ADVERTISEMENT

‘ജീവന്റെ ഒരു തരിയെങ്കിലും ബാക്കിവച്ചു തിരികെ തരാമായിരുന്നല്ലൊ. ഞങ്ങളവനെ പൊന്നുപോലെ നോക്കിയേനെ’- മകന്റെ അപ്രതീക്ഷിത വിയോഗത്തിൽ സങ്കടമടക്കാനാകാതെ ഐവിന്റെ അമ്മ റോസ് മേരി പൊട്ടിക്കരഞ്ഞു. അവൻ പാവമാണ്. ആ പാവം കൊച്ചിനെയാണ് അവർ കൊന്നിട്ടതെന്നു പറഞ്ഞ് ആ അമ്മ വിതുമ്പി. ഐവിന്റെ മൃതദേഹം ഇന്നലെ രാത്രി 7.15ന് തുറവൂരിലെ വീട്ടിലെത്തിച്ചു.  

ജോലിസ്ഥലത്തു നിന്നു വീട്ടിലേക്കു വരാൻ തയാറെടുക്കുമ്പോഴാണ് മകന് അപകടം സംഭവിച്ചെന്ന വിവരം അമ്മയെ തേടിയെത്തിയത്. ചൊവ്വാഴ്ച ഐവിൻ അമ്മയെ ഫോൺ വിളിച്ചിരുന്നു. വ്യാഴാഴ്ച വീട്ടിൽ വരുമ്പോൾ കാണാമെന്നു പറയുകയും ചെയ്തു. പാലയിൽ ആശുപത്രിയിൽ നഴ്സായ റോസ് മേരി എല്ലാ ആഴ്ചയിലും വീട്ടിൽ വരാറുണ്ട്. ഈ ആഴ്ചയിൽ വരാൻ വൈകിയപ്പോഴാണ് ഐവിൻ അമ്മയെ വിളിച്ചത്.

ADVERTISEMENT

ക്യാംപസ് സിലക്‌ഷനിലൂടെയാണ് ഐവിനു ജോലി ലഭിച്ചത്. ഈ മാസം ഒരു വർഷം പൂർത്തിയാകുമായിരുന്നു. ഐവിന്റെ ഇരുപത്തഞ്ചാം പിറന്നാൾ ആഘോഷിക്കാൻ കാത്തിരിക്കുകയായിരുന്നു കുടുംബം. നാലു മാസം കൂടി കഴിഞ്ഞാൽ 25 വയസ് തികയുമായിരുന്നു. കുറച്ചുദിവസം മുൻപ് കുടുംബം ഒന്നാകെ മൈസൂരിലും മറ്റും വിനോദയാത്ര പോയിരുന്നു. അതിനു ശേഷം അമ്മ ജോലി സ്ഥലത്തേക്കു മടങ്ങി. 

ബുധനാഴ്ച രാത്രി 9.20നു പിതാവ് ജിജോയോടും സഹോദരി അലീനയോ‌‌ടും യാത്ര പറഞ്ഞാണ് ഐവിൻ വീട്ടിൽ നിന്നിറങ്ങിയത്. അർധരാത്രിക്കു ശേഷമാണു മരണവിവരം വീട്ടിൽ അറിയുന്നത്. പിതാവും സഹോദരിയും ഉടൻതന്നെ ആശുപത്രിയിലെത്തി. പാലായിൽ നിന്നു പുലർച്ചെ രണ്ടരയോടെ അമ്മയുമെത്തി.

ADVERTISEMENT

ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് നാട്ടുകാർ റോഡിൽ ഓടിക്കൂടി

ഇടവഴിയിലൂടെ വേഗത്തിൽ പാഞ്ഞുപോയ കാറിന്റെ ബോണറ്റിൽ അള്ളിപ്പിടിച്ചു കിടക്കുന്ന യുവാവിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണു നാട്ടുകാർ റോഡിൽ ഓടിക്കൂടിയത്. വാഹനത്തിൽ ആരെയോ തട്ടിക്കൊണ്ടു പോകുന്നു എന്നാണു നാട്ടുകാർ ആദ്യം കരുതിയത്. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം നായത്തോട് പ്രദേശം സിഐഎസ്എഫുകാർ കൂട്ടത്തോടെ വാടകയ്ക്കു താമസിക്കുന്ന സ്ഥലമാണ്.

ADVERTISEMENT

ജനങ്ങൾക്കു കാവലാളാകാൻ ഉത്തരവാദിത്തപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ യുവാവിനെ റോഡിലിട്ടു കൊലപ്പെടുത്തിയ കാഴ്ച നാട്ടുകാരെ ക്ഷുഭിതരാക്കി. അവർ പ്രതികരിച്ചു. സംഭവ സമയം കാറോടിച്ചിരുന്നത് എസ്ഐ വിനയ്കുമാർ ദാസ് ആയിരുന്നതിനാലാണ് അയാളെ തടഞ്ഞുവച്ചു പൊലീസിനെ ഏൽപിക്കാൻ നാട്ടുകാർ ശ്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. റോഡിൽ വാഹനങ്ങൾ തമ്മിലുരസിയ നിസ്സാര പ്രശ്നത്തിലാണ് കുടുംബത്തിന്റെ പ്രതീക്ഷയായ യുവാവ് കൊല്ലപ്പെട്ടത്.

ഫുഡ് ക്രാഫ്റ്റിൽ ഏറെ കമ്പമുള്ള ഐവിൻ വളരെ ആസ്വദിച്ചാണു കാസിനോ എയർ കേറ്ററേഴ്സിലെ ബേക്കറുടെ ജോലി ചെയ്തിരുന്നത്. വിദേശ ജോലിയായിരുന്നു ലക്ഷ്യം. ജോലി സ്ഥലത്തേക്കു ഡ്യൂട്ടിക്കു പോകും വഴി റോഡിൽ തർക്കമുണ്ടായപ്പോൾത്തന്നെ ഓഫിസിലേക്കു വിളിച്ചു കുറച്ചു സമയം വൈകുമെന്നും ചെറിയൊരു പ്രശ്നമുണ്ടെന്നും അറിയിച്ചിരുന്നു. 

ബുധനാഴ്ച രാത്രി ഒൻപതരയോടെയാണു ഐവിൻ വീട്ടിൽ നിന്നും ഇറങ്ങിയത്. പ്രദേശത്തു രാത്രിയിൽ തെരുവുനായ ശല്യം രൂക്ഷമായതിനാൽ കാറിനു പോകുകയാണെന്നും പറഞ്ഞ് ഇറങ്ങി. പത്തിനും പതിനൊന്നിനും ഇടയിലാണു സംഭവങ്ങളുണ്ടായത്. രാത്രി പന്ത്രണ്ടരയോടെ പിതാവ് ജിജോയുടെ ഫോണിലേക്ക് പൊലീസിന്റെ വിളിയെത്തി.

മകന് അപകടം പറ്റി റോഡരികിൽ കിടക്കുന്നു എന്നു മാത്രമാണ് അവർ പറഞ്ഞത്. വിവരമറിഞ്ഞ അമ്മ റോസ്മേരി പാലായിലെ ജോലി സ്ഥലത്തു നിന്ന് അങ്കമാലിയിലേക്കു തിരിച്ചു. ഇതിനിടയിൽ പലവട്ടം ജിജോയും റോസ്മേരിയും മകന്റെ ഫോണിലേക്കു വിളിച്ചു നോക്കി. പ്രതികളുടെ കാറിന്റെ ബോണറ്റിൽ അള്ളിപ്പിടിച്ചു കിടക്കുന്നതിനിടയിൽ ബോണറ്റിനും ഗ്ലാസിനും ഇടയിലുള്ള ഭാഗത്ത് ഐവിന്റെ ഫോൺ കുടുങ്ങിയിരുന്നു. പിന്നീട് പൊലീസെത്തി പരിശോധിച്ചു ഫോൺ വീണ്ടെടുക്കുകയായിരുന്നു. ഒടുവിൽ ജിജോ റോസ്മേരിയെ വിളിച്ചു, ‘‘നമ്മുടെ മോനെ അവർ കൊന്നെടീ...’’ എന്ന നിലവിളിയോടെ.

നടപടിയുണ്ടാകുമെന്ന് സിഐഎസ്എഫ് ഡിഐജി; തെളിവുകൾ ലഭിച്ചതായി റൂറൽ എസ്പി

യുവാവിന്റെ മരണത്തിനു കാരണമായ ‘റോഡ് റേജ്’ കൊലക്കേസിലെ പ്രതികൾ നടത്തിയ അതിക്രമത്തിന്റെ കൃത്യമായ തെളിവുകൾ പൊലീസ് ശേഖരിച്ചതായി സംഭവസ്ഥലം സന്ദർശിച്ച റൂറൽ എസ്പി എം.ഹേമലത പറഞ്ഞു. കൊല്ലപ്പെട്ട ഐവിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ഫൊറൻസിക് സംഘം പരിശോധന നടത്തി ശാസ്ത്രിയ തെളിവുകളും ശേഖരിച്ചു.

കസ്റ്റഡിയിലുള്ള രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും വിശദമായി ചോദ്യം ചെയ്യും. സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ പ്രതികളായ ഉദ്യോഗസ്ഥരെ സിഐഎസ്എഫ് സസ്പെൻഡ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥന്റ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നു എയർപോർട്ട് സൗത്ത് സോൺ ഹെഡ്ക്വാർട്ടേഴ്സ് സിഐഎസ്എഫ് ഡിഐജി ആർ.പൊന്നി അറിയിച്ചു. അന്വേഷണത്തിൽ കേരള പൊലീസിനു പൂർണ സഹകരണം നൽകുമെന്നും ഡിഐജി പറഞ്ഞു.

ADVERTISEMENT