‘മുങ്ങിമരണങ്ങളെക്കുറിച്ചു പത്രത്തിൽ വായിക്കുമ്പോഴും വാർത്തകൾ കാണുമ്പോഴും വേദനയാണ്’; സജിയുടെ നീന്തൽ പാഠങ്ങൾ
മഴമേളത്തിൽ സന്തോഷിച്ചൊഴുകുന്ന പെരിയാറിനോടു ചേർന്നു തുഴഞ്ഞാണ് നവനീത് നീന്തി അക്കരെയെത്തിയത്. കാഴ്ചയില്ലാത്ത ആ കുട്ടിക്കു ശബ്ദത്തിലൂടെ ദിശയേകി സജി വാള ശ്ശേരിയും ഒപ്പം നീന്തി. ഒരുപാടു സന്തോഷത്തോടെ അവന്റെ മാതാപിതാക്കളും ആ വിജയം കാണാൻ പെരിയാറിന്റെ തീരത്തുണ്ടായിരുന്നു. നവനീത് മാത്രമല്ല, ഭിന്നശേഷിക്കാരായ
മഴമേളത്തിൽ സന്തോഷിച്ചൊഴുകുന്ന പെരിയാറിനോടു ചേർന്നു തുഴഞ്ഞാണ് നവനീത് നീന്തി അക്കരെയെത്തിയത്. കാഴ്ചയില്ലാത്ത ആ കുട്ടിക്കു ശബ്ദത്തിലൂടെ ദിശയേകി സജി വാള ശ്ശേരിയും ഒപ്പം നീന്തി. ഒരുപാടു സന്തോഷത്തോടെ അവന്റെ മാതാപിതാക്കളും ആ വിജയം കാണാൻ പെരിയാറിന്റെ തീരത്തുണ്ടായിരുന്നു. നവനീത് മാത്രമല്ല, ഭിന്നശേഷിക്കാരായ
മഴമേളത്തിൽ സന്തോഷിച്ചൊഴുകുന്ന പെരിയാറിനോടു ചേർന്നു തുഴഞ്ഞാണ് നവനീത് നീന്തി അക്കരെയെത്തിയത്. കാഴ്ചയില്ലാത്ത ആ കുട്ടിക്കു ശബ്ദത്തിലൂടെ ദിശയേകി സജി വാള ശ്ശേരിയും ഒപ്പം നീന്തി. ഒരുപാടു സന്തോഷത്തോടെ അവന്റെ മാതാപിതാക്കളും ആ വിജയം കാണാൻ പെരിയാറിന്റെ തീരത്തുണ്ടായിരുന്നു. നവനീത് മാത്രമല്ല, ഭിന്നശേഷിക്കാരായ
മഴമേളത്തിൽ സന്തോഷിച്ചൊഴുകുന്ന പെരിയാറിനോടു ചേർന്നു തുഴഞ്ഞാണ് നവനീത് നീന്തി അക്കരെയെത്തിയത്. കാഴ്ചയില്ലാത്ത ആ കുട്ടിക്കു ശബ്ദത്തിലൂടെ ദിശയേകി സജി വാള ശ്ശേരിയും ഒപ്പം നീന്തി.
ഒരുപാടു സന്തോഷത്തോടെ അവന്റെ മാതാപിതാക്കളും ആ വിജയം കാണാൻ പെരിയാറിന്റെ തീരത്തുണ്ടായിരുന്നു. നവനീത് മാത്രമല്ല, ഭിന്നശേഷിക്കാരായ നിരവധിപേർ സജിയുടെ ശിക്ഷണത്തിൽ പെരിയാർ നീന്തിക്കയറിയിട്ടുണ്ട്.
കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി ആലുവ മണപ്പുറം ദേശം കടവിൽ വെളുപ്പിന് അഞ്ചരയോടെ സൗജന്യ നീന്തൽ പരിശീലനത്തിനായി മൂന്നു വയസ്സുള്ള കുട്ടികൾ മുതൽ വയോജനങ്ങൾ വരെ എത്തും.
മുങ്ങിമരണങ്ങള്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ പരമാവധി പേരിലേക്ക് എത്തിക്കുന്ന ഈ പരിശീലനമാണ് അറുപതുകളിലും സജി വാളശ്ശേരിയെ ചെറുപ്പമാക്കി നിർത്തുന്നത്. പ്രീകെജി തലം മുതൽ ഹയർ സ്റ്റഡീസ് വരെ വിവിധ ഘട്ടങ്ങളായി തിരിച്ചാണ് നീന്തൽ പഠിപ്പിക്കുന്നത്.
പ്രീകെജിയിൽ ശ്വാസം പിടിച്ചു മുങ്ങിയിരിക്കൽ, എൽകെജിയിൽ ശ്വാസം പിടിച്ചു വെള്ളത്തിൽ പൊങ്ങിക്കിടക്കണം. അങ്ങനെ ഘട്ടം ഘട്ടമായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഹയർ സ്റ്റഡീസിനും പെരിയാർ നീന്തിക്കടക്കാനും പ്രാപ്തരാകും.
കയ്യും കാലുമില്ലാതെയും നീന്താം
കാലുകൾക്ക് ചലനശേഷിയില്ലാത്തവരും സജിയുടെ പരിശീലനത്തിൽ നീന്തി മുന്നേറും. കൈകൾ പുറകിലേക്കു കെട്ടി പുഴ നീന്തിക്കടന്ന അഞ്ചു വയസ്സു കാരനും കയ്യും കാലും ബന്ധിച്ചശേഷം അസ്സലായി നീന്തി, ലോകറെക്കോർഡുകളിൽ ഇടം നേടിയവരും ഇദ്ദേഹത്തിന്റെ ശിഷ്യനിരയിലുണ്ട്.
‘‘ഓരോ ക്ലാസ്സും പാസ്സാകാൻ ടെസ്റ്റുകളുമുണ്ട്. അടിത്തട്ടിലേക്കു മുങ്ങാംകുഴിയിട്ടു മണൽ വാരി തെളിവായി കൊണ്ടുവരുന്നതു മുതൽ ഹൈസ്കൂളോ ഹയർ സെക്കന്‍ഡറിയോ തലങ്ങളിൽ പുഴയുടെ മറുവശത്തെ ചെടിയിൽനിന്ന് ഇല കൊണ്ടു വരുന്നതു വരെ പരീക്ഷകളാണ്.
എത്രത്തോളം ആളുകൾ വന്നാലും സന്തോഷമാണ്. പഠിക്കുന്നവർ കൂടുന്തോറും മുങ്ങിമരണങ്ങൾ കുറയുമല്ലോ. കയ്യും കാലും കണ്ണുമില്ലാതെ പോലും പലരും നീന്തുമ്പോഴും നീന്തലറിയാതെയും പഠനത്തിലേക്കു കണ്ണു തുറക്കാതെയും ഇനിയും ഒരുപാടുപേരുണ്ടെന്നതാണു സങ്കടം. നീന്തൽ പഠിക്കാനായി സ്ത്രീകളോ കുട്ടികളോ വരുമ്പോള്‍ ഒപ്പം ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ഉണ്ടാകണമെന്ന നിബന്ധനയുണ്ട്. സുരക്ഷയെക്കരുതിയാണത്. സ്വമേധയാ മുന്നോട്ടു വരുന്ന നിരവധി വൊളന്റിയർമാർ സുരക്ഷയ്ക്കായും നിയന്ത്രണങ്ങൾക്കായുമുണ്ട്.
പരിശീലനത്തിന്റെ സമയമത്രയും റെസ്ക്യൂ ബോട്ടും ആളുകളുമുണ്ട്. എന്നാലും എപ്പോഴും വ്യക്തിഗത ശ്രദ്ധയും ഉറപ്പാക്കുന്നു.’’ ഗൗരവം നിറഞ്ഞ ഭാവം സജിയുടെ വാക്കുകളിൽ മാത്രമല്ല മുഖത്തുമുണ്ടായിരുന്നു.
മദ്രാസിലെ സ്വിമ്മർ
കാലില്ലാത്തവർക്കു നീന്താൻ സാധാരണ ആൾക്കാരേക്കാൾ നാലിരട്ടി പ്രയാസമാണ്. രതീഷ് ഇപ്പോഴുള്ളവരിൽ അങ്ങനെയൊരാളാണ്. അദ്ദേഹത്തിനു കാല് മുകളിലേക്കുയരില്ല, വെള്ളത്തിനടിയിലേക്കു മുങ്ങിക്കിടക്കും. കൈകളിൽ അത്രയധികം ബലം കൊടുത്താണ് രതീഷ് നീന്തുന്നത്. കാലിന്റെ ഭാരം മുന്നോട്ടു വലിക്കാന്‍ കൈകൾ ഇരട്ടിപ്പണിയെടുക്കണം.
‘‘അച്ഛൻ വി. തോമസ് മാണിയാണ് എന്നെ നീന്തൽ പഠിപ്പിച്ചത്. ബ്രിട്ടിഷ് സൈന്യത്തിന്റെ മദ്രാസ് റെജിമെന്റിൽ സ്വിമ്മറായിരുന്നു അദ്ദേഹം. 1946ൽ സ്വിമ്മിങ് ചാംപ്യൻഷിപ് കപ്പ്, നിരവധി മെഡലുകൾ എന്നിവയെല്ലാം അ ച്ഛനു കിട്ടിയിട്ടുണ്ട്. മക്കൾ ആറുപേരെയും അച്ഛൻ നീന്തൽ പഠിപ്പിച്ചു.
അമ്മ മറിയാമ്മ തോമസ് വെങ്ങോല ശാലിയം ഹൈസ്കൂളിൽ ടീച്ചറായിരുന്നു. സ്കൂളിനടുത്തു തന്നെയായിരുന്നു അമ്മവീടും. അച്ഛനൊപ്പം പെരിയാറിലും അമ്മ വീടിനടുത്തൊരു കുളത്തിലും നീന്തിപ്പഠിച്ചു. അച്ഛനെപ്പോലെ മത്സരിച്ചു മെഡലുകൾ നേടാനായില്ല.
മനസ്സ് സേവനത്തിന്റെ വഴിയിലായിരുന്നു. അങ്ങനെയാണ് സൗജന്യ പരിശീലനം തുടങ്ങിയത്. എന്റെ മക്കളെയും നന്നായി നീന്താൻ പഠിപ്പിച്ചിട്ടുണ്ട്. മകൾ മെറിൻ സജി യുഎഇ ലേഡീസ് ക്രിക്കറ്റ് ടീമിന്റെ ഫിസിയോതെറപ്പിസ്റ്റാണ്. മകൻ ജെറിൻ സജി എംഎസ്‌സി ഫിസിക്സ് വിദ്യാർഥിയും.
മക്കളെ നീന്തൽ പഠിപ്പിക്കുന്നതു കണ്ടു വിശ്വാസം തോന്നിയ പരിചയക്കാരാണ് ആദ്യമൊക്കെ അവരുടെ മക്കളെയും പഠിക്കാനയച്ചത്. പതിയെപ്പതിയെ ഒരുപാടാളുകൾ ഒപ്പം ചേർന്നു. സുരക്ഷയ്ക്കായൊരുക്കിയിരിക്കുന്ന സംവിധാനങ്ങളും ഉപകരണങ്ങളുമൊക്കെ ആരുടെയെങ്കിലും സ്നേഹവും സഹായങ്ങളുമാണ്.
ഫ്ലോട്ട്, കിക്ക് ആൻഡ് പുൾ
മുങ്ങിമരണങ്ങളെക്കുറിച്ചു പത്രത്തിൽ വായിക്കുമ്പോഴും വാർത്തകൾ കാണുമ്പോഴും സങ്കടമാണ്. ഇവരൊന്നു നീന്താൻ പഠിച്ചിരുന്നെങ്കിൽ ഇതൊഴിവാക്കാമായിരുന്നല്ലോയെന്നു തോന്നും. നടക്കാനറിയാത്ത കുട്ടികളെ ആരെങ്കിലും റോഡിലേക്കു വിടുമോ? അതുപോലെ നീന്തലറിയാതെ വെള്ളത്തിലേക്കും പോകരുത്.
നാലു കാര്യങ്ങളേയുള്ളൂ നീന്തുമ്പോൾ ശ്രദ്ധിക്കേണ്ടത്. വായു പിടിച്ച് പൊങ്ങിക്കിടക്കാനും കാലു കൊണ്ട് ശക്തിയായി കിക്ക് ചെയ്യാനും കൈകൾ തുഴഞ്ഞു ശരീരം മുന്നിലേക്കു വലിക്കാനും അതിനൊപ്പം ഇരുവശങ്ങളിലേക്കും തല ചരിച്ച് ശ്വാസമെടുക്കാനും കഴിഞ്ഞാൽ നീന്തി നീങ്ങാം.
ഭിന്നശേഷി വിഭാഗത്തിൽ ആദ്യമായി പരിശീലിപ്പിച്ചത് കൃഷ്ണ എസ്. കമ്മത്തിനെയായിരുന്നു. ഏഴു വയസ്സായിരുന്നു ആ കുട്ടിക്കന്ന്. ഒരുപാടു ശാരീരിക പ്രശ്നങ്ങളുമുണ്ടായിരുന്നു. കാൽപ്പാദം ഊന്നി നടക്കാനാകില്ല, മുട്ടു മടക്കി ഇരിക്കാനാകില്ല, ശരീരത്തിനു വളവ്, പാദങ്ങളിൽ സ്പർശനശേഷിയില്ല അങ്ങനെയേറെ പ്രശ്നങ്ങൾ. പരിശീലനത്തിനു ശേഷം സ്പർശനശേഷി കുറേയേറെ ശരിയാക്കാനായി. ആസ്മ രോഗമുള്ള പലർക്കും നീന്തൽ പരിശീലിച്ച ശേഷം രോഗം മാറിയിട്ടുമുണ്ട്.
കടലിലേക്കും പോകാം
നവംബർ ഒന്നു മുതൽ മേയ് 31 വരെയാണ് പരിശീലനം സംഘടിപ്പിക്കാറുളളത്. മഴയില്ലാത്ത സമയം
നോക്കുന്നുവെന്നു മാത്രം. കഴിഞ്ഞ വർഷം 2,900 പേരാണ് പരിശീലനം നേടിയത്. അതിൽ 333 പേർ പുഴ നീന്തിക്കടന്നു.
ഏറ്റവും മിടുക്കും താൽപര്യവുമുള്ളവരാണ് കടൽ നീന്താൻ പോകാറുള്ളത്. ആലുവ ശിവരാത്രി ദിവസം നീന്തൽ പരിശീലനമുണ്ടാകില്ല. അന്നാണു ഞങ്ങൾ കടലിലേക്കു പോകാറുള്ളത്. എട്ടു കിലോമീറ്ററോളം കടലിൽ നീന്തും. പിന്നെ, മടങ്ങും. ജനുവരിയിൽ വേമ്പനാട്ടു കായലിലേക്കും പോകാറുണ്ട്.
ആലുവ മണപ്പുറം ദേശം കടവിൽ പരിശീലനസമയത്തു വരുന്നവർക്കറിയാം ഇതൊരു കൂട്ടായ്മയാണെന്ന്. കടവിലേക്കു തിരിയുന്ന റോഡിൽ ജഴ്സിയണിഞ്ഞ് വൊളന്റിയർമാരുണ്ടാകും. നാടാകെ നേരത്തേയുണർന്നു കടവിലേക്കെത്തുന്നതു കാണാം. അഞ്ചരയാകുമ്പോഴേക്കും ലഘുവ്യായാമങ്ങളും മീറ്റിങ്ങും തുടങ്ങും. പരിശീലിക്കാനെത്തുന്നവർ റജിസ്റ്ററിൽ പേരെഴുതണമെന്നു നിർബന്ധം. എന്നാലേ ചിട്ടയായി കാര്യങ്ങള്‍ പോകൂ.
ജോലിക്കായെത്തുന്നവരല്ല വൊളന്റിയർമാർ. സ്നേഹവും സൗഹൃദവും കൊണ്ടു മുന്നിട്ടിറങ്ങുന്നവരാണ്. നീന്താനെത്തുന്ന കുട്ടികൾ കടവിൽ വച്ച് യൂണിഫോമണിഞ്ഞും പ്രാതൽ കഴിച്ചും സ്കൂളിലേക്കു പോകാൻ തയാറാകുന്നതും കാണാമിവിടെ.
നാലിനുണർന്നാണു തുടക്കം
ഭിന്നശേഷിക്കാരനായ അസീമിനെ കുറേക്കാലം മുൻപ് നീന്തൽ പരിശീലിപ്പിക്കാനായി ആലുവയിലെ സ്വന്തം വീട്ടിൽ താമസിപ്പിച്ചിട്ടുണ്ട് സജി. ചോറു വാരിക്കൊടുത്തും കടവിലേക്ക് എടുത്തുകൊണ്ടു പോയും മകനെപ്പോലെയാണ് പരിശീലിപ്പിച്ചെടുത്തതും.
സജി അങ്ങനെയാണ്. ആലുവയിലെ സ്റ്റീൽ ഫർണിച്ചർ ബിസിനസിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് ചെലവാക്കിയാണ് പലപ്പോഴും പരിശീലനം. വെളുപ്പിനെ നാലിനുണർന്ന് അഞ്ചാകും മുൻപു കടവിലെത്തും.
പരിശീലനമില്ലാത്ത മാസങ്ങളിൽ താൽപര്യമുള്ള നീന്തൽക്കാർക്കായി മഴക്കാല നീന്തൽ എല്ലാ ദിവസവുമുണ്ട്. മാസത്തിലൊരിക്കൽ നീന്തി നേടിയ സൗഹൃദങ്ങളൊന്നിച്ചു യാത്രകളും പോകും. ‘എത്ര മാനസിക സമ്മർദമുണ്ടെങ്കിലും എല്ലാം ഒഴുക്കിക്കളയാൻ നന്നായൊന്നു നീന്തിയാൽ മതി’. എല്ലാവർക്കുമായി സജി പറഞ്ഞ ടിപ്.
ഡെൽന സത്യരത്‌ന
ഫോട്ടോ: സുനിൽ ആലുവ