‘ആ കുഞ്ഞിന് ഒന്നും തിന്നാൻ കൊടുക്കാറില്ലേ... അമ്മ കഴിച്ചതൊന്നും കുഞ്ഞിന് കിട്ടിയില്ലല്ലോ... നിങ്ങളേയും ഭർത്താവിനേയും ഇപ്പോൾ കണ്ടാൽ മൂത്ത ചേച്ചിയും അനിയനുമാണെന്നേ പറയൂ, ഇതെന്തൊരു വണ്ണമാ...’
അടക്കം പറച്ചിലുകൾ മുതൽ പരിധിവിട്ട പരിഹാസങ്ങൾ വരെ. തുറിച്ചു നോട്ടങ്ങൾ മുതൽ കളിയാക്കി ചിരിക്കലുകൾ വരെ. പിടിവിട്ടു പോയ ശരീരഭാരം ആത്മാഭിമാനത്തിനും വ്യക്തിത്വത്തിനും ഏൽപിച്ച പരുക്കുകളുടെ ആഴമളന്നാൽ തിരുവല്ലക്കാരി രാജിയുടെ കണ്ണുകൾ നിറയും. അടുത്ത സുഹൃത്തുക്കൾ പോലും കുത്തുവാക്കുകളും പരിഹാസങ്ങളും കൊണ്ട് മൂടിയപ്പോഴാണ് താൻ അനുഭവിക്കുന്ന വീർപ്പുമുട്ടലിന്റെ ആഴം രാജി തിരിച്ചറിഞ്ഞത്.
തന്നേക്കാൾ രണ്ടു മടങ്ങ് മുതിർന്നവർ പോലും ആന്റിയെന്ന് വിളിച്ച പരിഹാസം കേവലം സൗന്ദര്യ ബോധത്തിൽ നിന്നുണ്ടായതല്ല. മറിച്ച് ശരീരഭാരത്തിന്റെ നിയന്ത്രണം തന്റെ കയ്യിൽ നിന്നും വഴുതിപ്പോയതിലെ വേദനയായിരുന്നു മനസു നിറയെ. അഞ്ചും പത്തും കിലോ കുറച്ച് സേഫ് സോണിലേക്ക് തിരികെ വരുന്ന കഥയല്ല മുപ്പത്തിയൊന്നുകാരി രാജിക്ക് പറയാനുള്ളത്. 80 കിലോയിൽ നിന്നും 136 കിലോയിലേക്ക് കുതിച്ചു പാഞ്ഞ ശരീരഭാരവും അതേൽപിച്ച മാനസിക ആഘാതങ്ങളുടെയും കഥയാണിത്. അവിശ്വസനീയമെന്നോ അദ്ഭുതമെന്നോ തോന്നിപ്പിക്കും വിധം മാസായി ഫിറ്റ്നസിലേക്ക് തിരികെ എത്തിയ ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ നിശ്ചയദാർഢ്യത്തിന്റെ കഥ...
പൊണ്ണത്തടിയുടെ ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ ഫ്ലാഷ് ബാക്കിൽ നിന്നും നിറമുള്ള ഫിറ്റ്നസ് കാലത്തിലേക്ക് മടങ്ങിയെത്തിയ കഥ രാജി വനിത ഓൺലൈനോടു പറയുന്നു.

ഐ ആം നോട്ട് എ ഫുഡി
‘എവിടുന്നാ റേഷൻ വാങ്ങുന്നേ... എന്താ ഈ കഴിച്ചേ...’ തടിയുള്ളവരെ കാണുമ്പോൾ പലരും ആദ്യം ചോദിക്കുന്ന ചോദ്യം ഇതൊക്കെയാണ്. ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ആളാണ് ഞാൻ. ചെറുപ്പത്തിലേ വണ്ണം ഉണ്ടായിരുന്നു എന്നുള്ളതും സത്യമാണ്. പക്ഷേ സെഞ്ച്വറിയും കടന്ന് 136 കിലോ വരെ എന്നെ കൊണ്ടെത്തിച്ചതിനു പിന്നിലെ പ്രധാന വില്ലൻ ഭക്ഷണമല്ല. പരിഹസിക്കുന്നവരേ... കളിയാക്കിയവരെ... കുത്തുവാക്കുകൾ പറഞ്ഞവരേ... ഭക്ഷണം കഴിച്ചാൽ മാത്രമല്ല മനുഷ്യർ, പ്രത്യേകിച്ച് സ്ത്രീകൾ വണ്ണം വയ്ക്കുന്നത്.– രാജി പറഞ്ഞു തുടങ്ങുകയാണ്.
ഏറിയാൽ 70 കിലോ അല്ലെങ്കിൽ 80. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും അതായിരുന്നു എന്റെ പരമാവധി ഭാരം. ഒന്നു മനസു വച്ചാൽ ഞാനായിട്ട് തന്നെ അതു കുറയ്ക്കുകയും ചെയ്യും. പക്ഷേ വിവാഹ ശേഷമെത്തിയ കോവിഡും നിനച്ചിരിക്കാതെ പിന്നാലെ കൂടിയ തൈറോയ്ഡും എല്ലാത്തിനും മേലെ പ്രസവകാലവും ഹോർമോണിലെ അസന്തുലിതാവസ്ഥയും എന്നെ അടിമുടി മാറ്റി.

80 കിലോ തന്നെയായിരുന്നു ഗർഭകാലത്തേയും ഭാരം. പക്ഷേ മകൾ കൈറ ഉണ്ടായി കഴിഞ്ഞ ശേഷം കാര്യങ്ങൾ പിടിവിട്ടു പോയി. മുലയൂട്ടുന്നുതു കൊണ്ടും പ്രസവാനന്തര സുരക്ഷ പരിഗണിച്ചും സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചിരുന്നു എന്നതൊഴിച്ചാൽ കാര്യമായൊരു ‘തെറ്റും’ ഞാൻ ചെയ്തിട്ടില്ല. പക്ഷേ ശരീരഭാരം കൈവിട്ടു പൊയ്ക്കൊണ്ടേയിരുന്നു. എൺപത് നൂറായി, നൂറ് നൂറ്റിപ്പത്തായി ഒടുവിൽ 136ൽ ലാൻഡ് ചെയ്തു.
ജോലിക്കിറങ്ങിയപ്പോഴാണ് ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത്. മൂന്നും നാലും മണിക്കൂർ ഒരേ നിൽപ് നിന്നാണ് മേക്കപ്പ് ആർട്ടിസ്റ്റായ ഞാൻ കല്യാണപ്പെണ്ണിനെ മേക്കപ്പ് ചെയ്യുന്നത്. തടി കൂടിയതോടെ ഏറെ നേരത്തെ നിൽപിൽ കാലുകൾ തളരാനും നീരു വയ്ക്കാനും തുടങ്ങി. രണ്ടടി എടുത്തു വച്ചാൽ പോലും കിതപ്പ്. കുഞ്ഞിനെ മുലയൂട്ടുന്നതു കൊണ്ടു തന്നെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ചുരുക്കത്തിൽ തടി വലിയൊരു ചോദ്യ ചിഹ്നമായി. ഇതിനിടയിൽ പുതിയൊരു അതിഥി കൂടി വന്നു, കൊളട്സ്ടോൾ!
പരിഹാസം അറ്റ് ഇറ്റ്സ് പീക്
വ്യക്തിപരമായി നമ്മൾ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ എങ്ങനേയും സഹിക്കാം. പക്ഷേ തടിയുടെ പേരിൽ മുള്ളുകുത്തും പോലെ കേൾക്കുന്ന പരിഹാസങ്ങൾ എങ്ങനെ സഹിക്കാനാണ്. പ്രസവാനന്തര ചികിത്സയ്ക്കോ അല്ലാതെയോ ആശുപത്രിയിൽ പോകുമ്പോൾ ഒരു കസേരയിൽ മനസുറച്ച് ഇരിക്കാൻ പോലും ആകില്ല. കാരണം എന്റെ ശരീരത്തെ ഉൾക്കൊള്ളാൻ പറ്റിയ കസേര അവിടെ ഉണ്ടാകില്ല. ഇനി വല്ല വിധേനയും ഇരുന്നാലോ ശരീരം ഞെരുങ്ങി പോകും. ഇതെല്ലാം കണ്ട് പരിഹാസ ചിരി നടത്തുന്നവരെയും ‘ദേ... അതു കണ്ടോ’ എന്ന മട്ടിൽ എന്നെ ചൂണ്ടി കാണിക്കുന്നവരേയും ഞാൻ തന്നെ പലപ്പോഴും കണ്ടിട്ടുണ്ട്.

‘അമ്മ കഴിച്ചിട്ട് കുഞ്ഞിന് ഒന്നും കിട്ടിയില്ലല്ലോ എന്നു ചോദിച്ച ബന്ധുക്കൾ, അന്ന് 29 വയസു മാത്രമുള്ള എന്നെ നോക്കി ആന്റിയെന്നു വിളിച്ച തലനരച്ച ഓട്ടോ ചേട്ടൻമാർ, ഭർത്താവ് ശിവകുമാറിന്റെ മൂത്ത ചേച്ചിയാണോ എന്നു ചോദിച്ച് മേക്കപ്പ് ഷോപ്പിലെത്തിയ കസ്റ്റമർ എന്നു തുടങ്ങി നാണക്കേടിലേക്കും അപകർഷതാ ബോധത്തിലേക്കും തള്ളിവിട്ട ഒത്തിരി പേരുണ്ടായിരുന്നു. തീർന്നില്ല കഥ, ആഗ്രഹിച്ചൊരു ഡ്രസ് പോലും വാങ്ങാൻ പറ്റിയെന്നു വരില്ല. റെഡിമെയ്ഡ് കടകൾ കയ്യൊഴിഞ്ഞപ്പോൾ പ്രഫഷണൽ തയ്യൽക്കാരെ ആശ്രയിക്കേണ്ടി വന്നു. തൃശൂരുള്ള ഒരു ഡിസൈനർ ആൻഡ് സ്റ്റിച്ചിങ് കമ്പനി എന്റെ ഹിപ് സൈസ് 63 ആണെന്ന് കണ്ട് അന്തംവിട്ടു. എല്ലാ അർത്ഥത്തിലും തകർന്ന ദിനങ്ങൾ. സർജറി ചെയ്ത് വണ്ണം കുറച്ചാലോ എന്നു പോലും ചിന്തിച്ചു.
തിരിച്ചു വരവിന്റെ നാളുകൾ
ഏതുവിധേനയും വണ്ണം കുറച്ചേ അടങ്ങൂ എന്നുറപ്പിച്ചു മുന്നോട്ടു പോയി. ആദ്യഘട്ടത്തിൽ തന്നാലാവും വിധം ഡയറ്റ് ചെയ്ത് 10 കിലോ കുറച്ചു. 126 കിലോയായി കുറഞ്ഞെങ്കിലും കാഴ്ചയ്ക്കും പരിഹാസത്തിനും മാത്രം മാറ്റമൊന്നുമില്ല. മാത്രവുമല്ല, മുലയൂട്ടുന്ന കുഞ്ഞിന്റെ കാര്യം ആലോചിക്കുമ്പോൾ കടുത്ത ഡയറ്റ് എടുക്കാനും നിവൃത്തിയില്ല.
അങ്ങനെയാണ് ജിമ്മിലേക്ക് പോകുന്നത്. എല്ലാവരും ഫിറ്റായിട്ടുള്ള ഡ്രസ് ഇട്ടു വരുമ്പോൾ ആത്മവിശ്വാസത്തോടെ ഒരു ഡ്രസ് ഇടാൻ പോലും കഴിയുന്നില്ല. ഒരുപക്ഷേ ജിമ്മിലേക്ക് വേണ്ടി പ്രത്യേകം ഡ്രസ് സ്റ്റിച്ച് ചെയ്ത് പോയത് ഞാൻ മാത്രമായിരിക്കും. ആദ്യ ഘട്ടം ശരിക്കും പരാജയമായിരുന്നു. കാർഡിയോയിൽ തുടങ്ങിയ ജിം പ്രയാണം എന്നെ അടിമുടി തളർത്തി. ഈ ശരീരവും വച്ച് ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥ. ഒരു ഘട്ടത്തിൽ ജിമ്മിലേക്ക് ഇല്ലെന്ന് തന്നെ ഉറപ്പിച്ചു.

പക്ഷേ കഴിഞ്ഞ ഒക്ടോബറിൽ എന്നിലെ ഫിറ്റ്നസ് ഫ്രീക്ക് സടകുടഞ്ഞ് എഴുന്നേറ്റു. കഴിഞ്ഞവട്ടം എന്നെ തളർത്തിയ കാർഡിയോ ഒഴിവാക്കി, വെയ്റ്റ് ലിഫ്റ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ട്രെഡ് മില്ലിൽ കയറ്റം കയറുന്ന വിധമുള്ള ഇൻക്ലിനേഷൻ സെറ്റ് ചെയ്ത് വർക്ഔട്ട് ചെയ്തു. കഠിനാധ്വാനത്തിന്റെ ദിനങ്ങൾ...
മകൾക്ക് ഫീഡിങ് നിർത്തിയതോടെ ഡയറ്റും സീരിയസായി എടുത്തു. രാവിലെ ഓട്സ്, ഒരു ഇഡലി എന്നീ അളവുകളിൽ തുടങ്ങി ഭക്ഷണം. ഉച്ചയ്ക്ക് 80 ഗ്രാം ബസ്മതി റൈസും സാലഡും. കൂട്ടിന് ചിക്കന്റെ ബ്രെസ്റ്റോ മീനോ കാണും. രാത്രിയും ഏകദേശം ഇതേ ഭക്ഷണം തന്നെയായിരിക്കും. പക്ഷേ 6 മണിക്ക് മുൻപ് അത്താഴം കഴിച്ചിരിക്കും.
ഒരു തപസു പോലെ കടന്നു പോയ 6 മാസം. ആഴ്ചകളുടെയും മാസങ്ങളുടെയും ഇടവേളകളിൽ വെയിങ് മെഷീനിൽ തെളിഞ്ഞ മാറ്റങ്ങൾ എന്തെന്നില്ലാത്ത സന്തോഷം നൽകി. ഒടുവിൽ ഇന്നു കാണുന്ന ഞാൻ ആഗ്രഹിച്ച മാറ്റത്തിലേക്ക്. എട്ടു മാസം കൊണ്ട് 136 കിലോയിൽ നിന്നും 88 കിലോയിലേക്ക്. കുറച്ചത് 48 കിലോ!

അന്ന് പരിസഹിച്ചവർ ഇന്ന് എന്നെ കാണുമ്പോൾ നൽകുന്ന നല്ല വാക്കുകൾക്ക് ഒരു മധുര പ്രതികാരത്തിന്റെ സുഖമുണ്ട്. എല്ലാത്തിനും അപ്പുറം എന്റെ ഫിറ്റ്നസ് തിരിച്ചു പിടിച്ചതിലെ സന്തോഷം, ഒന്നും അവസാനിച്ചിച്ചിട്ടില്ല, തടിയെ നിലയ്ക്കു നിർത്തുന്ന ഈ യാത്ര തുടരും. മറ്റൊരു സന്തോഷമെന്തെന്നാൽ എന്റെ ട്രാൻസ്ഫർമേഷൻ വിഡിയോ കണ്ട് സ്ത്രീകൾ കൂടുതൽ ജിമ്മിലേക്ക് എത്തുന്നു എന്നതാണ്. ഞാൻ മേക്കപ്പ് ചെയ്ത ദുബായിലെ എന്റെയൊരു കസ്റ്റമർ വിളിച്ചിരുന്നു. അവരുടെ ഫിറ്റ്നസ് ഗ്രൂപ്പിൽ ഞാൻ ആണത്രേ ഇപ്പോൾ റോൾ മോഡൽ. അങ്ങനെ എത്രയെത്ര സന്തോഷങ്ങൾ.– രാജി പറഞ്ഞു നിർത്തി.