നിരായുധരായ മനുഷ്യർക്ക് നേരെ നിറയൊഴിച്ച ഭീകരവാദികൾക്കെതിരെയുള്ള നാടിന്റെ രോഷം ഉയരുകയാണ്. സ്വർഗതുല്യമായ മണ്ണിൽ സന്തോഷിക്കാനെത്തി ഒടുവിൽ മരണത്തെ പുൽകേണ്ടി വന്ന ഒരുകൂട്ടം പേരുടെ വിലാപങ്ങളാണ് നമുക്കു ചുറ്റും. കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചാണ് മിക്കവരും വെടിയേറ്റ് പിടഞ്ഞു മരിച്ചതെന്നത് ഭീകരവാദത്തിന്റെ കണ്ണില്ലാത്ത ക്രൂരത അടിവരയിടുന്നു.
മധുവിധു ആഘോഷിക്കാനെത്തി ഒടുവിൽ മരണവിധി തേടിയെത്തിയ ശുഭം ദ്വിവേദിയുടെ ചിത്രങ്ങളാണ് കണ്ണീർ നിറയ്ക്കുന്നത്.
ഉത്തർപ്രദേശ് സ്വദേശിയായ ശുഭം ദ്വിവേദിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഫെബ്രുവരി 12നു വിവാഹിതനായ ശുഭം, കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു. ഭീകരാക്രമണം നടന്നതിന്‍റെ തലേദിവസം ഹോട്ടല്‍മുറിയില്‍ തന്‍റെ കുടുംബാംഗങ്ങളുമൊത്ത് കളിചിരികളുമായി സമയം ചെലവഴിക്കുന്ന ശുഭത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, ഭാര്യാസഹോദരി എന്നിവർക്കൊപ്പമാണ് ശുഭം ദ്വിവേദി കശ്മീരിലെത്തിയത്. ഭാര്യയ്ക്കും മറ്റു രണ്ടു കുടുംബാംഗങ്ങള്‍ക്കുമൊപ്പം രാത്രി ചെലവഴിക്കുന്ന ശുഭത്തിന്‍റെ വിഡിയോയാണ് പ്രചരിക്കുന്നത്. ജമ്മുവിലെ ഒരു ഹോട്ടലില്‍ ഒരുമിച്ചിരുന്നു ‘യൂനോ’ കളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ‘തമാശ നിറഞ്ഞ രാത്രികള്‍’ എന്ന കുറിപ്പോടെ ശുഭത്തിന്‍റെ ഭാര്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയായാണിത്. മണിക്കൂറുകള്‍ക്കുള്ളിൽ ഭീകരരുടെ വെടിയേറ്റ് ശുഭം കൊല്ലപ്പെട്ടു.
ശുഭത്തിന്റെ തലയിലാണ് വെടിയേറ്റത്. ശുഭത്തിനെ വെടിവച്ചിട്ടതോടെ ‘എന്നെയും കൊല്ലൂ’ എന്ന് അദ്ദേഹത്തിന്റെ ഭാര്യ ഭീകരരോട് പറഞ്ഞപ്പോൾ നിന്നെ വധിക്കില്ലെന്നും നിങ്ങളോട് എന്താണ് ഞങ്ങൾ ചെയ്തതെന്ന് നിങ്ങളുടെ സർക്കാരിനോട് പറയണമെന്ന് ആവശ്യപ്പെട്ടെന്നും സൗരഭ് ദ്വിവേദി ദേശീയ മാധ്യമത്തോട് പറഞ്ഞു.