സ്വർണാഭരണങ്ങൾ നൽകാത്തതിന്റെ പേരിൽ സഹോദരിയെ മർദിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത യൂട്യൂബ് വ്ലോഗർക്കെതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തു. മണ്ണഞ്ചേരി തിരുവാതിര വീട്ടിൽ താമസിച്ചുവരുന്ന കുതിരപ്പന്തി പുത്തൻവീട്ടിൽ ഗ്രീൻഹൗസ് രോഹിത്തിന് (27) എതിരെയാണ് പരാതി.
സഹോദരിയുടെ പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തത്. സഹോദരിയെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നാണ് പരാതി. . സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്. ദേഹോപദ്രവം ഏല്പിക്കൽ, ഗുരുതരമായി പരുക്കേൽപിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് രോഹിതിനെതിരെ ചുമത്തിയിരിക്കുന്നത്.
സഹോദരിയായ റോഷ്നിക്ക് അച്ഛൻ നൽകിയ സ്വർണാഭരണങ്ങൾ പ്രതി വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ആഭരണം വിൽക്കുന്നതിനെ പറ്റി തർക്കമുണ്ടാവുകയും പ്രതി സഹോദരിയെ ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം സഹോദരി ജില്ലാ പൊലീസ് മേധാവിക്കും ആലപ്പുഴ വനിതാ പൊലീസിനും പരാതിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സഹോദരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ഇരുവരും തയ്യാറാകാത്തതിനാലാണ് കേസ്. സഹോദരിയെ മുടിക്ക് കുത്തി പിടിച്ച് ഇടിച്ചു, വീടു കയറി അക്രമിക്കാന്‍ ശ്രമിച്ചു എന്നിവയാണ് രോഹിതിനെതിരെ ചുമത്തിയ കുറ്റങ്ങള്‍.
സംഭവത്തിനു ശേഷം അമ്മയേയും സഹോദരിയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ പ്രതിയുടെ ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യുട്യൂബ് ചാനൽ വഴിയും മറ്റ് സമൂഹ മാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുക ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാശിന്‍റെ കണക്ക് പറഞ്ഞ് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും സ്വര്‍ണം ചോദിച്ചു പ്രശ്നമുണ്ടാക്കിയെന്നും പാതിരാത്രിയില്‍ വീട്ടിലെത്തി ശല്യം ചെയ്തെന്നും അമ്മയും സഹോദരിയും പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയും കേസും.
വീടും പരിസരവും വൃത്തിയാക്കുന്ന സംരംഭമെന്ന പേരിൽ സോഷ്യൽ മീഡിയയിലും ശ്രദ്ധേയമായിരുന്നു രോഹിതിന്റെ ഗ്രീൻ ഹൗസ് ക്ളീനിങ്. വൃത്തിയാക്കൽ വിഡിയോകളിലൂടെ ശ്രദ്ധ നേടിയ രോഹിത് സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. പരിധിവിട്ടുള്ള ക്ലീനിങ്ങും അമിത വൃത്തിയും കുറ്റപ്പെടുത്തലും അടങ്ങിയ വിഡിയോയിലൂടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും രോഹിത് നേരിട്ടു. യൂട്യൂബില്‍ 4.17 ലക്ഷം പേരും ഇന്‍സ്റ്റഗ്രാമില്‍ 2.28 ലക്ഷം പേരും രോഹിതിന്‍റെ ചാനല്‍ പിന്തുടരുന്നുണ്ട്.