സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവിനും ജീവപര്യന്തം. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവര്‍ക്കാണ് കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇരുവർക്കും ഓരോ ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വർഷം മുൻപ് ഇത്തിക്കര ആറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
പ്രോസിക്യൂഷന് അഭിമാനകരമായ നേട്ടം: അഡ്വ. കെ.ബി. മഹീന്ദ്ര
പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ് ഇന്ത്യയിൽ തന്നെ ആദ്യമാണെന്ന് കേസിലെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ കെ.ബി. മഹീന്ദ്ര പറഞ്ഞു. സമാനമായ മറ്റൊരു കേസ് ഉണ്ടായിരുന്നെങ്കിലും ഇരയായ ആൾ മരിച്ചിരുന്നില്ല. കേരളത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ അഭിഭാഷകരോട് സംസാരിച്ചാണ് പ്രോസിക്യൂഷൻ വാദം നിരത്തിയത്. കൂടാതെ, നിർണായകമായ മൊഴികളും തെളിവുകളും കേസിനെ ബലപ്പെടുത്തി. 14 ദിവസം വരെ ആഹാരം കഴിക്കാതെ ഒരാൾക്കു ജീവിക്കാം. 14 മുതൽ 20 ദിവസം വരെ വെള്ളം കഴിച്ചും ജീവിക്കാം. അതിനുമപ്പുറമാണ് തുഷാര അനുഭവിച്ചത്. എനിക്കും രണ്ടു പെൺകുട്ടികളുണ്ട്. വിവാഹം കഴിപ്പിച്ച് അയയ്ക്കുന്ന മകളുടെ ക്ഷേമം അന്വേഷിക്കാൻ പോലും അനുവദിക്കാത്ത തരത്തിൽ പ്രതികൾ പെരുമാറി എന്നത് ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
വിധി സ്വാഗതം ചെയ്യുന്നു: തുഷാരയുടെ പിതാവ്
മകൾ തുഷാരയ്ക്കു നീതി ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും അവൾ അനുവഭിച്ച യാതന പ്രതികൾ അനുഭവിച്ചില്ലല്ലോ എന്നോർക്കുമ്പോൾ വിഷമം – തുഷാരയുടെ പിതാവ് കരുനാഗപ്പള്ളി അയനിവേലിക്കുളങ്ങര തുഷാര ഭവനിൽ തുളസീധരന്റെ വാക്കുകൾ. മകൾ അഞ്ചു വർഷത്തിൽ അധികം വേദന അനുവഭിച്ചിട്ടുണ്ട്. കുട്ടികളെ താലോലിക്കാൻ പോലും അനുവദിച്ചില്ല. പലഘട്ടങ്ങളിലും അവളെ ബന്ധപ്പെട്ടെങ്കിലും ഭർതൃ വീട്ടുകാരുടെ പ്രതികരണം സങ്കടപ്പെടുത്തുന്ന തരത്തലായിരുന്നു. ആഹാരം പോലും ലഭിക്കാതെയുള്ള മരണം ഇപ്പോൾ തങ്ങളെ വേദനിപ്പിക്കുണ്ടെന്നും തുളസീധരനും ബന്ധുക്കളും പറഞ്ഞു. തുളസീധരനു പുറമേ ഭാര്യ വിജയലക്ഷ്മി, മകൻ തുഷാന്ത് എന്നിവരും മറ്റു ബന്ധുക്കളും വിധികേൾക്കാൻ എത്തിയിരുന്നു.
ശിക്ഷയിൽ സന്തോഷം: ദിനരാജ്
പട്ടിണിക്കിട്ട് തുഷാരയെ കൊലപ്പെടുത്തിയ കേസിൽ തക്കതായ ശിക്ഷ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വി.എസ്. ദിനരാജ് പറഞ്ഞു. കൊട്ടാരക്കര ഡിവൈഎസ്പി ആയിരിക്കെയാണ് അന്വേഷണം ഏറ്റെടുക്കുന്നത്. കേസിൽ കൊലപാതക കുറ്റം (ഐപിസി 302) ചുമത്താൻ കാരണമായത് അന്ന് കൊല്ലം റൂറൽ എസ്പി ആയിരുന്ന കെ.ജി. സൈമണാണ്.കൊലക്കുറ്റം ചുമത്തണമെന്ന തന്റെ അഭിപ്രായത്തോട് സൈമൺ സാർ പിന്തുണച്ചതു കൊണ്ടാണ് കൃത്യമായ ശിക്ഷ ഇരു പ്രതികൾക്കും ലഭിച്ചത്.ഈയിടെ പ്രതിക്ക് വധശിക്ഷ നൽകിയ തിരുവനന്തപുരം വിനീത വധക്കേസും അന്വേഷിച്ചത് ദിനരാജിന്റെ നേതൃത്വത്തിലാണ്. നിലവിൽ തിരുവനന്തപുരം ഡിസിആർബിയിൽ അസിസ്റ്റന്റ് കമ്മിഷണറാണ്.
കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതികൾ
ശിക്ഷയെക്കുറിച്ച് പ്രതികൾക്ക് അഭിപ്രായം പറയാൻ കോടതി അവസരം നൽകിയപ്പോൾ പ്രായമുള്ള മാതാവിന് താൻ മാത്രമാണുള്ളത് എന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും ഒന്നാം പ്രതി ചന്തുലാൽ പറഞ്ഞു. രണ്ടാം പ്രതി ഗീത കോടതിയിൽ പൊട്ടിക്കരഞ്ഞു. കുറഞ്ഞ ശിക്ഷ മാത്രമേ നൽകാവൂ എന്നും പറഞ്ഞു. ശിക്ഷയെക്കുറിച്ച് പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും വാദം പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ നടത്തിയ കൊലപാതകമായതിനാൽ സമൂഹത്തിന് ഒരു സന്ദേശം കൂടി ആകണം കോടതി വിധിയെന്നും, രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട മാതൃസ്നേഹം നഷ്ടപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന് വേണ്ടി കെ.ബി.മഹേന്ദ്ര വാദിച്ചു. ഒരു യുവതിക്ക് ആഹാരം നിഷേധിച്ച് മരണം ഉറപ്പാക്കിയ പ്രതികൾ ഒരുതരത്തിലുമുള്ള ആനൂകൂല്യവും അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 11ന് പ്രതികളെ ഇരുവരെയും കോടതിയിൽ എത്തിച്ചിരുന്നു. ശിക്ഷ സംബന്ധിച്ച് അഭിഭാഷകരുടെ വാദത്തിനു ശേഷം വിധി പറയാൻ ഉച്ചയ്ക്കു ശേഷം സമയം നിശ്ചയിച്ചു. വൈകിട്ട് മൂന്നരയ്ക്ക് ശേഷമാണ് അഡിഷനൽ സെഷൻസ് ജഡ്ജി എസ്. സുഭാഷ് വിധി പറഞ്ഞത്. വിധി പറയും മുൻപ് ഗീത അസ്വസ്ഥതയോടെ കസേരയിൽ ഇരുന്നു. വിധി പ്രഖ്യാപനത്തിനു ശേഷം ചന്തുലാലാണ് അമ്മയെ താങ്ങിയെടുത്തു കോടതിക്കു പുറത്ത് എത്തിച്ചത്.