വാത്സല്യത്തോടെ ചേർത്തുപിടിക്കേണ്ട കൈകൾ തന്നെ നിർദയം ആ പൈതലിന് ജീവച്ഛവമാക്കി. ആലുവയിൽ അമ്മ പുഴയിലേക്് എറിഞ്ഞു കൊലപ്പെടുത്തിയ കുഞ്ഞ് നേരിട്ടത് സമാനതകളില്ലാത്ത പീഡനം. അതും കുഞ്ഞിന്റെ അച്ഛന്റെ സഹോദരനാണ് ഈ ഹീനകൃത്യത്തിനു പിന്നിലെന്ന് കേൾക്കുമ്പോള്‍ ഉള്ളുപിടയും.
അമ്മയുടെ ക്രൂരതയിൽ പൊലിഞ്ഞ കുഞ്ഞെന്ന് ആദ്യം വിധിയെഴുതിയ കേസിന്റെ ഉള്ളുകള്ളികൾ തിരയുമ്പോഴാണ് പീഡന വാർത്തയും പുറത്തു വരുന്നത്. പോസ്റ്റുമോർട്ടത്തിൽ കുഞ്ഞിന്റെ ശരീരത്തിൽ കണ്ട മുറിവുകളും പാടുകളും രക്തസ്രാവവുമാണ് ശാരീരിക പീഡനത്തിലേക്ക് വിരൽ ചൂണ്ടിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പത്തെ ദിവസവും കുട്ടി പീഡനത്തിന് ഇരയായി. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായെന്ന് റിപ്പോർട്ടുകളുണ്ട്. ശാസ്ത്രീയ തെളിവുകള്‍ പരിശോധനയ്ക്കായി ലാബിലേയ്ക്കയച്ചു.
അതേസമയം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പിതൃസഹോദരനെതിരെ ചുമത്തുക ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ്. സംരക്ഷിക്കേണ്ട അടുത്ത ബന്ധു തന്നെ ഇത്തരത്തിൽ പീഡിപ്പിച്ചതിന് ബിഎൻഎസിലെ വകുപ്പുകളും ബാലാവകാശ നിയമം അനുസരിച്ചുള്ള വകുപ്പുകളും ചുമത്തിയാകും ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുക. അമ്മ നൽകിയ നിർണായക വിവരമാണ് പിതൃസഹോദരനിലേക്ക് അന്വേഷകരെ എത്തിച്ചത്.
ആദ്യം കുഞ്ഞിനെ പെറ്റമ്മ പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയതിലെ വേദന മാത്രമായിരുന്നു. പക്ഷേ ആ മൂന്നര വയസുകാരി പീഡനത്തിനും ഇരയായിട്ടുണ്ടെന്ന വാർത്ത ഉള്ളുനീറ്റുന്ന ആഘാതമായി. ശാരീരിക പീഡനത്തിനു പിന്നിൽ അച്ഛന്റെ സഹോദരനാണെന്ന ഞെട്ടിക്കുന്ന വിവരം പൊലീസിനു ലഭിച്ചത് അതിനാടകീയമായാണ്. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത കുഞ്ഞിന്റെ അമ്മയുടെ ഒരു വാക്കിന്റെ ചുവടുപിടിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.
ഒരാളെയായിരുന്നു കുഞ്ഞിനേറ്റവും പ്രിയം എന്ന പരാമർശം പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു. പിന്നാലെ പ്രിയമെന്ന വാക്ക് ഇഴകീറി പരിശോധിച്ചപ്പോള്‍ പൊലീസിന് കാര്യങ്ങളും വ്യക്തമായി. ആദ്യഘട്ടത്തില്‍ മുന്നുപേരെയാണ് ചോദ്യം ചെയ്തത് . അവരില്‍ രണ്ടുപേരെ വിട്ടു. ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളയാളായിരുന്നു മുന്നാമന്‍. തലങ്ങും വിലങ്ങും ചോദ്യം ചെയ്തെങ്കിലും ആദ്യഘട്ടത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചില്ല. ഒടുവില്‍ തെളിവുകളും മൊഴികളും നിരത്തിയതോടെ പൊലീസിനു മുന്നില്‍ ഇയാള്‍ കുറ്റം ഏറ്റുപറഞ്ഞു.
പ്രതിയായ വ്യക്തി കുഞ്ഞിന്റെ സംസ്കാരസമയത്ത് മൃതദേഹത്തോട് ചേര്‍ന്നുനിന്നു വാവിട്ടു കരഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തനിക്കൊരു അബദ്ധം പറ്റിപ്പോയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്തായാലും ചേർത്തുപിടിക്കേണ്ട ൈകകൾ തന്നെ അവളെ ജീവച്ഛവമാക്കിയ ഞെട്ടിപ്പിക്കുന്ന വാർത്ത ഉള്ളുലയ്ക്കുന്നതാണ്. അതേസമയം കുഞ്ഞിനെ കൊലപ്പെടുത്തിയതിന്‍റെ കാരണം എന്താണെന്ന് ഇപ്പോഴും അമ്മ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇത്രയും പീഡനം നേരിടുന്ന മകളെ അമ്മ കൊണ്ടുപോയി കൊലപ്പെടുത്തിയെങ്കില്‍ അതിനു പിന്നിലും ഒരു കാരണം കാണുമെന്നാണ് പൊലീസ് കരുതുന്നത്.