്ഛൻ ബിജുവിന് അർജുനെ ട്യൂഷന് വിടാൻ മാത്രം സാമ്പത്തിക ശേഷിയുമുണ്ടായിരുന്നില്ല.

ADVERTISEMENT

കീഴരിയൂർ നടുവത്തൂർ ശ്രീവാസുദേവ ആശ്രമ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് അർജുൻ പത്താം ക്ലാസ് ജയിച്ചത്. എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചതിനാൽ ആഗ്രഹിച്ച സ്കൂളിൽ അഡ്മിഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അപേക്ഷിച്ച ഒരു സ്കൂളിലും അഡ്മിഷൻ ലഭിക്കാതെ വന്നതോടെ വലിയ സങ്കടത്തിലായിരുന്നു അർജുൻ.

ADVERTISEMENT
ADVERTISEMENT