ADVERTISEMENT

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസ് 2 ദിവസം ഒളിവിൽ കഴിഞ്ഞത് തിരുവനന്തപുരം നഗരത്തിൽ തന്നെ. പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. ഇന്നലെ രാത്രി ഏഴരയോടെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ പ്രതി ക്ഷീണിതനായിരുന്നു. മുടി പറ്റെ വെട്ടിയിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഞാൻ എല്ലാം കോടതിയിൽ പറഞ്ഞോളാം’ എന്നായിരുന്നു പ്രതികരണം. അറസ്റ്റിനു ശേഷം തുമ്പ സ്റ്റേഷനിലെത്തിച്ച പ്രതിയെ അവിടെ നിന്നാണ് വഞ്ചിയൂരിലേക്കു കൊണ്ടുവന്നത്.

ആദ്യം 2 പൊലീസ് വാഹനങ്ങൾ സ്റ്റേഷനിൽ എത്തിയെങ്കിലും അതിൽ പ്രതി ഉണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ സ്വകാര്യ വാഹനത്തിലാണു മഫ്തി പൊലീസ് സംഘം ബെയ്‌ലിനെ സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് ഡിസിപി നകുൽ ദേശ്മുഖ് സ്ഥലത്തെത്തി. ഒളിവിൽ പോയ സമയത്ത് ഉപയോഗിച്ച കാറും പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബെയ്‌ലിന്റെ സുഹൃത്തുക്കളും അഭിഭാഷകരുമടക്കമുള്ള വലിയൊരു സംഘം പ്രധാന റോഡിലും നിലയുറപ്പിച്ചിരുന്നു.

ADVERTISEMENT

പ്രതിക്കായി പൊലീസ് അദ്ദേഹത്തിന്റെ പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും തിരച്ചിൽ നടത്തിയിരുന്നു. വലിയതുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. സഹോദരനെ ചോദ്യം ചെയ്തതാണു കേസിൽ വഴിത്തിരിവായത്. സ്വന്തം വാഹനം എവിടെയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം സഹോദരനില്ലായിരുന്നു. കാർ സഹോദരൻ കൊണ്ടുപോയെന്നു പിന്നീടു മൊഴി നൽകി.

കാറിനായുള്ള തിരച്ചിൽ തുടർന്ന പൊലീസ്, ബെയ്‌ലിൻ അമ്മയെ കാണാനായി ഒറ്റയ്ക്കു പൂന്തുറയിലെ വീട്ടിലെത്തിയതായി മനസ്സിലാക്കി. കാർ കഴക്കൂട്ടം ഭാഗത്തു സഞ്ചരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തുമ്പ പൊലീസും ഡാൻസാഫ് സംഘവും പരിശോധന ശക്തമാക്കിയതോടെ സ്റ്റേഷൻ കടവിൽ വച്ചു പൊലീസ് സംഘത്തിനു മുന്നിൽപെടുകയായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT