വിധി അടിച്ചേൽപ്പിക്കുന്ന പരിമിതികളിൽ മനസ്സു തളർന്ന്, പരാജയത്തിന്റെ ഇരുട്ടിലേക്കു സ്വയം ഇറങ്ങിപ്പോകുന്നവർ ശിവാനി ആർ. എന്ന പതിനെട്ടു വയസ്സുകാരിയുടെ ജീവിതമറിയണം. തന്റെ പോരായ്മയെ പഴിച്ചും, കരഞ്ഞും, സഹതാപത്തിന്റെ വട്ടത്തിനുള്ളിൽ കുടുങ്ങാൻ അവള്‍ തയാറായില്ല. പരിഹാസങ്ങളെയും പരീക്ഷണങ്ങളെയും മറികടന്ന്, ജൻമനാ കേൾവിശക്തിയില്ലാത്ത ഈ റാന്നിക്കാരി മിടുക്കി സ്വന്തമാക്കിയത് സി.ബി.എസ്.സി പ്ലസ് ടൂ പരീക്ഷയിൽ 96 ശതമാനം മാർക്കാണ്. തോറ്റുപോയേക്കാവുന്ന പ്രതിസന്ധികളെയൊക്കെ ലക്ഷ്യബോധത്താലും മനസ്സുറപ്പാലും മറികടന്ന ശിവാനിയുടെ വിജയകഥയ്ക്ക് അതിനാൽ തന്നെ തിളക്കമേറും...
റാന്നി കരികുളം മണ്ണുങ്കലിൽ ഫൊട്ടോഗ്രഫറായ രൺജു ശ്രീറാമിന്റെയും ലാംഗ്വേജ് തെറപ്പിസ്റ്റായ ശരണ്യയുടെയും രണ്ടു മക്കളിൽ മൂത്തയാളാണു ശിവാനി. അനിയൻ ശിവം.
‘‘രണ്ടര വയസ്സോടെയാണ് മോൾക്ക് കേൾവിക്ക് തകരാറുണ്ടെന്ന് മനസ്സിലായത്. ശബ്ദം കേൾക്കുമ്പോൾ അവൾ പ്രതികരിക്കുന്നില്ല. സംസാരവുമില്ല. അങ്ങനെയാണ് ഡോക്ടറെ കാണിച്ചതും പരിശോധിപ്പിച്ചതും. ഫലം വന്നപ്പോൾ അവൾക്ക് ജൻമനാ കേൾവി ശക്തിയില്ലെന്നു മനസ്സിലായി. ഞങ്ങളാകെ തകർന്നു പോയി. അങ്ങനെ മൂന്നു വയസ്സായപ്പോഴേക്കും ഹിയറിങ് എയ്ഡ് (ശ്രവണസഹായി) വച്ചു. എങ്കിലും ‘ഇനി എന്ത് ?’ എന്നൊരു ചോദ്യം മുന്നിലുണ്ടായിരുന്നു. ആ സമയത്ത് ഞാൻ രണ്ടാമതും ഗർഭിണിയായിരുന്നു. അപ്പോഴാണ് ഇവിടെ അടുത്തുള്ള ഒരു ഡോക്ടറുടെ നിർദേശ പ്രകാരം കോട്ടയം വടവാതൂരിലെ ബാലവിദ്യാലയയിൽ എത്തുന്നത്. മോളെ അവിടെ ചേർത്ത് രണ്ട് വർഷം സ്പീച്ച് ട്രെയിനിങ് നൽകി. രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും അവൾ പതിയെപ്പതിയെ സംസാരിച്ചു തുടങ്ങി. ചെറിയ വാക്കുകളൊക്കെ പറയാനാരംഭിച്ചു. അഞ്ച് വയസ്സായപ്പോഴേക്കും ഒരുവിധം സംസാരിക്കാൻ തുടങ്ങി. എങ്കിലും വ്യക്തതക്കുറവുണ്ടായിരുന്നു. സാധാരണയിലും ഒരു വർഷം വൈകി അഞ്ച് വയസ്സിലാണ് എൽ.കെ.ജി.യിൽ ചേർത്തത്’’. – ശിവാനിയുടെ വിജയം നൽകിയ സന്തേഷമുണ്ടായിരുന്നു, മോളെക്കുറിച്ചു പറയുമ്പോൾ ശരണ്യയുടെ വാക്കുകളിൽ.
‘‘ശാരീരികമായ പരിമിതികളൊന്നുമില്ലാത്ത സാധാരണ കുട്ടികൾക്കുള്ള സ്കൂളിലാണ് മോളെ ആദ്യം മുതലേ പഠിപ്പിക്കുന്നത്. ‘സ്പെഷ്യൽ സ്കൂളിൽ ചേർത്തൂടേ’ എന്നു പലരും ഉപദേശിച്ചു. പക്ഷേ, അവൾ ഇങ്ങനെയൊരു കുറവുണ്ടെന്ന തോന്നലിൽ വളരരുതെന്നു ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. എങ്കിലും അവൾ അവിടുത്തെ പഠനരീതികളുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന ആശങ്കയുണ്ടായി. തുടക്കത്തിൽ അതേ സംശയം അധ്യാപകർക്കുമുണ്ടായി. പക്ഷേ, പതിയെപ്പതിയെ അവൾ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിത്തുടങ്ങി. ഞാനും വീട്ടിലിരുത്തി എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. സ്കൂളിലേതിനേക്കാൾ ഗുണം ചെയ്തത് അതാണെന്നു തോന്നുന്നു. പക്ഷേ, വിധി വീണ്ടും ഞങ്ങൾക്കെതിരായി’’.
ഒരു നിമിഷം നിർത്തി, ആ കാലത്തിലേക്കു മടങ്ങിപ്പോയെന്ന പോലെ ശരണ്യ തുടർന്നു –
‘‘അഞ്ച് – ആറ് ക്ലാസിലൊക്കെയായപ്പോഴേക്കും മോളുടെ കേൾവിശക്തി വീണ്ടും കുറയാൻ തുടങ്ങിയെന്നു ഞങ്ങൾക്കു തോന്നി. പിന്നിൽ നിന്നു വിളിക്കുമ്പോഴൊന്നും അവൾ പ്രതികരിക്കുന്നില്ല. ഹിയറിങ് എയ്ഡ് വച്ചിട്ടും ‘എനിക്ക് ഒന്നും കേൾക്കാൻ പറ്റുന്നില്ല’ എന്നു മോളും പറഞ്ഞതോടെ ആശങ്കകൾ ഇരട്ടിയായി. വീണ്ടും പരിശോധിച്ചപ്പോൾ കേൾവിശക്തി പൂർണമായും നഷ്ടമാകുന്ന ഒരു അവസ്ഥയിലാണെന്നാണ് റിസൾട്ട് വന്നത്. പതിയെപ്പതിയെ കേൾവി നഷ്ടമായി. ഏറെക്കഴിയാതെ, അവൾ കാര്യങ്ങൾ ലിപ് റീഡിലൂടെ ഗ്രഹിക്കാൻ തുടങ്ങി. ചുണ്ടിന്റെ ചലനം നോക്കി എന്താണ് പറയുന്നതെന്നു മനസ്സിലാക്കിയെടുത്തു. പത്താം ക്ലാസിലൊക്കെ ആയപ്പോഴേക്കും പഠനത്തിന്റെ ഭാരം കൂടിയപ്പോൾ നന്നായി ബുദ്ധിമുട്ടി. എങ്കിലും അവള്‍ തോറ്റുകൊടുക്കാൻ തയാറായിരുന്നില്ല. സ്വയം വായിച്ചു മനസ്സിലാക്കിയും ഞാൻ പറഞ്ഞു കൊടുക്കുന്നതു ലിപ് റീഡിലൂടെ അറിഞ്ഞും ഉറക്കമൊഴിഞ്ഞു പഠിച്ചു. സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ 87 ശതമാനം മാർക്ക് വാങ്ങിയാണ് പാസ്സായത്. അതിനിടെ പലതരം പരിഹാസങ്ങൾ എന്റെ മോൾ സഹിച്ചിട്ടുണ്ട്. ‘പൊട്ടീ’ എന്നു വിളിച്ച് കളിയാക്കിയവരുണ്ട്. പക്ഷേ അവള്‍ തോൽക്കാൻ തയാറായിരുന്നില്ല.

പ്ലസ് ടൂ ഹ്യൂമാനിറ്റീസ് എടുക്കണമെന്നത് അവളുടെ ആഗ്രഹമായിരുന്നു. ക്ലാസിൽ ടീച്ചർമാർ പാഠം വിശദീകരിക്കുന്നത് അവൾക്ക് ഒട്ടും മനസ്സിലാകുന്നേയില്ലായിരുന്നു. സോഷ്യോളജി, ഇക്കണോമിക്സ് ഉൾപ്പടെയുള്ള വിഷയങ്ങളൊക്കെ കുറച്ചു കഠിനമാണല്ലോ. ഞങ്ങൾക്കെല്ലാം വലിയ ആശങ്കയായി. പക്ഷേ, യൂ ട്യൂബിൽ സബ് ടൈറ്റിൽസ് ഉള്ള ചാനൽസ് കണ്ട് അവൾ പാഠഭാഗങ്ങൾ മനസ്സിലാക്കാൻ തുടങ്ങി. അല്ലാത്തവയുടെ നോട്സ് ടീച്ചേഴ്സ് വിശദമായി എഴുതിക്കൊടുത്തു. ആ കഷ്ടപ്പാടുകളുടെയെല്ലാം ഫലമാണ് ഈ 96 ശതമനം മാർക്ക്. സോഷ്യോളജിക്ക് സ്കൂള്‍ ടോപ്പറായിരുന്നു. റാന്നി സിറ്റാഡൽ റെസിഡൻഷ്യൽ സ്കൂളിലെ അധ്യാപകര്‍ക്ക് മനസ്സ് നിറഞ്ഞ നന്ദി’’.
ഇവിടെ ഒന്നും അവസാനിക്കുന്നില്ല. തുടങ്ങിയിട്ടേയുള്ളൂ. ഒരു വക്കീലാകണമെന്നാണ് ശിവാനിയുടെ മോഹം. അതിനായുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. കേരള ലോ എൻട്രൻസിനുള്ള പരിശീലനത്തിലാണിപ്പോൾ. അതു കഴിഞ്ഞ് ഐ.എഫ്.എസിനു ശ്രമിക്കണം. ലക്ഷ്യങ്ങള്‍ തുടരുകയാണ്, പരിശ്രമവും...