ADVERTISEMENT

ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡയെ ദുബായിൽ കൊലപ്പെടുത്തിയത് ആൺസുഹൃത്തായ അബിൻ ലാൽ മോഹൻലാൽ. കരാമയിലെ മത്സ്യമാർക്കറ്റിന് പിൻവശത്തുള്ള കെട്ടിടത്തിലെ ഫ്ലാറ്റിൽ കൂട്ടുകാരുമായി ഷെയർ ചെയ്ത് താമസിക്കുകയായിരുന്നു ആനിമോൾ. അബുദാബിയിൽ നിന്ന് എല്ലാ ഞായറാഴ്ചയും അബിൻ ലാൽ ആനിമോളെ കാണാൻ ഈ ഫ്ലാറ്റിലേക്ക് വരാറുണ്ടായിരുന്നു. 

സംഭവം ദിവസം വൈകുന്നേരം കൂട്ടുകാരുമൊത്ത് ചായ കുടിച്ച ശേഷം ഇരുവരും ബാൽക്കണിയിൽ വച്ച് വഴക്കിട്ടു. പെട്ടെന്ന് അബിൻ ലാൽ ആനിമോളെയും കൂട്ടി മുറിയിലേക്ക് പോവുകയും വാതിൽ അടക്കുകയും ചെയ്തു. തുടർന്ന് ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവർ ഓടിയെത്തിയപ്പോഴേക്കും അബിൻ ലാൽ മുറിയിൽ നിന്ന് ഇറങ്ങിയോടി. 

ADVERTISEMENT

കത്തിക്കുത്തേറ്റ് ചോര വാർന്ന് പിടയുന്ന ആനിമോളെയാണ് കൂട്ടുകാർ കണ്ടത്. ഉടൻതന്നെ അവർ പൊലീസിൽ വിവരമറിയിക്കുകയും അബിൻ ലാലിന്റെ ഫോട്ടോ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ദുബായിലെ സ്വകാര്യ ഫിനാൻഷ്യൽ കമ്പനിയിൽ ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ ജീവനക്കാരിയായിരുന്നു ആനിമോൾ. ഏകദേശം ഒരു വർഷം മുൻപ് അബിൻ ലാൽ തന്നെയാണ് ആനിമോളെ ദുബായിലേക്ക് കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു. സുഹൃത്തുക്കൾ പറയുന്നതനുസരിച്ച് ആനിമോളെ വിവാഹം കഴിക്കാൻ അബിൻ ലാൽ തീരുമാനിച്ചിരുന്നു. എന്നാൽ ആനിമോളിന്റെ വീട്ടുകാർക്ക് ഈ ബന്ധം താൽപര്യമില്ലായിരുന്നു. 

ADVERTISEMENT

ആനിമോൾക്ക് മറ്റൊരാളുമായി വിവാഹം നടത്താൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഇതിനെ തുടർന്നുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലിൽ അബിൻ ലാൽ കുറ്റം സമ്മതിച്ചു.

ADVERTISEMENT
ADVERTISEMENT