ADVERTISEMENT

മുണ്ടക്കൈ ഗ്രാമത്തിലേക്കെത്താൻ സൈന്യത്തിന്റെ ബെയ്‌ലി പാലം നിർമാണം തുടങ്ങി. 190 അടി നീളത്തിലുള്ള താൽക്കാലിക ഉരുക്കുപാലത്തിന്റെ നിർമാണം 1ന് വൈകുന്നേരത്തോടെ പൂർത്തിയാകും. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലം യാഥാർഥ്യമാകുന്നതോടെ മുണ്ടക്കൈയിലേക്കു ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും എളുപ്പമാകും. 31 ന് രാവിലെ 7 മുതൽ തന്നെ സൈന്യം പാലം നിർമാണം ആരംഭിച്ചു. ലോറിയിൽ നിന്നു കൂറ്റൻ ഇരുമ്പു സാമഗ്രികളും ഉപകരണങ്ങളും ഇറക്കി സൈന്യം നടത്തിയതു സമാനതകളില്ലാത്ത പ്രവർത്തനം.

ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വിമാനങ്ങളിൽ എത്തിച്ച സാമഗ്രികൾ ട്രക്കുകളിലാണ് ചൂരൽമലയിൽ ഇറക്കിയത്. ബെംഗളൂരുവിൽ നിന്ന് കരമാർഗവും സാമഗ്രികളെത്തി. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡിഎസ്‌സി) ക്യാപ്റ്റൻ പുരൻസിങ് നഥാവത്, കേരള ആൻഡ് കർണാടക സബ് ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് (ജിഒസി) മേജർ ജനറൽ വി.ടി.മാത്യു എന്നിവർ നേതൃത്വം നൽകുന്നു.

ബെയ്‌‌ലി പാലം

bailey-3

പ്രീ– ഫാബ്രിക്കേറ്റഡ് ഉരുക്കു സാമഗ്രികളും മരവും ഉപയോഗിച്ചാണ് എടുത്തു മാറ്റാവുന്ന പാലങ്ങൾ നിർമിക്കുന്നത്. ബ്രിട്ടിഷ് ഉദ്യോഗസ്ഥനായിരുന്ന ഡോണൾഡ് ബെ‌യ്‌ലിയുടേതാണ് ആശയം. രണ്ടാം ലോകയുദ്ധ കാലത്ത് ഉത്തര ആഫ്രിക്കയിലാണു ബ്രിട്ടിഷ് സൈന്യം ഇത് ആദ്യമായി പരീക്ഷിച്ചത്. ടാങ്കുകൾക്കു സഞ്ചരിക്കാൻ ഏറ്റവും അനുയോജ്യമാണെന്ന് അറിഞ്ഞതോടെ സാങ്കേതികവിദ്യയ്ക്കു പ്രചാരം ലഭിച്ചു. താരതമ്യേന ഭാരക്കുറവുള്ള ഘടകങ്ങൾ നിർമാണ സ്ഥലത്തു ട്രക്കുകളിൽ എത്തിക്കാൻ എളുപ്പമാണ്.

താൽക്കാലിക സംവിധാനം മാത്രമാണ് ബെയ്‌ലി പാലം. ലഡാക്കിലെ ദ്രാസ്–സുറു നദികൾക്കിടയിൽ നിർമിച്ച പാലമാണ് ഇന്ത്യയിൽ ആദ്യത്തേത്. 1996 ജൂലൈ 29നു പത്തനംതിട്ട റാന്നിയിൽ പാലം തകർന്നപ്പോഴാണ് സംസ്ഥാനത്ത് ആദ്യമായി ബെയ്‌ ലി പാലം നിർമിച്ചത്. ശബരിമലയിൽ 2011 നവംബർ 7ന് നിർമിച്ച പാലം ഇപ്പോഴും ഉപയോഗിക്കുന്നു.

bailey-2
ADVERTISEMENT
ADVERTISEMENT
ADVERTISEMENT