ഓഫിസിലെ ജീവനക്കാരോട് മോശമായാണ് ബെയ്‌ലിൻ ദാസ് പെരുമാറാറുള്ളതെന്നും അവിടത്തെ ജോലി നിർത്താൻ തീരുമാനിച്ച തന്റെ മകളെ നിർബന്ധിച്ചാണ് വീണ്ടും കൂട്ടിക്കൊണ്ടു പോയതെന്നും ശ്യാമിലിയുടെ അമ്മ പി. വസന്ത. പരാതിയിൽ നിന്നു പിൻമാറാൻ ബെയ്‌ലിൻ സമ്മർദം ചെലുത്തി. ഓഫിസിൽ ജോലി ചെയ്യുന്നവരുടെ മുഖത്തേക്ക് ഫയലുകൾ വലിച്ചെറിയുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന രീതിയുണ്ടായിരുന്നെന്നും ഗർഭിണിയായിരുന്ന സമയത്ത് ശ്യാമിലിയെ മർദിച്ചെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും വസന്ത പറഞ്ഞു.
പ്രസവം കഴിഞ്ഞ് 3 മാസം കഴിഞ്ഞപ്പോൾ മുതൽ ശ്യാമിലി ജോലിക്കു പോയിത്തുടങ്ങിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് ശ്യാമിലി ഫോണിൽ വിളിച്ചപ്പോഴാണ് ബെയ്‌ലിൻ മർദിച്ച വിവരം അറിഞ്ഞത്. അമ്മ വിഡിയോ കോളിൽ വരാമോ എന്നു ചോദിച്ചു. അപ്പോൾ അവൾക്ക് അടിയേറ്റത് അറിഞ്ഞു.
മകൻ ശ്യാമിനെയും ശ്യാമിലിയുടെ ഭർത്താവ് എസ്. ഷൈനിനെയും വിളിച്ചു പറഞ്ഞു. അവരവിടെ എത്തിയപ്പോൾ തനിക്ക് കുടുംബമുണ്ടെന്നും നമുക്കിത് സോൾവ് ചെയ്യാമെന്നും പറഞ്ഞ് ബെയ്‌ലിൻ അവരുടെ കാലുപിടിച്ചു. ശ്യാമിലിയെ ആശുപത്രിയിൽ കൊണ്ടു പോയ സമയത്താണ് അയാൾ രക്ഷപ്പെട്ടതെന്ന് വസന്ത പറഞ്ഞു.
കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ സർക്കാർ ഇടപെടുമെന്നു മന്ത്രി
അഭിഭാഷകയായ യുവതിക്ക് സീനിയർ അഭിഭാഷകനിൽ നിന്ന് ക്രൂര മർദനമേറ്റ സംഭവത്തിൽ ഏതെങ്കിലും തരത്തിൽ കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമം നടന്നാൽ സർക്കാർ ഇടപെടുമെന്നു മന്ത്രി വി. ശിവൻകുട്ടി. ‘ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയുന്ന കാര്യമല്ലിത്. പൊലീസ് കർശന നടപടിയെടുക്കണം. പ്രതിയെ അറസ്റ്റ് ചെയ്യാൻ പോകുമ്പോൾ തടയുന്നത് ശരിയായ കാര്യമല്ല. തൊഴിൽ തർക്കം അല്ലാത്തതിനാൽ തൊഴിൽ വകുപ്പിന് ഇതിൽ ഇടപെടാനാവില്ല.’– മന്ത്രി പറഞ്ഞു
സീനിയർ അഭിഭാഷകൻ മർദിച്ച സംഭവം; പ്രതിഷേധവുമായി ഒട്ടേറെപ്പേർ രംഗത്ത്
യുവ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ പ്രതിയെ സംരക്ഷിക്കുകയാണ്. പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകാത്തത് ഗൗരവകരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വഞ്ചിയൂർ കോടതിയിൽ ജൂനിയർ വനിതാ അഭിഭാഷകയായ ശ്യാമിലിക്കുണ്ടായ ദുരനുഭവം ഞെട്ടലുളവാക്കുന്നതും അപലപനീയവുമാണെന്ന് വിമൻ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീർ പറഞ്ഞു.
അഭിഭാഷകയെ മർദിച്ച സംഭവത്തിൽ െബയ്‌ലിൻ ദാസിനെതിരെ ഭാരതീയ അഭിഭാഷക പരിഷത്ത് വഞ്ചിയൂർ യൂണിറ്റ് കേരള ബാർ കൗൺസിലിനു പരാതി നൽകി. എൻറോൾമെന്റ് റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
പ്രതി മുൻ സൈനികൻ
പ്രതിയായ ബെയ്‌ലിൻ ദാസ് സൈന്യത്തിൽ നിന്നു വിരമിച്ച ശേഷമാണ് അഭിഭാഷകനായി പ്രാക്ടിസ് ആരംഭിച്ചത്. 10 വർഷം മുൻപ് എയർഫോഴ്സിൽ നിന്നു വിരമിച്ച ശേഷമായിരുന്നു ഇത്. അടുത്തകാലത്തായി ബെയ്‌ലിൻ ദാസ് സമൂഹമാധ്യമങ്ങളിലൂടെ എൽഡിഎഫിനെ വിമർശിച്ചു കൊണ്ടുള്ള വിഡിയോകൾ പങ്കുവച്ചിരുന്നു. കർശനമായ ചിട്ടകൾ പുലർത്തിയിരുന്നുവെന്ന് മറ്റ് അഭിഭാഷകർ പറയുന്നു.
ആരോപണം നിഷേധിച്ച് ബാർ അസോസിയേഷൻ
അന്വേഷണത്തിന് സബ്കമ്മിറ്റിയെ ചുമതലപ്പെടുത്താനും തുടർനടപടിക്കുമായി ഇന്ന് ബാർ അസോസിയേഷൻ പൊതുയോഗം ചേരും. ബെയ്‌ലിന്റെ വക്കാലത്ത് ആരും എടുക്കരുതെന്ന നിർദേശം ഇന്നലെ അഭിഭാഷകർക്കിടയിൽ ഉയർന്നതിനാൽ ഇക്കാര്യവും ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ് പള്ളിച്ചൽ എസ്.കെ. പ്രമോദ് അറിയിച്ചു .
ബെയ്‌ലിൻ ദാസിനെ സസ്പെൻഡ് ചെയ്ത സാഹചര്യം യോഗത്തിൽ അറിയിക്കുമെന്ന് ബാർ അസോസിയേഷൻ സെക്രട്ടറി മുരളീധരൻ ജി. വള്ളക്കടവ് അറിയിച്ചു. അഭിഭാഷകനെ അറസ്റ്റ് ചെയ്യാൻ വന്ന പൊലീസ് സംഘത്തെ അസോസിയേഷൻ ഭാരവാഹികൾ തടഞ്ഞുവെന്ന ശ്യാമിലിയുടെ ആരോപണം അസോസിയേഷൻ തള്ളി.