പുത്തൻ ബാഗും കുടയുമായി സ്കൂളിലേക്ക് കല്യാണിയില്ല... ലഡുവിന്റെ മധുരം നുകർന്ന് അവൾ പോയത് മരണത്തിലേക്ക്
Kalyani Child death case

അമ്മ പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കുഞ്ഞു കല്യാണിക്ക് മറ്റക്കുഴി പണിക്കരുപടി നാട് കണ്ണീരോടെ വിട നൽകി. മൂന്നരയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ വലിയ ജനക്കൂട്ടമാണ് എത്തിയത്. വെള്ള പുതച്ച മൃതദേഹത്തിലേക്കു കരഞ്ഞുകൊണ്ടു പിതാവ് സുഭാഷ് അവൾക്കായി വാങ്ങിവച്ച ജീൻസും ഷർട്ടും തൊപ്പിയും വച്ചപ്പോൾ വീട്ടിൽ കൂട്ടക്കരച്ചിലായി. പിന്നീട് കൂടി നിന്ന നാട്ടുകാരടക്കം കണ്ണീരടക്കാൻ പാടുപെട്ടു. ഒരു മണിക്കൂറോളം മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം ചടങ്ങുകൾ പൂർത്തിയാക്കി തിരുവാണിയൂർ ശ്മശാനത്തിൽ സംസ്കരിച്ചു.
സന്ധ്യയുടെ വീട്ടിൽ വച്ചു ടോർച്ചുകൊണ്ട് കുട്ടികളുടെ തലയ്ക്കടിച്ചിട്ടുണ്ടെന്നും ഐസ്ക്രീമിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം ഉണ്ടായിട്ടുണ്ടെന്നും പിതാവ് സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. സന്ധ്യയുടെ വീട്ടുകാരും സുഭാഷും പറയുന്നത് സന്ധ്യയ്ക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ്. എന്നാൽ ബന്ധുക്കളും അയൽക്കാരും പറയുന്നത് മറിച്ചും. പലപ്പോഴും കുട്ടിയെ അകാരണമായി അടിക്കുകയും ദേഷ്യപ്പെടുകയുമൊക്കെ ചെയ്യുന്നതായിരുന്നു സന്ധ്യയുടെ പ്രകൃതമെന്നും ഇതുമൂലം ഒരിക്കൽ കല്യാണിയേയും മൂത്ത കുട്ടിയെയും സന്ധ്യയുടെ അമ്മ തന്നെ സുഭാഷിന്റെ വീട്ടിൽക്കൊണ്ടാക്കിയെന്നും പരിസരവാസികൾ പറയുന്നു.
പുത്തൻ ബാഗും കുടയുമായി സ്കൂളിലേക്ക് കല്യാണിയില്ല
മറ്റക്കുഴി∙ അധ്യയന വർഷം കഴിഞ്ഞ് എൽകെജിയിലേക്കു പോകാനുള്ള കുട്ടികൾക്കു യാത്രയയപ്പു നൽകാനുള്ള ഒരുക്കത്തിലായിരുന്നു തിരുവാണിയൂർ പഞ്ചായത്ത് 69–ാം നമ്പർ പണിക്കരുപടി അങ്കണവാടി. എന്നാൽ ഇന്നലെ രാവിലെയാണു നാടിനെ നടുക്കിയ ദു:ഖവാർത്ത ടീച്ചർ സൗമ്യയും സഹായിയും അറിയുന്നത്. കഴിഞ്ഞ ദിവസം കല്യാണി സന്തോഷത്തോടെ മടങ്ങിയ അങ്കണവാടിയുടെ ഗേറ്റിൽ കല്യാണിയുടെ വിയോഗത്തെത്തുടർന്ന് കറുത്ത കൊടി മാത്രമായിരുന്നു ഇന്നലെ. അങ്കണവാടിയിൽ ആരും എത്തിയില്ല.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നേകാലോടെ അമ്മ സന്ധ്യ എത്തുമ്പോൾ മൂന്നര വയസ്സുകാരി കല്യാണി ഉറക്കം കഴിഞ്ഞു പാലു കുടിക്കുന്ന സമയമായിരുന്നു.മറ്റൊരു വിശേഷവുമായി ബന്ധപ്പെട്ട് അവിടെ കൊണ്ടു വന്ന ലഡുവും അൽപം ഗോതമ്പ് ഉപ്പുമാവും കഴിച്ചു. മൂന്നരയോടെ അമ്മ സന്ധ്യയുടെ കയ്യും പിടിച്ച് സന്തോഷത്തോടെ മടങ്ങി. മാമല എസ്എൻഎൽപി സ്കൂളിൽ എൽകെജിയിലേക്ക് അഡ്മിഷൻ എടുത്തു സ്കൂളിലേക്കു പോകാൻ കാത്തിരിക്കുമ്പോഴാണു കല്യാണിയെ മരണം തട്ടിയെടുത്തത്.
സന്ധ്യ മകളുമായി ആദ്യമെത്തിയത് ശിവരാത്രി മണപ്പുറത്ത്
ആലുവ∙ മകളുമായി സന്ധ്യ ആദ്യമെത്തിയതു ശിവരാത്രി മണപ്പുറത്താണെന്നും നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണു കുട്ടിയുമായി മൂഴിക്കുളത്തേക്കു പോയതെന്നും പൊലീസിനു വിവരം ലഭിച്ചു. തിങ്കളാഴ്ച വൈകിട്ടു 5.30നാണു മണപ്പുറം നടപ്പാലത്തിന്റെ നടയിൽ സന്ധ്യയും കുഞ്ഞും ഇരിക്കുന്നതു നാട്ടുകാർ കണ്ടത്. പറവൂർ കവലയിൽ ഓട്ടോ ഡ്രൈവറായ വള്ളൂക്കണ്ടത്തിൽ വിജയൻ ഇവരോടു സംസാരിച്ചു. എന്താണ് ഇവിടെ ഇരിക്കുന്നതെന്നു ചോദിച്ചപ്പോൾ ചുമ്മാ വന്നതാണെന്നായിരുന്നു മറുപടി. അങ്ങനെ ഇരിക്കാൻ പറ്റിയ സ്ഥലമല്ലെന്നു വിജയൻ പറഞ്ഞപ്പോൾ അവർ എഴുന്നേറ്റു തോട്ടയ്ക്കാട്ടുകര ഭാഗത്തേക്കു നടന്നു. ഗണപതി ക്ഷേത്രം വരെ വിജയൻ ഇവരെ പിന്തുടർന്നു. അതു മനസ്സിലാക്കിയിട്ടാകണം ഒരു ഓട്ടോ വന്നപ്പോൾ കൈകാണിച്ചു സന്ധ്യയും കുഞ്ഞും അതിൽ കയറിപ്പോയെന്നു വിജയൻ പറഞ്ഞു.