'നന്ദി, കൊച്ചുകള്ളന്...!', നഷ്ടപ്പെട്ട രേഖകൾ തിരികെത്തന്നതിന് മോഷ്ടാവിന് നന്ദി പറയുകയാണ് ശ്രീജ. ആരായാലും തന്റെ അപേക്ഷ കേട്ടല്ലോ എന്ന ആശ്വാസത്തോടെ. ശ്രീജയുടെ ആധാർ കാർഡ് ഒഴികെ എല്ലാ രേഖകളും തിരികെ നൽകിയവയിലുണ്ട്. ശ്രീജയുടെ സ്കൂട്ടർ മോഷണം പോയതോടെയാണ് അതിലുണ്ടായിരുന്ന രേഖകളും നഷ്ടപ്പെട്ടത്.
സ്കൂട്ടർ മോഷ്ടിച്ചവരായാലും അതിൽ സൂക്ഷിച്ചിരുന്ന ആധാർ കാർഡ് അടക്കം രേഖകൾ തിരികെ നൽകണമെന്ന ശ്രീജയുടെ അപേക്ഷ കേട്ടു മോഷ്ടാവിന്റെ മനസ്സലിഞ്ഞു. രേഖകൾ രഹസ്യമായി കുരമ്പാല ജംക്‌ഷനിലുള്ള ശ്രീജയുടെ കുടുംബശ്രീ ഹോട്ടലിലെത്തിച്ചു മോഷ്ടാവ് കടന്നു. രേഖകൾ തിരികെക്കിട്ടിയ ആശ്വാസത്തിലാണ് കുരമ്പാല കുറ്റിവിളയിൽ ഗിരീഷ് കുമാറിന്റെ ഭാര്യയായ ശ്രീജ.
പന്തളം കുരമ്പാല ജംക്‌ഷനിലെ ഹോട്ടലിന്റെ മുൻപിൽ വച്ചാണ് ശ്രീജയുടെ സ്കൂട്ടർ മോഷണം പോകുന്നത്. കൊണ്ടുപോകുന്ന സിസി ടിവി ദൃശ്യം സഹിതം ശ്രീജയുടെ ശബ്ദസന്ദേശം ശനിയാഴ്ചയാണ് പുറത്തുവന്നത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കലാണ് ഇത് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്.
സ്കൂട്ടർ തന്നില്ലെങ്കിലും അതിലുള്ള ആധാർ കാർഡ്, പാൻ കാർഡ് അടക്കമുള്ളവ സ്പീഡ് പോസ്റ്റ്, എന്നിവയിലേതെങ്കിലും മാർഗത്തിലൂടെ അയച്ചു നൽകണമെന്നായിരുന്നു ശ്രീജയുടെ അഭ്യർഥന. മോഷണത്തിന്റെ സിസി ടിവി ദൃശ്യം സഹിതം ഞായറാഴ്ച മനോരമയിൽ വാർത്തയും പ്രസിദ്ധീകരിച്ചു. രണ്ട് ദിവസം കാത്തിട്ടും ഫലമില്ലാതെ വന്നതോടെ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു.
ഇന്നലെ രാവിലെ 5.45ന് ഹോട്ടൽ തുറക്കാനായി ഷട്ടർ തുറന്ന ശേഷം വൃത്തിയാക്കാനായി ചവിട്ടി മാറ്റിയപ്പോഴാണ് രേഖകളടങ്ങിയ ഫയൽ കാണപ്പെട്ടത്. പരിശോധനയിൽ തന്റെ ആധാർ കാർഡും വായ്പ വാങ്ങി സൂക്ഷിച്ചിരുന്ന പണവും ഒഴികെ എല്ലാമുണ്ട്. എങ്കിലും ആശ്വാസമായെന്ന് ശ്രീജ പറയുന്നു.
രേഖകൾ രഹസ്യമായി എത്തിച്ചു നൽകിയതോടെ, സ്കൂട്ടറും രേഖകൾക്കൊപ്പമുണ്ടായിരുന്ന 7500 രൂപയും തിരികെ നൽകാൻ മോഷ്ടാവിനു ഉദേശ്യമില്ലെന്നുറപ്പായെന്നും ശ്രീജ പറഞ്ഞു. ഹോട്ടലിനു മുൻപിൽ വളർത്തു നായയുണ്ട്. അപരിചിതർ വന്നാൽ അത് കുരയ്ക്കേണ്ടതാണ്. അതുണ്ടായില്ല. പരിചയമുള്ളവർ തന്നെയാണ് മോഷണത്തിനു പിന്നിലെന്ന് സംശയിക്കാൻ ഇതൊരു കാരണമാണെന്നും അവർ പറയുന്നു.