ADVERTISEMENT

ദുബായിൽ തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡയെ (26) കൊലപ്പെടുത്തിയത് ആൺ സുഹൃത്ത്. അബുദാബിയിലെ സ്വകാര്യാശുപത്രിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അബിൻ ലാൽ മോഹൻലാൽ (28). സംഭവശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞതും പൊലീസ് അറസ്റ്റ് ചെയ്തതും. 

ദുബായ് കരാമയിൽ ഈ മാസം നാലിന് വൈകിട്ട് നാല് മണിക്കായിരുന്നു കൊലപാതകം നടന്നത്. കരമായ മത്സ്യമാർക്കറ്റിന് പിൻവശത്തെ കെട്ടിടത്തിലെ ഫ്ലാറ്റിൽ ഷെയറിങ് മുറിയിലായിരുന്നു ആനിമോൾ കൂട്ടുകാരോടൊപ്പം താമസിച്ചിരുന്നത്. അബുദാബിയിൽ നിന്ന് ആനിമോളെ കാണാൻ എല്ലാ ഞായറാഴ്ചയും അബിൻ ലാൽ ഇവിടെ വരാറുണ്ടായിരുന്നു. 

ADVERTISEMENT

സംഭവ ദിവസം വൈകിട്ട് കൂട്ടുകാരോടൊത്ത് ചായ കുടിച്ചശേഷം ഇരുവരും ബാൽക്കണിയിൽ വച്ച് വഴക്കുണ്ടാവുകയും പെട്ടെന്ന് ആനിമോളെയും കൂട്ടി അബിൻലാൽ മുറിയിലേക്ക് കയറുകയും വാതിലടക്കുകയും ചെയ്തു. തുടർന്ന് ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവർ ഓടിക്കൂടിയപ്പോഴേയ്ക്കും അബിൻ ലാൽ മുറിയിൽ നിന്ന് ഇറങ്ങിയോടി. 

കത്തിക്കുത്തേറ്റ് ചോര വാർന്ന് പിടയുന്ന ആനിമോളെയാണ് കൂട്ടുകാർ കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയും അബിൻ ലാലിന്റെ ഫോട്ടോ കൈമാറുകയും ചെയ്തു. തുടർന്നായിരുന്നു ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ പിന്നീട് പൊലീസിനോട് കുറ്റം സമ്മതിച്ചു.

ADVERTISEMENT

കൊല്ലം കൊട്ടാരക്കരയിൽ വാടകവീട്ടിൽ താമസിക്കുന്ന അമ്മ ഗിൽഡയുമായി ആനിമോളുടെ അച്ഛൻ വർഷങ്ങൾക്ക് മുൻപേ ബന്ധം വേർപ്പെടുത്തിയതാണ്. ദുബായിലെ ഒരു സ്വകാര്യ ഫിനാൻഷ്യൽ കമ്പനിയിൽ ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ ജീവനക്കാരിയായിരുന്ന ആനി മോളെ ഏതാണ്ട് ഒരു വർഷം മുൻപ് അബിൻലാൽ തന്നെയായിരുന്നു ഇവിടേയ്ക്ക് കൊണ്ടുവന്നതെന്ന് പറയുന്നു. 

ആനിമോളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു അബിൻലാലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ ആനിമോളുടെ വീട്ടുകാർക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നുവെന്നും മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും പറയുന്നു. ഇതേ തുടർന്നുള്ള വാക്കു തർക്കമായിരിക്കാം കൊലപാതകത്തിൽ കലാശിച്ചതെന്ന് സംശയിക്കുന്നു. എന്നാൽ കൂടുതല്‍ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. 

ADVERTISEMENT

കേസ് അന്വേഷണം പൂർത്തിയായിവരുന്നു. ദുബായ് പൊലീസ് മോർച്ചറിയിലുള്ള ആനിമോളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾക്ക് സാമൂഹിക പ്രവര്‍ത്തകൻ സലാം പാപ്പിനിശ്ശേരി നേതൃത്വം നൽകുന്നു.

ADVERTISEMENT