അമ്മ സന്ധ്യ പുഴയിലേക്കു തള്ളിയിട്ടു കൊന്ന മൂന്നരവയസ്സുകാരി കല്യാണിയുടെ മൃതദേഹം തിരുവാണിയൂർ പൊതുശ്‍മശാനത്തിൽ സംസ്‍കരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം മൂന്നരയോടെ മറ്റക്കുഴി കിഴിപ്പിള്ളിലെ അച്ഛന്റെ വീട്ടിലേക്ക് എത്തിച്ചപ്പോൾ ഒരുനോക്ക് കാണാൻ അവസാനമായി തടിച്ചുകൂടിയത് നിരവധി പേരാണ്. കുഞ്ഞിന്റെ ചേതനയറ്റ ശരീരം കണ്ട പലരും വിങ്ങിപ്പൊട്ടി. അങ്കണവാടിയിൽനിന്നു കൂട്ടിക്കൊണ്ടുപോയാണ് അമ്മ സന്ധ്യ കല്യാണിയെ പുഴയിലേക്ക് തള്ളിയിട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റിലായ സന്ധ്യയെ, 14 ദിവസത്തേയ്‌ക്ക് കോടതി റിമാൻഡ് ചെയ്തു. തുടർന്ന് കാക്കനാട് വനിതാ ജയിലിലേക്ക് മാറ്റി.
ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സന്ധ്യ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങളൊക്കെ കൂടുതൽ ചോദ്യം ചെയ്യലിലേ വ്യക്തമാകൂ എന്നും എറണാകുളം റൂറൽ എസ്പി എം.ഹേമലത വ്യക്തമാക്കി.
കൂസലില്ലാതെ സന്ധ്യ
സ്വന്തം കുട്ടിയെ കൊലപ്പെടുത്താൻ കൊണ്ടുപോവുന്നതിലുള്ള പിരിമുറുക്കം മുഖത്തോ പെരുമാറ്റത്തിലോ കാണിക്കാതെയാണ് സന്ധ്യ, കല്യാണിയെ കൂട്ടി മൂഴിക്കുളത്തേക്കു ബസ് കയറിയതെന്നു ദൃക്സാക്ഷികൾ. പറവൂർ കവലയിൽ നിന്നാണു ബസിൽ കയറിയതെന്നു കണ്ടക്ടർ മാള പൂപ്പത്തി സ്വദേശി ജിഷ്ണു ബാബു പറഞ്ഞു. ആലുവ–മാള റൂട്ടിൽ സർവീസ് നടത്തുന്ന എയ്ഞ്ചൽ ബസിലാണ് വൈകിട്ട് ആറരയോടെ സന്ധ്യ കുട്ടിയുമായി കയറിയത്.ബസിൽ നല്ല തിരക്കായിരുന്നു. ഫുട്ബോർഡിന് തൊട്ടടുത്തുള്ള സീറ്റിലിരുന്നയാളെ എഴുന്നേൽപിച്ചാണു കുട്ടിയുമായെത്തിയ സന്ധ്യക്ക് സീറ്റ് തരപ്പെടുത്തിയത്.
മൂഴിക്കുളം കവലയിൽ സന്ധ്യയും കുട്ടിയും ഇറങ്ങി. മൂഴിക്കുളം കവലയിൽ നിന്ന് 150 മീറ്റർ ദൂരെയാണു ചാലക്കുടി പുഴയ്ക്കു കുറുകെയുള്ള പാലം. അവിടേയ്ക്കു നടന്നെത്തിയ സന്ധ്യ പാലത്തിൽ നിന്നു കുട്ടിയെ പുഴയിലേക്ക് എറിയുന്നതു കണ്ടതായി ഇതുവരെ ആരും മൊഴി നൽകിയിട്ടില്ല. പാലത്തിൽ നിന്ന് ഒന്നരക്കിലോമീറ്റർ നടന്നു കുറുമശേരിയിലെത്തി ഓട്ടോ വിളിച്ച് ഏഴുമണിയോടെ ഒറ്റയ്ക്കു വീട്ടിലെത്തിയപ്പോഴാണു സന്ധ്യയുടെ അമ്മ കല്യാണിയെ തിരക്കിയത്. ബസിൽ വച്ചു കുട്ടിയെ കാണാതായെന്നായിരുന്നു മറുപടി. തുടർന്ന് ബന്ധുക്കൾ ചെങ്ങമനാട് പൊലീസിൽ പരാതി നൽകിയത്.
ഭർതൃവീട്ടിൽ സന്ധ്യ പീഡനം നേരിട്ടിരുന്നെന്ന് മൊഴി
നെടുമ്പാശേരി ∙ ഭർതൃവീട്ടിൽ സന്ധ്യ പീഡനം നേരിട്ടിരുന്നെന്ന് മാതാവ് കുറുമശേരി മാക്കോലി അല്ലി ഷാജിയുടെ മൊഴി. 2013ലാണു സുഭാഷുമായുള്ള വിവാഹം. അധികം വൈകാതെ ഭർത്താവും ഭർതൃമാതാവും സന്ധ്യയെ മാനസികമായി പീഡിപ്പിച്ചു തുടങ്ങി. ഭർത്താവിന്റെ മറ്റു ബന്ധുക്കളും കുറ്റപ്പെടുത്തിയത് സന്ധ്യയെ മാനസികമായി തളർത്തി. ഭർത്താവ് ശാരീരികമായും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ മൊഴി നൽകി.ഭർതൃവീട്ടുകാരുമായുള്ള അഭിപ്രായഭിന്നത വർധിച്ചതോടെ വിഷുവിന് മുൻപ് ഒന്നര മാസത്തോളം സന്ധ്യ ഒറ്റയ്ക്കു കുറുമശേരിയിലെ വീട്ടിൽ വന്നു നിന്നിരുന്നു.
വിഷുവിനാണു മടങ്ങിയത്. ഇതിനിടെ സന്ധ്യയ്ക്കു മാനസിക പ്രശ്നങ്ങളുണ്ടോയെന്നു പരിശോധിപ്പിക്കണമെന്നു ഭർതൃ വീട്ടുകാർ നിർബന്ധിക്കാൻ തുടങ്ങി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ടാണു ലഭിച്ചത്.ഭർത്താവിന്റെ വീട്ടിൽ വീണ്ടും ശാരീരികമായും മാനസികമായും പീഡനം തുടർന്നതായി സന്ധ്യ പലതവണ ഫോണിൽ വിളിച്ചു പരാതി പറഞ്ഞതോടെ സഹോദരി സൗമ്യ പൊലീസിന്റെ വനിതാ ഹെൽപ് ലൈനിൽ വിളിച്ചു പരാതി പറഞ്ഞിരുന്നു.