ഈ സന്തോഷം കാണാൻ നീയില്ലല്ലോ മോളേ... ഹയർ സെക്കൻഡറി വിജയത്തിനു പിന്നാലെ ദുരന്തം, നോവായി അഭിദ
Student sad demise after exam result

ഹയർ സെക്കൻഡറി പരീക്ഷയിലെ വിജയം അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വിദ്യാർഥിനി കാറിടിച്ച് മരിച്ചു. വിജയാഹ്ലാദത്തിൽ സമ്മാനം വാങ്ങാൻ അമ്മയ്ക്കൊപ്പം മാർക്കറ്റിലെത്തിയപ്പോഴായിരുന്നു അപകടം. കോട്ടയം തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കൽ വി.ടി.രമേശിന്റെ മകൾ ആർ.അഭിദ പാർവതിയാണ് (18) മരിച്ചത്. അമ്മ കുറുമ്പനാടം സെന്റ് ആന്റണീസ് എൽപി സ്കൂൾ അധ്യാപിക കെ.ജി.നിഷയെ (47) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ഏഴോടെ കോട്ടയം മാർക്കറ്റ് ജംക്‌ഷനിലായിരുന്നു അപകടം. തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസിലെ വിദ്യാർഥിയായ അഭിദയുടെ പരീക്ഷാഫലം ഇന്നലെയാണ് വന്നത്. വിഎച്ച്എസ്‌ഇ വെബ് ഡവലപ്പർ ട്രേഡ് വിദ്യാർഥിനിയായ അഭിദ ഉപരിപഠനത്തിനു യോഗ്യത നേടിയിരുന്നു.
ഇതിന്റെ സന്തോഷം പങ്കുവയ്ക്കാൻ മകൾക്കു സമ്മാനം വാങ്ങി നൽകാനാണ് അമ്മ നിഷ, അഭിദയുമായി കോട്ടയം മാർക്കറ്റിൽ എത്തിയത്. ബസിറങ്ങിയ ശേഷം റോഡ് കുറുകെ കടക്കുന്നതിനിടെ കലക്ടറേറ്റ് ഭാഗത്തുനിന്നെത്തിയ കാർ ഇരുവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാർ അമ്മയെയും മകളെയും കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിദയെ രക്ഷിക്കാനായില്ല. സഹോദരി: അഭിജ.ഗുരുതരമായി പരുക്കേറ്റ നിഷയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടം വരുത്തിയ കാർ കസ്റ്റഡിയിൽ എടുത്തു. അയ്മനം സ്വദേശികളായ കുടുംബമാണു കാറിൽ സഞ്ചരിച്ചിരുന്നത്.

നേട്ടങ്ങൾ കൂട്ടിവയ്ക്കാൻ ഇനിവരില്ല, അഭിദ
അഭിദ പാർവതി ആർ. – എലിജിബിൾ ഫോർ ഹയർ സ്റ്റഡീസ്. ഇന്നലെ പുറത്തുവന്ന വിഎച്ച്എസ്ഇ ഫലത്തിൽ തിളക്കമുള്ള വിജയമായിരുന്നു അത്. പക്ഷേ, ആ വിജയാഹ്ലാദം തോട്ടയ്ക്കാട് നിന്നു കോട്ടയത്തേക്കുള്ള യാത്രയിൽ വൈകിട്ട് ഏഴുമണിയോടെ അവസാനിച്ചു. വിജയം ബാക്കിവച്ച് അഭിദ യാത്രയായി. വൈകിട്ട് മൂന്നരയോടെയാണ് ഫലം അറിഞ്ഞത്. ഉപരിപഠനത്തിനു യോഗ്യത നേടിയ സന്തോഷം അടുത്ത വീട്ടുകാരെയൊക്കെ അറിയിച്ചു. നാലരയോടെയാണ് അമ്മ നിഷയും അഭിദയും വീട്ടിൽനിന്ന് ഇറങ്ങിയത്. മകൾക്ക് സമ്മാനം വാങ്ങണം. അഭിദയുടെ അനിയത്തി അഭിജയ്ക്ക് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് സാധനങ്ങൾ വാങ്ങണം.
ഒരു കരിയർ ഗൈഡൻസ് സ്ഥാപനത്തിൽ റജിസ്റ്റർ ചെയ്യണം. എന്നാൽ ആ യാത്ര അഭിദയ്ക്ക് മടക്കമില്ലാത്തതായി. നടത്ത മത്സരത്തിൽ ജില്ലാതലത്തിൽ വരെ അഭിദ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇതിനു പുറമേ കരകൗശല വസ്തുക്കൾ ഉണ്ടാക്കാൻ മിടുക്കിയായിരുന്നു. അമ്മയാണ് ഇത് അഭിദയെ പഠിപ്പിച്ചത്. പാട്ടുകാരിയാണ് അഭിദയുടെ സഹോദരി അഭിജ. ഇരുവരും നേടിയ സമ്മാനങ്ങൾ വീടിന്റെ ഷെൽഫിൽ നിരന്നിരിക്കുന്നു. ഇതിലേക്ക് ഇനിയും സമ്മാനങ്ങൾ കൂട്ടിവയ്ക്കാൻ അഭിദയില്ല. കോട്ടയം മാർക്കറ്റ് ജംക്‌ഷൻ ഭാഗത്ത് വേണ്ടത്ര വെളിച്ചമില്ലാത്തതും അപകടത്തിന് കാരണമായെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ദിവസം സംക്രാന്തി ജംക്‌ഷനിൽ ബസ് കയറി വീട്ടമ്മ മരിച്ചതിനു പിന്നാലെയാണ് കോട്ടയം നഗരത്തിൽ വിദ്യാർഥിനിയുടെ ജീവനെടുത്ത അടുത്ത അപകടം.