ഹിമാൻഷിയുടെ നെറ്റിയിലെ സിന്ദൂരം മായിചു കളഞ്ഞ് അവളെ വിധവയാക്കിയ ഭീകരതയ്ക്ക്... ഐശന്യ ദ്വിവേദിയെ വിധവയാക്കിയ കാടത്തത്തിന്... ഇന്ത്യ മറുപടി നൽകിയിരിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിലൂടെ. പഹൽഗാമിൽ പിടഞ്ഞുവീണ പ്രിയപ്പെട്ടവനരികിൽ നിറകണ്ണുകളോടെ ഇരുന്ന ഹിമാൻഷിയുടെ ചിത്രം ഇന്ത്യയുടെ ഹൃദയത്തിലേറ്റ മുറിവായിരുന്നു. അന്ന് മരണത്തെ പുൽകിയ അവളുടെ പ്രിയപ്പെട്ടവൻ ലഫ്റ്റനന്റ് വിനയ് നർവാളിന്റേതുൾപ്പെടെ, ഐശന്യയുടെ ഭർത്താവ് ശുഭം ദ്വിവേദിയുടേതുൾപ്പെടെ 28 പേരുടെ രക്താസക്ഷിതത്വത്തിന് നാടും കാലവും നൽകുന്ന മറുപടി.
നിരായുധരായ കുറേ മനുഷ്യരായിരുന്നു ബൈസരൺ താഴ്‍വരയുടെ മണ്ണിൽ ഏപ്രില്‍ 22ന് പിടഞ്ഞുവീണത്. കൊന്നുവീഴ്‍ത്തും മുൻപ് അവരുടെ പ്രിയപ്പെട്ടവരോട് ‘ഇതൊക്കെ പോയി പ്രധാനമന്ത്രിയോട് പറയൂ’ എന്ന് പറഞ്ഞ ഭീകരവാദത്തിന് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ മറുപടി നൽകിയത് കാവ്യ നീതിയാകുന്നത് മറ്റൊരു കാരണം കൊണ്ടു കൂടിയാണ്. പെണ്ണിന്റ സിന്ദൂരം മായിച്ചു കളഞ്ഞ ഭീകരതയ്ക്ക് സൈനിക ഓപ്പേറഷനിലൂടെ മറുപടി നൽകിയപ്പോൾ അതിന്റെ ഭാഗമാകാൻ സ്ത്രീകളെ തന്നെകൊണ്ടുവന്നു രാജ്യം.
രാജ്യം പകരംചോദിച്ച അഭിമാന നിമിഷം ലോകത്തെ അറിയിക്കാന്‍ രാജ്യം നിയോഗിച്ചത് രണ്ട് വനിതകളെ. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമാണ് ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. അതിർത്തി കടന്നെത്തിയ പാക് ഭീകരതയുടെ ശക്തി കേന്ദ്രങ്ങളെ സേന നാമാവശേഷമാക്കിയതായി കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഒന്‍പത് ഭീകരത്താവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. കഴിഞ്ഞ മൂന്ന് ദശാബ്ദ കാലമായി പാക്കിസ്ഥാന്‍ അതിര്‍ത്തിക്കപ്പുറം ഭീകരക്യാംപുകള്‍ നടത്തിവരികയാണെന്നും പാക്കിസ്ഥാനിലും പാക് അധീനകശ്മീരിലുമായി ഉണ്ടായിരുന്ന ഭീകര കേന്ദ്രങ്ങളും നശിപ്പിച്ചുവെന്നും ഖുറേഷി വിശദീകരിച്ചു.
ഇന്റലിജൻസ് നല്‍കിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിഴവില്ലാത്ത ആസൂത്രണം നടത്തിയാണ് ആക്രമണം നടത്തിയതെന്ന് വിങ് കമാന്‍ഡര്‍ വ്യോമിക സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഭീകരരുടെ പരിശീലന കേന്ദ്രങ്ങളും ക്യാംപുകളും സൈന്യം തകര്‍ത്തു. മുസഫറാബാദിലെ ലഷ്കര്‍ ക്യാംപും തകര്‍ത്തുവെന്നും അവര്‍ വ്യക്തമാക്കി. ഒരു കെട്ടിടം, കെട്ടിടങ്ങളുടെ സമുച്ചയം എന്നിങ്ങനെയാണ് തകര്‍ത്തത്. ഒരു സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണം നടന്നിട്ടില്ലെന്നും സോഫിയ ഖുറേഷി വിശദീകരിച്ചു.
ആരാണ് സോഫിയ ഖുറേഷി
കേണൽ സോഫിയ ഖുറേഷി ഇന്ത്യൻ ആർമിയുടെ കോർപ്സ് ഓഫ് സിഗ്നൽസിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. എക്സര്‍സൈസ് ഫോഴ്സ് 18 എന്ന് നാമകരണം ചെയ്ത് 2016 ൽ നടന്ന സൈനികാഭ്യാസത്തിൽ ഇന്ത്യൻ സേനയെ നയിച്ചത് സോഫിയയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ആതിഥേയത്വം വഹിക്കുന്ന വിദേശ സൈനികാഭ്യാസമാണിത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു ഇത്. ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ (പികെഒ) ആറ് വർഷം സേവനമനുഷ്ഠിച്ചതും കോംഗോയിലെ ഐക്യരാഷ്ട്രസഭയുടെ മിഷനിൽ (2006) ശ്രദ്ധേയമായ സമയം നൽകിയതും അവരുടെ മുൻ സേവനങ്ങളിൽ ഉൾപ്പെടുന്നു.
ഗുജറാത്ത് സ്വദേശിയായ ഖുറേഷി ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. മുത്തച്ഛന്റെ പാത പിന്തുടർന്നാണ് സോഫിയ ആർമി യൂണിഫോം അണിയുന്നത്, സൈനിക ഓഫിസറെയാണ് അവര്‍ വിവാഹം കഴിച്ചതും. സ്ത്രീയെന്നതിനെക്കാള്‍ കഴിവും പ്രാപ്തിയുമാണ് സോഫിയ ഖുറേഷിയെ സൈന്യത്തിലെത്തിച്ചതെന്ന് അന്നത്തെ മേധാവിയായ ജനറല്‍ ബിപിന്‍ റാവത്തും പറഞ്ഞിരുന്നു.