വേനലവധി തുടങ്ങിയശേഷം നിത്യവും കളിചിരികൾ മുഴങ്ങിയിരുന്ന കളിമുറ്റമാണ് ഇന്നലെ അപ്രതീക്ഷിത ദുരന്തത്തിനു വേദിയായത്. വീടിനു സമീപത്തെ അയൽവാസിയുടെ പുരയിടത്തിലെ മരച്ചുവട്ടിൽ പതിവുപോലെ അനുജൻ മുഹമ്മദ് സ്വാലിഹിനൊപ്പം കളിക്കുമ്പോഴാണ് അപകടം റുക്സാനയുടെ ജീവൻ കവർന്നത്.
മാസങ്ങളായി ഉണങ്ങിനിന്ന മരം അപകടം വരുത്തുമെന്ന് കുട്ടികളോ മുതിർന്നവരോ കരുതിയിരുന്നില്ല. മരം ഒടിയുന്ന ശബ്ദം കേൾക്കുമ്പോൾ സ്വാലിഹ് മരത്തിനു ചുവട്ടിൽ കളിയിൽ മുഴുകിയിരിക്കുകയായിരുന്നു. അനുജന്റെ ദേഹത്ത് പതിക്കും എന്നുറപ്പായതോടെ, അൽപം മാറിനിൽക്കുകയായിരുന്ന റുക്സാന രക്ഷിക്കാനായി ഓടിയെത്തുകയായിരുന്നു. മരത്തിനടിയിൽ നിന്ന അനുജനെ വാരിയെടുത്ത് മാറ്റിയെങ്കിലും മരം റുക്സാനയുടെ ദേഹത്തു പതിച്ചു.
സ്വാലിഹിന് പരുക്കേറ്റില്ല. സെക്കൻഡുകൾക്കുള്ളിലാണ് എല്ലാം സംഭവിച്ചത്. ശബ്ദം കേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തിയപ്പോൾ റുക്സാന മരത്തിനടിയിൽപ്പെട്ടു കിടക്കുന്നതാണു കണ്ടത്. കടുത്ത വേദനക്കിടയിലും അവൾ സംഭവത്തെക്കുറിച്ച് പറഞ്ഞതായി നാട്ടുകാർ ഓർക്കുന്നു. തിരുവനന്തപുരത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴാണു മരിച്ചത്. സംസ്കാരം നടത്തി.