ഫൊറൻസിക്, ഡിജിറ്റൽ തെളിവുകൾ ആധാരമാക്കിയാണ് കേഡലിനെതിരായ കേസ് പ്രോസിക്യൂഷൻ തെളിയിച്ചത്. കൊലപാതകങ്ങൾക്ക് ഉപയോഗിച്ച മഴു കേഡൽ ഓൺലൈൻ വഴി വാങ്ങിയതടക്കമുള്ള രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. മഴു കൊണ്ട് തലയ്ക്കു വെട്ടി കൊലപ്പെടുത്തുന്ന വിഡിയോകൾ കേഡൽ പതിവായി കണ്ടതിന്റെ തെളിവുകളും നിർണായകമായി. കൊലപാതകങ്ങൾ നടന്ന ദിവസങ്ങളിൽ കേഡൽ വീട്ടിലുണ്ടായിരുന്നുവെന്നു തെളിയിക്കാൻ 2017 ഏപ്രിൽ 4 മുതൽ 8 വരെ വീട്ടിലെ കംപ്യൂട്ടർ അയാൾ ഉപയോഗിച്ചതിന്റെ വിവരങ്ങൾ ഹാജരാക്കി.
സംഭവശേഷം ചെന്നൈയിലേക്കു രക്ഷപ്പെട്ട കേഡൽ, അവിടത്തെ ഹോട്ടലിൽ ഷൂസും വസ്ത്രങ്ങളും ഉപേക്ഷിച്ചിരുന്നു. അതിൽ നിന്നെല്ലാം കൊല്ലപ്പെട്ടവരുടെ രക്തക്കറ കണ്ടെടുത്തു. വീട്ടിലെ ഓരോരുത്തരെയായി കാണാതായതിന്റെ വിവരങ്ങൾ സംബന്ധിച്ച് വീട്ടുജോലിക്കാരി നൽകിയ മൊഴിയും കേസിൽ ശക്തമായ തെളിവായി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ദിലീപ് സത്യൻ, അഭിഭാഷകരായ ആർ.വി.നിതിൻ, റിയ ലിസ തോമസ് എന്നിവർ ഹാജരായി.
തെറ്റിദ്ധരിപ്പിക്കാൻ ചെന്നൈ യാത്ര; കയ്യോടെ പിടിയിൽ
തിരുവനന്തപുരം ∙ കൂട്ടക്കൊലപാതകത്തിനു ശേഷം ചെന്നൈയിലേക്കു മുങ്ങിയ കേഡൽ ജീൻസൺ രാജ പിറ്റേന്ന് തന്നെ തിരുവനന്തപുരത്തു മടങ്ങിയെത്തി. സംഭവം നടക്കുമ്പോൾ താൻ ചെന്നൈയിലായിരുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു തിരുവനന്തപുരത്തേക്കുള്ള മടക്കയാത്ര. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ അപ്രതീക്ഷിതമായാണ് ഇയാൾ പിടിയിലായത്. മഫ്തി പൊലീസ് സംഘം സ്റ്റേഷനിൽ മദ്യപരെയും പോക്കറ്റടിക്കാരെയും മറ്റും പിടിക്കാൻ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ ട്രെയിനിൽ വന്നിറങ്ങിയത്. ടിക്കറ്റ് കൗണ്ടറിനു സമീപം പരിശോധന നടത്തിയ പൊലീസ്, കേഡലിനെ കണ്ട് സംശയം തോന്നി വിളിപ്പിക്കുകയായിരുന്നു.
വിദേശയാത്രകൾ മുടക്കി കേഡൽ കെണിയൊരുക്കി
തിരുവനന്തപുരം ∙ പിതാവിനോടു മാത്രമാണു തനിക്കു വിരോധമുണ്ടായിരുന്നത് എന്നായിരുന്നു കേഡലിന്റെ മൊഴിയെങ്കിലും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്താൻ പ്രതി ആസൂത്രിത നീക്കം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ജോലിക്കായി സഹോദരി വിദേശത്തേക്കു പോകുന്നത് ഇയാൾ മനഃപൂർവം മുടക്കി. വിദേശ ജോലിക്കായി സഹോദരി എഴുതാനിരുന്ന പരീക്ഷ താൻ റജിസ്റ്റർ ചെയ്യാമെന്നാണു കേഡൽ അറിയിച്ചിരുന്നതെങ്കിലും ചെയ്തില്ല. ഇതോടെ സഹോദരിയുടെ പരീക്ഷ മുടങ്ങി. വിദേശ ജോലിയും നഷ്ടമായി. ഇതിനിടെ, ജോലിക്കായി അമ്മ വിദേശത്തേക്കു പോകാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ ഇയാൾ, അതിനു മുൻപായി കൊലപാതകങ്ങൾ നടത്തുകയായിരുന്നെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കണ്ണില്ലാത്ത ക്രൂരത കാഴ്ചശക്തിയില്ലാത്ത ബന്ധു ലളിതയെയും കൊലപ്പെടുത്തി കേഡൽ
∙കേഡൽ കൊലപ്പെടുത്തിയ ബന്ധുവായ ലളിത എന്ന സ്ത്രീക്കു കാഴ്ചശക്തിയുണ്ടായിരുന്നില്ല . കോളജ് പഠനകാലത്ത് കാഴ്ച നഷ്ടപ്പെട്ട ഇവർ കേഡലിന്റെ കുടുംബത്തിനൊപ്പമാണു വർഷങ്ങളായി താമസിച്ചിരുന്നത്. മാതാപിതാക്കളും സഹോദരിയും കന്യാകുമാരിയിൽ പോയെന്നാണ് കേഡൽ ഇവരോട് പറഞ്ഞിരുന്നത്. പിറ്റേന്ന് അമ്മ ഫോണിൽ വിളിക്കുന്നുവെന്നു പറഞ്ഞ് ഇവരെ മുറിയിലെത്തിച്ചു. കസേരയിലിരുത്തിയ ശേഷം മഴു കൊണ്ട് തലയുടെ പിന്നിൽ അടിച്ച് കൊല്ലുകയായിരുന്നു.