പഴയതാണല്ലോ എന്നു കരുതി ആക്രിക്കാർക്ക് വിറ്റതാണ് കാർ. ആക്രികച്ചവടക്കാരനാണെങ്കില്‍ കാര്‍ മറിച്ചു വിൽക്കുകയോ, പൊളിച്ചു വിൽക്കുകയോ ചെയ്യാം എന്നു കരുതിയാണ് വാങ്ങിയത്. പക്ഷേ, കോട്ടയം അമയന്നൂരിലെ ആക്രിക്കടയിലെത്തിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കടയുടമയ്ക്ക് കാറുടമയുടെ കോൾ വന്നു. ‘വ്യാപാര ഉടമ്പടി ഞാൻ റദ്ദു ചെയ്തിരിക്കുന്നു. കാർ വിറ്റ ശേഷം എനിക്കു മനസമാധാനം ഇല്ല, എനിക്കെന്റെ കാർ തിരിച്ചുവേണം.’
അങ്ങനെ വാങ്ങിയ ആൾക്ക് വലിയ സന്തോഷമൊന്നുമില്ലെങ്കിലും തിരിച്ചു കൊടുക്കാമെന്നേറ്റു. ഇപ്പോള്‍ കാറുടമയെ കാത്ത് അമയന്നൂരിലെ റോഡരികിൽ, ആക്രി സാധനങ്ങൾക്കൊപ്പം കിടക്കുകയാണി പഴയ താരം! (കടയുടമയ്ക്കും കാർ വിറ്റയാൾക്കും പേരുവിവരങ്ങൾ വെളിപ്പെടുത്താൻ താൽപര്യമില്ല)
കടയോടു ചേർന്നുള്ള റോഡരികിൽ മറ്റൊരു കാർ കൂടി കിടപ്പുണ്ട്, കൊല്ലാനാണെങ്കിലും വളർത്താനാണെങ്കിലും എന്നപോലെ. എന്തിനാണെങ്കിലും വിൽക്കാൻ ആക്രിക്കടക്കാരൻ റെഡി. ചേട്ടാ എത്ര രൂപയ്ക്കാണ് വിൽക്കുക എന്ന ചോദ്യത്തിനു ഒരു 25000 രൂപയും ഒരു വണ്ടിയുമായി വാ, എന്നിട്ടു കാറുമായി പോകാം എന്നായിരുന്നു മറുപടി.