ADVERTISEMENT

ചങ്കുപിടയുന്ന കണ്ണീരുകൾക്കും ഉള്ളുലയ്ക്കുന്ന വേദനകൾക്കു നടുവിലേക്ക് കല്യാണിമോളെത്തി, ജീവനറ്റ്. ഓടിക്കളിച്ച മുറ്റത്ത് അവസാനമായി അവളെത്തിയ കാഴ്ച ഉള്ളുലയ്ക്കുന്നതായി. തിരുവാങ്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നര വയസുകാരിയുടെ മൃതദേഹം വൈകുന്നേരത്തോടെയാണ് വീട്ടിലെത്തിച്ചത്.

പോസ്റ്റ്മോർട്ടത്തിനുശേഷം മൂന്നരയോടെ വീട്ടിലേക്കെത്തിച്ചപ്പോൾ അവസാനമായി കാണാനായി നാട് ഒന്നാകെയെത്തിയി. അങ്കണവാടിയിൽനിന്നു കൂട്ടിക്കൊണ്ടുപോയാണ് അമ്മ സന്ധ്യ കല്യാണിയെ പുഴയിലേക്ക് തള്ളിയിട്ടത്. സന്ധ്യയുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തി.

ADVERTISEMENT

ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണമറിയാൻ സന്ധ്യയെ വിശദമായ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ആലുവ റൂറൽ എസ്പി പറഞ്ഞു. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും റൂറൽ എസ്പി പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെ മറ്റക്കുഴിയിലെ അങ്കണവാടിയിലെത്തി സന്ധ്യ തന്നെയാണ് കുട്ടിയെ കൂട്ടിക്കൊണ്ട് പോന്നത്. മറ്റക്കുഴിയില്‍ നിന്ന് ഓട്ടോയില്‍ കയറി തിരുവാങ്കുളത്തെത്തിയ ഇവര്‍ അവിടെ നിന്നും ആലുവ ബസില്‍ കയറി. ബസില്‍ വച്ച് കുട്ടിയെ കാണാതെയായി എന്നായിരുന്നു സന്ധ്യയുടെ ആദ്യ മൊഴി. ഇതനുസരിച്ച് ആലുവ മുഴുവന്‍ പൊലീസ് അരിച്ചു പെറുക്കി. കുഞ്ഞിനെ പക്ഷേ കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് മൂഴിക്കുളം പാലത്തില്‍ നിന്ന് താന്‍ കുഞ്ഞിനെ താഴേക്കിട്ടെന്ന വെളിപ്പെടുത്തല്‍ വന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മൂഴിക്കുളം പാലത്തിലേക്ക് കുഞ്ഞുമായി സന്ധ്യ പോകുന്നത് സ്ഥിരീകരിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍.

ADVERTISEMENT

ഇതിനിടയില്‍ കുടുംബ പ്രശ്നങ്ങള്‍ സന്ധ്യയ്ക്കുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെ കേസില്‍ ദുരൂഹതയുമേറി. വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെ സന്ധ്യ കുറ്റം സമ്മതിച്ചു. വൈകിട്ട് ആറുമണിയോടെയാണ് സന്ധ്യ കുഞ്ഞിനെ പാലത്തില്‍ നിന്നും താഴേക്കെറിഞ്ഞത്.

ADVERTISEMENT
ADVERTISEMENT