ADVERTISEMENT

ഈ രാവു മുഴുവൻ അവൾക്കു വേണ്ടിയുള്ള പ്രാർഥനയായിരുന്നു. ചാലക്കുടി പുഴയുടെ ആഴങ്ങളിലോ തീരത്തോ കല്യാണിയുടെ കുഞ്ഞു ജീവന്റെ തുടിപ്പുണ്ടാകുമെന്ന പ്രതീക്ഷകളെല്ലാം വെറുതെയായി.

അങ്കണവാടിയിൽ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നര വയസ്സുകാരിയെ ഇന്നു രാവിലെയോടെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റക്കുഴി കിഴിപ്പിള്ളിൽ സുഭാഷിന്റെ മകൾ കല്യാണിയുടെ മൃതദേഹമാണ് എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്നു പുലർച്ചെ രണ്ടരയോടെ ആറംഗ സ്കൂബ ടീം ചാലക്കുടി പുഴയിൽ നിന്നു കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തും.

ADVERTISEMENT

ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് സന്ധ്യ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്നതെന്നും മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. സന്ധ്യയ്​ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

സന്ധ്യയോടൊപ്പം കുട്ടി ഇന്നലെ വൈകിട്ട് നാലുമണിയോടെ മറ്റക്കുഴിയിൽ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് പോയിരുന്നു. മറ്റക്കുഴിയിൽ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്ന് ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസിൽ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നാണ് അമ്മ ആദ്യം പറഞ്ഞത്. പിന്നീടാണു മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്. തുടർന്നാണു പൊലീസും സ്കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊർജിതമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചിൽ ഇന്നു പുലർച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തും വരെ നീണ്ടു. സന്ധ്യയ്ക്കു മാനസിക ദൗർബല്യമുണ്ടെന്നു പൊലീസ് പറഞ്ഞു.

ADVERTISEMENT

അങ്കണവാടിയില്‍ നിന്നും മരണത്തിലേക്ക്

വൈകുന്നേരം നാലുമണിയോടെ മറ്റക്കുഴിയിലെ അങ്കണവാടിയിലെത്തി സന്ധ്യ തന്നെയാണ് കുട്ടിയെ കൂട്ടിക്കൊണ്ട് പോന്നത്. മറ്റക്കുഴിയില്‍ നിന്ന് ഓട്ടോയില്‍ കയറി തിരുവാങ്കുളത്തെത്തിയ ഇവര്‍ അവിടെ നിന്നും ആലുവ ബസില്‍ കയറി. ബസില്‍ വച്ച് കുട്ടിയെ കാണാതെയായി എന്നായിരുന്നു സന്ധ്യയുടെ ആദ്യ മൊഴി. ഇതനുസരിച്ച് ആലുവ മുഴുവന്‍ പൊലീസ് അരിച്ചു പെറുക്കി. കുഞ്ഞിനെ പക്ഷേ കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് മൂഴിക്കുളം പാലത്തില്‍ നിന്ന് താന്‍ കുഞ്ഞിനെ താഴേക്കിട്ടെന്ന വെളിപ്പെടുത്തല്‍ വന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മൂഴിക്കുളം പാലത്തിലേക്ക് കുഞ്ഞുമായി സന്ധ്യ പോകുന്നത് സ്ഥിരീകരിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍.

ADVERTISEMENT

ഇതിനിടയില്‍ കുടുംബ പ്രശ്നങ്ങള്‍ സന്ധ്യയ്ക്കുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെ കേസില്‍ ദുരൂഹതയുമേറി. വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെ സന്ധ്യ കുറ്റം സമ്മതിച്ചു. വൈകിട്ട് ആറുമണിയോടെയാണ് സന്ധ്യ കുഞ്ഞിനെ പാലത്തില്‍ നിന്നും താഴേക്കെറിഞ്ഞത്.

ADVERTISEMENT