വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയ കേസിലെ പ്രതി പാലക്കാട് കോരൻചിറ സ്വദേശി മാരുകല്ലിൽ അർച്ചന തങ്കച്ചനെ (28) പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു. 'ബില്യൺ എർത്ത് മൈഗ്രേഷൻ' സ്ഥാപനത്തിന്റെ ഉടമയും മാനേജരുമായ പ്രതി കല്ലായി സ്വദേശിയായ യുവാവിന് വിദേശത്ത് ജോലി നൽകാമെന്നു പറഞ്ഞ് 2023 മാർച്ചിൽ രണ്ടു തവണകളിലായി 3 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായാണ് കേസ്.
പ്രതി വയനാട് വെള്ളമുണ്ടയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് പന്നിയങ്കര പൊലീസ് ഇൻസ്പെക്ടർ എം. സതീഷ് കുമാർ, എസ്ഐ സുജിത്ത് എന്നിവർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പ്രതി പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും, എറണാകുളത്തും വയനാട്ടിലും കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇടപ്പള്ളിയിലെ ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്.