‘ഒരു നിമിഷം കൊണ്ടു ജീവിതം ശൂന്യമായി എന്നൊക്കെ പറയാറില്ലേ.. അക്ഷരാർഥത്തിൽ ഞാൻ അത് അനുഭവിച്ചത് റോയിച്ചായന്റെ മരണത്തോടെയായിരുന്നു. അദ്ദേഹം മരിച്ചിട്ട് 3 വർഷമാകുന്നു. പക്ഷേ, ഇന്നും ആ ഞെട്ടലിൽ നിന്ന് മുക്തയാകാൻ കഴിഞ്ഞിട്ടില്ല. എല്ലാവരും ഉണ്ടെങ്കിലും ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ അനുഭവിച്ചാലേ മനസ്സിലാകൂ... ഒറ്റ നിമിഷം കൊണ്ടാണ് ഒരു തെരുവുനായ ഞങ്ങളുടെ ജീവിതം അനാഥമാക്കിയത്.’ – മോളമ്മ റോയി ഇതു പറയുമ്പോൾ ചുവരിലെ ചില്ലിട്ട ചിത്രത്തിൽ മൂകസാക്ഷിയായി ഭർത്താവ് റോയിയുടെ പുഞ്ചിരിക്കുന്ന മുഖം.
2022 മേയ് 28ന് ആയിരുന്നു പുത്തൂർ ചെറുമങ്ങാട് പീടികയിലഴികത്ത് ‘റോജൻവില്ല’യിൽ ദുരന്തമെത്തിയത്. പുത്തൂർ പടിഞ്ഞാറേ ചന്തയിലെ സ്വന്തം ചായക്കടയിലേക്ക് അരി പൊടിക്കാൻ ബൈക്കിൽ പോകുകയായിരുന്നു ബി. റോയി (53). തെക്കുംപുറത്ത് എത്തിയപ്പോഴാണ് ഒരു തെരുവുനായ വേഗത്തിൽ റോഡിനു കുറുകെ പാഞ്ഞെത്തിയത്. നായയെ ഇടിച്ചു ബൈക്ക് മറിഞ്ഞു.
ഹെൽമറ്റ് ധരിച്ചിട്ടും തലയ്ക്കു ഗുരുതരമായി പരുക്കേറ്റ റോയിയെ പുത്തൂരിലെയും കൊട്ടാരക്കരയിലെയും സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു മാസത്തോളം നീണ്ട ആശുപത്രി വാസം. ഇതിനിടയിൽ തലയ്ക്കും ഹൃദയത്തിനും വെവ്വേറെ ശസ്ത്രക്രിയകൾ.
ഒറ്റ മാസം കൊണ്ടു ആശുപത്രിയിൽ അടയ്ക്കേണ്ടി വന്നത് 20 ലക്ഷം രൂപയിലേറെ! മോളമ്മയുടെയും രണ്ടു മക്കളുടെയും സങ്കടം കണ്ടു ബന്ധുക്കളും ഇടവകയും നാട്ടുകാരും ഒപ്പം നിന്നു. സഹായമായി കിട്ടിയതും കടം വാങ്ങിയതും ചേർത്തു ചികിത്സ നടത്തിയെങ്കിലും ആളെ ജീവനോടെ കിട്ടിയില്ല. ജൂൺ 29ന് റോയി മരിച്ചു. 25 വർഷത്തോളം ഭർത്താവിന് ഒപ്പം നിന്നു നടത്തിയ ചായക്കട പിന്നീട് മോളമ്മ തുറന്നിട്ടില്ല.
തെരുവുനായ്ക്കൾ കാരണം ഇപ്പോൾ റോഡിലിറങ്ങി നടക്കാൻ പോലും ഭയമാണ്. റോയിയുടെ മരണത്തിന്റെ നഷ്ടപരിഹാരം ഇതുവരെ കുടുംബത്തിനു ലഭിച്ചിട്ടുമില്ല. റോയിയെ പോലെ എത്രയോ ജീവനുകൾ തെരുവുനായ്ക്കൾ കാരണം പൊലിഞ്ഞു, കുടുംബങ്ങൾ അനാഥമായി. ഇനിയും ജീവനുകൾ പൊലിയുന്നതു കാത്തു നിൽക്കാതെ ശാശ്വത പരിഹാരം ഉണ്ടാക്കണം എന്നാണ് സാധാരണക്കാരിയായ ഈ വീട്ടമ്മ സ്വന്തം അനുഭവം മുൻനിർത്തി ആവശ്യപ്പെടുന്നത്.