ADVERTISEMENT

പന്ത്രണ്ടു പകലുകളും രാത്രികളും നീണ്ട നടത്തത്തിനൊടുവിൽ ലിയോ പർഗിൽ പർവതത്തിന്റെ നെറുകിലെത്തിയപ്പോൾ പ്രീതം മേനോന്റെ കണ്ണുകൾക്കൊരു വേദന തോന്നി. ഇന്ത്യയിൽ തന്നെ അത്യപൂർവം പർവതാരോഹകർ മാത്രം കണ്ടിട്ടുള്ള കാഴ്ച കാണാൻ കഴിഞ്ഞതിന്റെ ആനന്ദം താങ്ങാൻ കണ്ണുകൾക്കു കഴിയാത്തതാകും കാരണം എന്നായിരുന്നു പ്രീതത്തിന്റെ ചിന്ത. 

എന്നാൽ, കണ്ണുകളിൽ മൂടൽ നിറയുന്നതും കാഴ്ച നഷ്ടമാകുന്നതും അനുഭവപ്പെട്ടപ്പോൾ മനസ്സിലായി, ഹിമപർവതങ്ങൾക്കു മുകളിൽ സംഭവിക്കാൻ സാധ്യതയുള്ള സ്നോ ബ്ലൈൻഡ്നെസ് എന്ന അവസ്ഥ ബാധിച്ചിരിക്കുന്നു. കണ്ണൊന്നു തെറ്റിയാൽ മരണം ഉറപ്പുള്ള പർവത മുകളിൽ നെഞ്ചുറപ്പോടെ ദേശീയപതാക നാട്ടി പ്രീതം മേനോൻ തന്റെ സംഘത്തെ നയിച്ചുകൊണ്ടു വിജയകരമായി ബേസ് ക്യാംപിൽ മടങ്ങിയെത്തി. 

ADVERTISEMENT

ഇന്ത്യയിലെ പർവതങ്ങളിൽ കീഴടക്കാൻ ഏറ്റവും ദുഷ്കരമെന്നു വിലയിരുത്തപ്പെടുന്നവയിൽ ഒന്നായ ലിയോ പർഗിൽ ഹിമാചൽ പ്രദേശിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ്. ഐടിബിപിയിലെ (ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്) പർവതാരോഹകരടക്കം ഏതാനും സംഘങ്ങൾക്കു മാത്രമേ ലിയോ പർഗിൽ കീഴടക്കാൻ സാധിച്ചിട്ടുള്ളൂ. ഒരുഭാഗം ഇന്ത്യയിലും മറുഭാഗം ചൈനീസ് അതിർത്തിയിലുമുള്ള ലിയോ പർഗിലിന് 6800 മീറ്ററാണ് ഉയരം. 

പ്രമുഖ പർവതാരോഹകനായ തൃശൂർ പെരിങ്ങാവ് സ്വദേശിയായ പ്രീതം മേനോൻ 5 അംഗ സംഘത്തെ നയിച്ചുകൊണ്ടു മണാലിയിൽ നിന്നു കിനോറിലെ നാക്കോയിലേക്കു യാത്ര പുറപ്പെട്ടതു കഴിഞ്ഞ 31ന്. പ്രത്യേക അനുമതി വാങ്ങി ട്രാൻസിറ്റ് വൺ ക്യാംപിലേക്കു കുതിരപ്പുറത്തായിരുന്നു യാത്ര. മുഴുവൻ ദിവസത്തെ നടപ്പിനൊടുവിലാണു 16,000 അടി ഉയരെ ട്രാൻസിറ്റ് രണ്ടിലെത്തിയത്. ഒരു ദിവസത്തെ വിശ്രമശേഷം 18,000 അടി ഉയരെ ബേസ് ക്യാംപിലെത്തി. ഇവിടെ നിന്നു മുകളിലേക്കു കുത്തനെ കയറ്റമാണ്. 

ADVERTISEMENT

പർവത നെറുകിലെത്തിയപ്പോഴാണു പ്രീതം മേനോന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടത്. പതറാതെ പർവതം കീഴടക്കിയെങ്കിലും വ്യക്തമായ കാഴ്ചയില്ലാതെ മടങ്ങുമ്പോൾ രണ്ടുവട്ടം ഹിമഗർത്തത്തിൽ വീണു. ശരീരത്തിൽ വടം കെട്ടിയിരുന്നതുകൊണ്ടു മാത്രം രക്ഷപ്പെട്ടു. ബേസ് ക്യാംപിൽ തിരികെ എത്തിയതിനു ശേഷം വൈദ്യസഹായം തേടി. ഹിമാന്ധത താൽക്കാലികമായതിനാൽ ഏതാനും ദിവസത്തെ ചികിത്സയ്ക്കൊടുവിൽ കാഴ്ച പൂർണമായി തിരികെ ലഭിച്ചു. തിരികെയിറക്കമടക്കം ആകെ 16 ദിവസം നീണ്ട പർവതദൗത്യം ശുഭകരമായി പര്യവസാനിപ്പിച്ചു പ്രീതം തിരികെ നാട്ടിലെത്തി.

ADVERTISEMENT
ADVERTISEMENT