ADVERTISEMENT

മുഹമ്മദ് ഷമിയെന്ന ഉപ്പയുടേയും ഐറയെന്ന മകളുടേയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.  ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടിയതാണ് ഉപ്പയും മകളും. മകളെ കരവലയത്തില്‍ അടക്കിപ്പിടിച്ച് വാത്സല്യം ചൊരിഞ്ഞും, കൈപിടിച്ച് ഒപ്പം നടന്നും ഷമി സ്നേഹം പങ്കിട്ടു.

മുതിര്‍ന്ന കുട്ടിയായി മാറിയ ഐറയ്ക്ക് പുതിയ ഷൂസും പുത്തനുടുപ്പും വാങ്ങിനല്‍കി. മുൻ ഭാര്യ ഹസിൻ ജഹാനിൽ പിറന്ന മകൾ ഐറയുമായി ദീർഘകാലത്തിനു ശേഷമാണ് ഷമി കണ്ടുമുട്ടിയത്. ഇരുവരും വിവാഹബന്ധം പിരിഞ്ഞശേഷം ഐറ അമ്മ ഹസിൻ ജഹാനൊപ്പമാണ് താമസിക്കുന്നത്. ഇതിനിടെയാണ് ഷമിയും ഐറയും കഴിഞ്ഞ ദിവസം കണ്ടുമുട്ടിയത്. 

ADVERTISEMENT

‘ഏറെക്കാലത്തിനു ശേഷം എന്റെ മകളെ കണ്ടപ്പോള്‍ സമയം നിശ്ചലമായ പോലെ തോന്നി. വാക്കുകള്‍ക്കതീതമാണ് നിന്നോടുള്ള സ്നേഹം’- എന്ന് കുറിച്ചുകൊണ്ടാണ് മുഹമ്മദ് ഷമി മകള്‍ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചത്. എന്റെ കുഞ്ഞു രാജകുമാരി, അപൂര്‍വനിമിഷം എന്നിങ്ങനെയെല്ലാം ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. 

2012 ഐപിഎല്‍ കാലത്താണ് മുഹമ്മദ് ഷമി ഐറയുടെ അമ്മ ഹസിന്‍ ജഹാനെ കണ്ടുമുട്ടിയത്. 2014 ജൂണില്‍ ഇരുവരും വിവാഹിതരായി. ഷമിയേക്കാള്‍ പത്ത് വയസ് കൂടുതലുള്ള ഹസിനുമായി പിന്നീട് വേര്‍പിരിഞ്ഞു. ഹസിന്‍ ജഹാന് മുന്‍ വിവാഹത്തില്‍ വേറെയും മക്കളുണ്ട്. 

ADVERTISEMENT

ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് 2018 മാർച്ച് ഏഴിനു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് പൊലീസിൽ പരാതിയും നൽകി. പരാതിയെത്തുടര്‍ന്ന് താരത്തിനെതിരെ കേസുമെടുത്തു. 

ഗാർഹിക പീഡനം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു ഷമിക്കെതിരെ കേസെടുത്തത്. വിവാഹമോചനത്തിനു ശേഷവും ഷമിക്കെതിരെ പല ഘട്ടങ്ങളിലും ഹസിന്‍ ജഹാന്‍ വിമര്‍ശനമുയര്‍ത്താറുണ്ട്. 

ADVERTISEMENT
ADVERTISEMENT