തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ ഗേറ്റ് കടന്നു വന്ന നട്ട്മെഗ് ബ്രൗ ൺ നിറത്തിലുള്ള വാഗൺ ആർ കാർ പാർക്കിങ് ഏരിയയിലേക്കു പ്രവേശിച്ചു. അധികം വൈകാതെ ഡിക്കി ഡോര്‍ തുറന്നു. കാറിനുള്ളിൽ നിന്ന് റാംപിലൂടെ തന്റെ ചക്രക്കസേരയിൽ ഡോ. ശാരദാ ദേവി പുറത്തേക്കിറങ്ങി. ബ്രിക് റെഡ് കളർ ടോപും നീല പാവാടയും ആണ് വേഷം.
ശാരദയ്ക്കു പിന്നാലെ സഹായി അസം സ്വദേശി ലളിതയുമുണ്ട്. ഓട്ടമാറ്റിക് വീൽ ചെയറിൽ ശാരദ ഇംഗ്ലിഷ് വിഭാഗത്തിലേക്കു നീങ്ങിയപ്പോൾ അവിടെ കൂടി നിന്ന വിദ്യാർഥികൾ പറഞ്ഞു ‘അതു ഞങ്ങളുടെ ഇംഗ്ലിഷ് ഡിപാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ശാരദാ ദേവിയാണ്. എത്ര പോസിറ്റീവ് ആണ് ടീച്ചർ. ശരിക്കും ഇൻസ്പൈറിങ്ങും.’’
കുട്ടികൾ പറഞ്ഞത് ശരിയാണ്. ടീച്ചറുമായി അൽപനേരം സംസാരിക്കുമ്പോൾ അതു നമുക്കും ബോധ്യമാകും. ഞാൻ വീൽചെയർ യൂസർ ആണെന്നു തികഞ്ഞ അഭിമാനത്തോടെ ടീച്ചർ പറയും. പരിമിതികളുള്ള വ്യക്തി എന്ന സമൂഹത്തിന്റെ നോട്ടം വകവയ്ക്കാതെ, 34ാം വയസ്സിൽ, തന്റെ ചക്രക്കസേരയോടിച്ചു ഡോ. ശാരദ മുന്നേറുകയാണ്. യുണിവേഴ്സിറ്റി കോളജിന്റെ നീളൻ വരാന്തയിലിരുന്ന് ഡോ. ശാരദാ ദേവി പറഞ്ഞു തുടങ്ങി.
‘‘ നിങ്ങൾക്കെന്നെ ഡിസേബിൾഡ് പേഴ്സൺ എന്നോ വീൽചെയർ യൂസർ എന്നോ വിളിക്കാം. അതിൽ ഞാൻ കംഫർട്ടബിളാണ്. എന്നെ ശക്തയാക്കുന്ന ഘടകമാണ് ഈ വീൽചെയർ. പഠിപ്പിക്കാനുള്ള എളുപ്പത്തിനായി ഇപ്പോൾ സ്പീക്കറും മൈക്കും ഒപ്പം കരുതും.
പതിവായി ഞാൻ കേട്ടിരുന്ന ചോദ്യമുണ്ട്, ‘എന്തുപറ്റിയതാ?’ എന്ന്. കുറച്ചു വർഷങ്ങൾക്കു മുൻപ് എനിക്കതു കേൾക്കുമ്പോൾ ദേഷ്യം വരുമായിരുന്നു. എന്നാലിപ്പോൾ ചിരിച്ചുകൊണ്ടു മറുപടി നൽകും ‘ഒന്നും പറ്റിയില്ല...’
ചലന സംബന്ധമായ പരിമിതികളുണ്ടെങ്കിലും എനിക്കെന്തെങ്കിലും പറ്റിയതായി തോന്നിയിട്ടില്ല. എന്റെ അവസ്ഥയുടെ പേരിൽ അറിയപ്പെടാനും ആഗ്രഹിക്കുന്നില്ല.’’
പഠിച്ച കോളജിൽ അധ്യാപികയായി
‘‘ജീവിതത്തിലും സ്വഭാവത്തിലും മാറ്റങ്ങളും മൂല്യങ്ങളും കൊണ്ടു വരാൻ സഹായിച്ചത് അധ്യാപകരാണ്. അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ലോകം എനിക്കായി തുറന്നു തന്ന നഴ്സറി സ്കൂൾ അധ്യാപിക ജൂലി ടീച്ചർ മുതൽ ആരംഭിക്കുന്നു ജീവിതത്തിൽ വഴിത്തിരിവുകളുണ്ടാക്കിയ അധ്യാപകരുടെ പട്ടിക.
ഒരു ഡിസേബിൾഡ് കുട്ടി എന്ന നിലയിൽ എന്നെ മാറ്റിനിർത്തുകയോ സഹതാപം ചൊരിയുകയോ ചെയ്യാത്ത ആദർശ് വിദ്യാലയയിലെ അധ്യാപകർ ചെയ്തത് വലിയ ശരിയായിരുന്നു. കോട്ടൺഹിൽ സ്കൂളിലേക്കും പിന്നീട് വിമൻസ് കോളജിലേക്ക് എത്തിയപ്പോഴും സദാ പ്രോത്സാഹനം നൽകുന്ന അധ്യാപകരായിരുന്നു ചുറ്റും.
വിദ്യാർഥിയായിരിക്കെ എന്നിൽ സ്വാധീനം ചെലുത്തിയ അധ്യാപകരാണ് അധ്യാപികയാകാൻ പ്രേരണയായത്. ആദ്യമായി ഗസ്റ്റ് ലക്ചററായി ജോലിയിൽ പ്രവേശിച്ചതു ഞാൻ പഠിച്ച വഴുതക്കാട് വിമൻസ് കോളജിലാണ്. പഠിപ്പിച്ച അധ്യാപകർക്കൊപ്പം സ്റ്റാഫ് റൂമിൽ അധ്യാപികയുടെ റോളിൽ...അതു വല്ലാത്തൊരു അനുഭവമാണ്.
പിഎസ്‍സി പരീക്ഷയും അഭിമുഖവും കഴിഞ്ഞ് 2023 സെപ്റ്റംബർ 23നാണ് യൂണിവേഴ്സിറ്റി കോളജിൽ ജോലിയിൽ പ്രവേശിച്ചത്. ആദ്യ ദിവസം പേപ്പർ വർക്കുകൾ പൂർത്തിയാക്കി മടങ്ങി. എന്നെപ്പോലൊരു വീൽ ചെയർ യൂസറിന് പറ്റുന്ന ചുറ്റുപാടായിരുന്നില്ല ക്യാംപസിൽ ഉണ്ടായിരുന്നത്. എല്ലായിടത്തും പടികളാണ്. എന്തായാലും പതുക്കെ വീൽചെയർ റാംപിനായുള്ള അപേക്ഷ നൽകാമെന്നു കരുതി.
എന്നാൽ അടുത്ത ദിവസം കോളജിലേക്ക് എത്തിയപ്പോൾ കണ്ട കാഴ്ച എന്നെ വളരെയധികം അദ്ഭുതപ്പെടുത്തി. നീളൻ പടികളുടെ ഒരു വശം പലക വിരിച്ച് റാംപ് ആക്കിയിരിക്കുന്നു. ഞാൻ ആവശ്യപ്പെടാതെ തന്നെ, ഡിസേബിൾഡ് ആയ വ്യക്തിയുടെ ആവശ്യമറിഞ്ഞ് പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം കോളജ് പിടിഎ ഒരുക്കിയ സൗകര്യമാണിത്. മുകളിലത്തെ നിലകളിലേക്കു പോകുന്നതിൽ പരിമിതിയുള്ളതിനാൽ താഴത്തെ നിലയിലാണു ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.’’

മാറ്റങ്ങൾ വരട്ടെ
‘‘പ്രകൃതി തന്നെ വൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ്. ഉയരം, നിറം, ശബ്ദം, സ്വഭാവം തുടങ്ങി എല്ലാത്തിലുമുണ്ട് ഈ വൈവിധ്യം. ഡിസെബിലിറ്റി സ്റ്റഡീസിൽ ആണ് എംഫിലും പിഎച്ച്ഡിയും ചെയ്തത്. ഡിസെബിലിറ്റി എന്ന വാക്കിന് തത്തുല്യമായ പരിഭാഷ പ്രാദേശിക ഭാഷയിൽ ഉണ്ടെന്ന് തോന്നുന്നില്ല. പരിമിതികളുള്ളവർക്ക് റാംപ്, സൂചികകൾ തുടങ്ങിയവ പോലുള്ള ചില പ്രത്യേക സൗകര്യങ്ങൾ ആവശ്യമായി വരും. അതില്ലാതെ വരുന്നിടത്താണു ഞങ്ങൾ ഡിസേബിൾഡ് ആകുന്നത്.
ഇവിടെ കണ്ടില്ലേ, റാംപ് ഉള്ള ഇടങ്ങളിൽ മറ്റൊരാളുടെ സഹായം കൂടാതെ എനിക്ക് യാത്ര ചെയ്യാം. തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും വീടുകളിലും വരെ കുറഞ്ഞ ചെലവിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ എന്നെപോലുള്ളവർ ഡിസേബിൾഡ് അല്ലാതാകും.
2022ൽ ഗസ്റ്റ് ലക്ചർ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി ഒരു കോളജിൽ പോയി. വഞ്ചിയൂരാണ് എന്റെ വീട്. റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. ഇന്റർവ്യുവിനെത്തിയ മറ്റ് ഉദ്യോഗാർഥികൾ വാഹനങ്ങൾ വഴിയിലൊതുക്കി, നടന്ന് കോളജിലേക്കു പോയി. എനിക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നു.
വളരെ വിഷമത്തോടെയാണെങ്കിലും തിരികെ പോകാ ൻ തുടങ്ങിയപ്പോഴേക്കും ഇന്റർവ്യൂ ബോർഡ് അംഗങ്ങ ൾ വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്കു വന്നു. ആകെ കുഴിച്ചിട്ട റോഡിനു നടുവിൽ, കാറിനുള്ളിലിരുന്നു ഞാൻ ഇന്റർവ്യൂവിൽ പങ്കെടുത്തു.
വികസനപ്രവർത്തനങ്ങൾ വേണം. പക്ഷേ, അരികുവത്കരിക്കപ്പെടുന്ന മനുഷ്യരെ കൂടി പരിഗണിച്ചാകണമെന്നു മാത്രം. പെട്ടെന്നൊരുനാൾ മാറ്റം സംഭവിക്കുമോ എന്നറിയില്ല. പടിപടിയായി, എല്ലാവരുടെയും ശ്രമങ്ങളുടെ ഫലമായി സമൂഹത്തിൽ മാറ്റമുണ്ടാകും.
ഒരു സംഭവം പറയാം. ഞാൻ പഠിപ്പിച്ച ഒരു വിദ്യാർഥി ഇപ്പോൾ ബിഎഡ് ചെയ്യുന്നുണ്ട്. എന്നിലൂടെയും എന്റെ പോസ്റ്റുകളിലൂടെയും അക്സസിബിലിറ്റിയുടെ പ്രാധാന്യം മനസ്സിലാക്കിയ ആ കുട്ടി സ്കൂൾ ഹെഡ്മാസ്റ്ററോടു സ്കൂളിൽ റാംപ് സൗകര്യമുണ്ടോ എന്നു ചോദിച്ചു. ആ കുട്ടിയുടെ ചോദ്യം കേട്ട് ആദ്യമൊന്ന് അതിശയിച്ചെങ്കിലും മുൻപ് ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ ഉണ്ടെന്നും മറുപടി നൽകി.
ഒരുപക്ഷേ, ആദ്യമായാകാം അവർ ഒരു ബിഎഡ് വിദ്യാർഥിയില്‍ നിന്ന് അത്തരമൊരു ചോദ്യം നേരിടുന്നത്. എന്റെ അവസ്ഥകളെക്കുറിച്ചും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അറിവുള്ളതുകൊണ്ടാണ് ആ കുട്ടി അങ്ങനെ ചോദിച്ചത്. ഇതുപോലെ ഡിസേബിൾഡ് ആയ വ്യക്തികളോട് അനുതാപമുണ്ടായാൽ മാത്രം മതി, നമ്മുടെ സമൂഹത്തിൽ ഒരുപാടു മാറ്റം കൊണ്ടുവരാനാകും.

അറിവു നേടുക, മുന്നേറുക
‘‘ഡിസേബിൾഡ് ആയ പലർക്കും ലഭിക്കാത്ത ഒരുപാട് പ്രിവിലേജുകൾ എനിക്കുണ്ട്. അതിൽ പ്രധാനം എന്റെ കുടുംബമാണ്. എനിക്കെന്തോ പ്രശ്നമുണ്ടെന്ന് ഒരിക്കൽ പോലും തോന്നിപ്പിക്കാത്ത മാതാപിതാക്കളും സഹോദരനുമാണ് ശക്തി. ഡിസേബിൾഡ് കുട്ടിക്കു തീർച്ചയായും മാതാപിതാക്കളുടെ ശ്രദ്ധയും സഹായവും അൽപം കൂടുതൽ വേണം. ആ പരിഗണന കുടുംബം നൽകിയിട്ടുണ്ട്.
മറ്റുള്ളവരിൽ നിന്നു കുറച്ചു വ്യത്യസ്തയാണ് എന്നുതോന്നിയിരുന്നെങ്കിലും അതൊരു പ്രശ്നമായി തോന്നിയില്ല. അതിൽ വലിയൊരു പങ്കുവഹിച്ചതു മുത്തശ്ശി അംബാലിക തമ്പുരാട്ടിയാണ്. എന്റെ കുഞ്ഞു കുഞ്ഞു വിജയങ്ങളിൽപ്പോലും മുത്തശ്ശിക്കു വലിയ അഭിമാനമായിരുന്നു. എന്റെ വളർച്ചയിൽ വലിയച്ഛൻ ആർ. കെ. പരമേശ്വരൻ നായരും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
പഠനകാര്യങ്ങളിൽ അമ്മ വത്സലാ ദേവി വലിയ കർക്കശക്കാരിയായിരുന്നു. അതിന് എല്ലാവിധ പിന്തുണയും നൽകി അച്ഛൻ ആർ.കെ. വിജയകുമാറുമുണ്ട്. അതുകൊണ്ടുതന്നെ ഒരുതരത്തിലും ഉഴപ്പാനുള്ള അവസരം എനിക്കും അനിയൻ വിഷ്ണു ശങ്കറിനും കിട്ടിയിട്ടേയില്ല.
‘ഇവളെ പഠിപ്പിച്ചിട്ടെന്തിനാ എന്ന്’ ചിലരുടെയെങ്കിലും മനസിൽ തോന്നിയിട്ടുണ്ടാകാം. ഓർമയുടെ തുടക്കം മുതൽ പഠിച്ചു മുന്നേറണമെന്നു മനസ്സിലുണ്ടായിരുന്നു. അധ്യാപികയുടെ കസേരയിൽ ഇരിക്കുമ്പോഴും അതാണ് പ്രധാനമായും ഞാൻ എന്റെ കുട്ടികൾക്കും പകർന്നു നൽകുന്നത്.‘അറിവു നേടുക, മുന്നേറുക’. എനിക്കുള്ള പ്രിവിലേജുകളിലൂടെ ലഭിക്കുന്ന ദൃശ്യത സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ട വിഭാഗത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
അഞ്ജലി അനിൽകുമാർ
ഫോട്ടോ: അരുൺ സോൾ