അതിക്രൂരമാണു കരുനാഗപ്പളളി അയനിവേലിക്കുളങ്ങര സ്വദേശിനി തുഷാരയുടെ മരണം. രണ്ടാം പ്രസവത്തിൽ 45 കിലോ ഭാരമുണ്ടായിരുന്ന തുഷാര മരിക്കുമ്പോൾ വെറും 21 കിലോഗ്രാമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. പഴുപ്പു പോലുള്ള ദ്രാവകം മാത്രമായിരുന്നു ആമാശയത്തിൽ. ചർമം എല്ലിനോടു ചേർന്നു മാംസം നിലയിൽ ആയിരുന്നു. വയർ ഒട്ടി വാരിയെല്ലു തെളിഞ്ഞു നട്ടെല്ലിനോടു ചേർന്നിരുന്നു. മസ്തിഷ്കത്തിൽ ഉൾപ്പെടെ ആന്തരികാവയവങ്ങളിൽ നീർക്കെട്ടു ബാധിച്ചിരുന്നു. കൂടാതെ, ശരീരത്തിൽ 26 മുറിവുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കൈയിലെ 3 മുറിവുകൾ മൂർച്ചയില്ലാത്ത ആയുധം ഉപയോഗിച്ചുള്ളതും ബാക്കിയുള്ളവ ശരീരം നിരക്കുകയോ, വലിക്കുകയോ ചെയ്യുമ്പോഴുള്ളതുമായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാലി(36)ന്റെയും തുഷാരയുടെയും വിവാഹം 2013 ൽ ആയിരുന്നു. നിർധന കുടുംബമാണ് തുഷാരയുടേത്. എങ്കിലും 20 പവൻ സ്വർണവും 2 ലക്ഷം രൂപയും സ്ത്രീധനമായി നൽകാമെന്ന ഉറപ്പു നൽകി. സ്ത്രീധനത്തുക 3 വർഷത്തിനുള്ളിൽ നൽകാമെന്നു കാണിച്ചു പ്രതികൾ കരാറിൽ ഒപ്പുവച്ചു. 3 വർഷത്തിനുള്ളിൽ പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ 5 സെന്റ് സ്ഥലം നൽകണമെന്നായിരുന്നു കരാർ. എന്നാൽ, 3 മാസം പിന്നിട്ടപ്പോൾ മുതൽ തുക ആവശ്യപ്പെട്ട് തുഷാരയെ ശാരീരികമായും മാനസികമായും ചന്തുലാലും മാതാവ് ഗീത ലാലിയും പീഡിപ്പിച്ചു. തുഷാര സ്വന്തം വീട്ടിൽ പോകാനോ മാതാപിതാക്കളുമായി സഹകരിക്കാനോ കാണാനോ പ്രതികൾ അനുവദിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
സ്ത്രീധന പീഡന മരണത്തേക്കാൾ ഉപരി അതിക്രൂരമായ കൊലപാതകം എന്ന നിലയിലാണ് കേസിനെ കോടതി സമീപിച്ചത്. അതിനുള്ള ന്യായീകരണങ്ങളും പ്രോസിക്യൂഷൻ അഭിഭാഷകൻ നിരത്തി. ശക്തമായ തെളിവുകളാണ് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചത്. അയൽവാസികളുടെ മൊഴികൾ, അധ്യാപിക, ആശാ വർക്കർമാർ എന്നിവരുടെ മൊഴികളും കേസിൽ നിർണായകമായി. കൂടാതെ, പോസ്റ്റ്മോർട്ടം ചെയ്ത ഫൊറൻസിക് വിദഗ്ധയുടെയും ഇൻക്വസ്റ്റ് തയാറാക്കിയ തഹസീൽദാരുടെയും മൊഴികളും കേസിനെ ബലപ്പെടുത്തി.
2013ലായിരുന്നു ഇവരുടെ വിവാഹം. അഞ്ചര വർഷം കഴിഞ്ഞപ്പോഴാണ് മരണം. ആദ്യ കുട്ടിയുടെ ജനനം മുതൽ തന്നേ തുഷാരയുടെ കുടുംബവുമായി അകൽച്ചയുണ്ടായിരുന്നു. ആദ്യ പ്രസവത്തിനു മുന്നോടിയായി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാൻ എത്തിയ തുഷാരയുടെ മാതാപിതാക്കളെ ഭർത്തവ് ചന്തുലാൽ ആട്ടിപ്പായിച്ചു. ഗ്രാഫിക് ഡിസൈനറാണെന്നു പറഞ്ഞായിരുന്നു വിവാഹം. അന്ന് രണ്ടു നില വീടും കാറും ബൈക്കും സ്വന്തമായുണ്ടായിരുന്നു. ആറു മാസം കഴിഞ്ഞ് വീടു വിറ്റാണ് പൂയപ്പള്ളിയിലേക്കു ചന്തുലാലിന്റെ കുടുംബം മാറുന്നത്. തുടർന്ന് പെയിന്റിങ് ഉൾപ്പെടെയുള്ള ജോലികളിൽ വ്യാപൃതനായി. രണ്ടാം പ്രതി ഗീതയ്ക്ക് മന്ത്ര–തന്ത്ര വിഷയങ്ങളിൽ താൽപര്യമുണ്ടായിരുന്നു. തുഷാര ബിരുദ ധാരിയാണെങ്കിലും ജോലിക്കു പോകാൻ ഭർതൃവീട്ടുകാർ അനുവദിച്ചില്ല.
പൂയപ്പള്ളിയിലെ വീട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോൾ തുഷാര ക്രൂര മര്‍ദനത്തിന് ഇരയായി. മൂത്ത കുട്ടിയെ എടുക്കാൻ ശ്രമിച്ച കുറ്റത്തിനായിരുന്നു മർദനം. അയൽവാസികൾ വീട്ടിലെ വിവരങ്ങൾ അറിയാതിരിക്കാൻ ചുറ്റും ടിൻ ഷീറ്റ് കൊണ്ടു വേലി നിർമിച്ചു. അയൽവാസികൾ എത്തി നോക്കിയ കാരണത്തിന് ടിൻ വേലിയുടെ ഉയരം കൂട്ടിയെന്നും അയൽവാസികൾ പറഞ്ഞു. ഇത് ഉൾപ്പെടെ അയൽവാസികളുടെ മൊഴികള്‍ പ്രോസിക്യൂഷനു കരുത്തു പകർന്നതോടെയാണ് അതിക്രൂര കൃത്യത്തിലെ പ്രതികൾക്കു ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
മൂത്ത മകളെ സ്കൂളിൽ ചേർക്കാൻ എത്തിയപ്പോൾ മാതാവിന്റെ പേര് ഗീത (രണ്ടാം പ്രതി) എന്നാണു നൽകിയത്. തുഷാരയുടെ മരണ ശേഷമാണ് സാന്ദ്രയുടെ അമ്മ ഗീതയല്ലെന്നു തിരിച്ചറിഞ്ഞതെന്നാണ് അധ്യാപികയുടെ മൊഴി. പ്രസവ സമയത്തും കുഞ്ഞിന്റെ ശുശ്രൂഷ കാലയളവിലും ആശാ വർക്കർമാരെ കാണാൻ അനുവദിച്ചില്ല. തുഷാരയുടെ മരണ ശേഷം കുട്ടികൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോഷകാഹാരക്കുറവിന് ചികിത്സിച്ചിരുന്നെന്നും റിപ്പോർട്ടുണ്ട്.
ഭർത്താവിനും ഭർതൃ മാതാവിനും ജീവപര്യന്തം
കൊല്ലം ∙ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവിനും ജീവപര്യന്തം. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവര്‍ക്കാണ് കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇരുവർക്കും ഓരോ ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വർഷം മുൻപ് ഇത്തിക്കര ആറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
പ്രോസിക്യൂഷന് അഭിമാനകരമായ നേട്ടം: അഡ്വ. കെ.ബി. മഹീന്ദ്ര
പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ് ഇന്ത്യയിൽ തന്നെ ആദ്യമാണെന്ന് കേസിലെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ കെ.ബി. മഹീന്ദ്ര പറഞ്ഞു. സമാനമായ മറ്റൊരു കേസ് ഉണ്ടായിരുന്നെങ്കിലും ഇരയായ ആൾ മരിച്ചിരുന്നില്ല. കേരളത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ അഭിഭാഷകരോട് സംസാരിച്ചാണ് പ്രോസിക്യൂഷൻ വാദം നിരത്തിയത്. കൂടാതെ, നിർണായകമായ മൊഴികളും തെളിവുകളും കേസിനെ ബലപ്പെടുത്തി. 14 ദിവസം വരെ ആഹാരം കഴിക്കാതെ ഒരാൾക്കു ജീവിക്കാം. 14 മുതൽ 20 ദിവസം വരെ വെള്ളം കഴിച്ചും ജീവിക്കാം. അതിനുമപ്പുറമാണ് തുഷാര അനുഭവിച്ചത്. എനിക്കും രണ്ടു പെൺകുട്ടികളുണ്ട്. വിവാഹം കഴിപ്പിച്ച് അയയ്ക്കുന്ന മകളുടെ ക്ഷേമം അന്വേഷിക്കാൻ പോലും അനുവദിക്കാത്ത തരത്തിൽ പ്രതികൾ പെരുമാറി എന്നത് ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.