ആ വീഴ്ചയിൽ എന്നെ താങ്ങിയതു പി.ടിയുടെ കൈകളാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. വീഴുമ്പോൾ താങ്ങാൻ ഒരു ശക്തിയുണ്ടെങ്കില്‍ മാത്രമേ ഈ അദ്ഭുതം സാധ്യമാകുകയുള്ളൂ.
15 അടി ഉയരത്തിൽ നിന്നു വീണിട്ടും ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ. പി.ടിയുടെ കൈകളും എന്നെ സ്നേഹിക്കുന്നവരുടെ പ്രാർഥനയുമാണു ഞാനിപ്പോഴും ഇവിടെ ഉണ്ടാകുന്നതിന്റെ കാരണം.’’ കൊച്ചി പാലാരിവട്ടത്തെ വീടിന്റെ സ്വീകരണമുറിയിലെ വിഘ്നേശ്വര രൂപങ്ങളിലേക്കു നോക്കി എംഎൽഎ ഉമ തോമസ് പറഞ്ഞു.
2024 ഡിസംബർ 29ന് കലൂർ സ്‌റ്റേഡിയത്തി ൽ നടന്ന നൃത്ത പരിപാടിയുടെ ഉദ്ഘാടനചടങ്ങിനിടെ വീണു പരുക്കേറ്റ ഉമ തോമസ് ആശുപത്രിയിൽ ചികിത്സയിലും പിന്നീടു വീട്ടിൽ വിശ്രമത്തിലുമായിരുന്നു. വേദനയുടെ കഠിനകാലം കടന്ന ഉമയുടെ മനസ്സിൽ ഇപ്പോൾ തൃക്കാക്കരയുടെ വികസന പദ്ധതികൾ മാത്രം. ‘‘പി.ടി. സ്വപ്നം കണ്ടതും ബാക്കിവച്ചതുമായ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം’’ എ ന്നു പറയുമ്പോൾ ഉമയുടെ കൺകോണിൽ പി.ടി. ചിരിച്ചു.
ഇപ്പോഴെങ്ങനെയുണ്ട് ?
ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആകുമ്പോൾ ആരുടെയെങ്കിലും കൈപിടിച്ചു നടക്കാം എന്ന നിലയിലായിരുന്നു. അവിടെനിന്നൊക്കെ ഒരുപാടു മുന്നോട്ടെത്തി. രാവിലെയും വൈകു ന്നേരവും ഫിസിയോതെറപി ചെയ്യുന്നുണ്ട്. ഒ പ്പം ഡോക്ടറുടെ നിർദേശപ്രകാരം ആയുർവേദ ചികിത്സയും ആരംഭിച്ചു.
കഴിഞ്ഞ ദിവസം പൊതുപരിപാടിയിൽ പങ്കെടുത്തു. എംഎൽഎ ഫണ്ട് ഉപയോഗിച്ചു നിർമിച്ച ഒാപ്പൺ ജിമ്മിന്റെ ഉദ്ഘാടനമായിരുന്നു. ഒ രുപാടുപേർ വീട്ടിലെത്തി സുഖവിവരങ്ങൾ തിരക്കുന്നുണ്ട്. എങ്കിലും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന്, അവരെ കാണുമ്പോൾ, കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെയാണ്.
അപകടത്തെക്കുറിച്ച് അറിയുന്നത് എപ്പോഴാണ്? ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മുതൽ ഡോക്ടർമാരുടെ കമാൻഡുകളോടു ഞാൻ പ്രതികരിച്ചിരുന്നു എന്ന് അവർ പറഞ്ഞു. ഒരുപക്ഷേ, ഉൾബോധത്തിലാകാം. ജനുവരി ഏഴിന് ഉറക്കത്തിൽ നിന്നുണരുമ്പോൾ ഞാൻ കാണുന്നതു ചുറ്റും കൂടി നിൽക്കുന്ന കാക്കിധാരികളായ സ്ത്രീകളെയാണ്. പൊലീസ് സ്‌റ്റേഷനിലാണെന്നാണു തോന്നിയത്. എന്നെ എന്തിനാ സ്‌റ്റേഷനിൽ ഇരുത്തിയിരിക്കുന്നത് എന്നൊക്കെ ചോദിച്ചു ബഹളം വച്ചുവത്രേ. സ്‌റ്റേഷനല്ല, ആശുപത്രിയാണ് എന്നവർ പറഞ്ഞെങ്കിലും ഞാൻ വിശ്വസിക്കാൻ കൂട്ടാക്കിയില്ലത്രേ. യഥാർഥത്തിൽ അത് ഡോ. മിഷേലും സംഘവുമായിരുന്നു. എന്റെ കയ്യും കാലും കെട്ടിവച്ചിരുന്നു. ഓക്സിജൻ മാസ്ക് വയ്ക്കുമ്പോൾ ഞാൻ ദേഷ്യപ്പെട്ടു. ഓക്സിജൻ കുറവാണെന്ന് അവർ പറഞ്ഞപ്പോൾ അത് അന്തരീക്ഷത്തിൽ നിന്നാണു ലഭിക്കുകയെന്നു പറഞ്ഞു ഞാൻ അവരെ ശാസ്ത്രം പഠിപ്പിച്ചുവത്രേ.
കുറച്ചു കഴിഞ്ഞ് ഡോ. ഉണ്ണി റൗണ്ട്സിന് വന്നപ്പോൾ എനിക്കു വീട്ടിൽ പോകണമെന്നു പറഞ്ഞു. ഡോക്ടർ ഇളയ മകൻ വിവേകിനെ ഐസിയുവിലേക്കു വിളിച്ച് എന്നോടു സംസാരിപ്പിച്ചു. ‘അമ്മയെ ഇവർ വളരെ നന്നായിട്ടാണു നോക്കുന്നത്. ഇൻഫെക്‌ഷൻ സാധ്യത ഒഴിവാക്കുന്നതിനായാണ് ഐസിയുവിൽ അമ്മയെ മാത്രമായി അഡ്മിറ്റ് ചെയ്തിരിക്കുന്നത്’ എന്നൊക്കെ മോൻ പറഞ്ഞു. അവനിതൊക്കെ പറയുമ്പോഴും എനിക്കു തോന്നിയത്, ഈശ്വരാ, ഇവനെയും ആരോ കബളിപ്പിച്ചല്ലോ എന്നാണ്. ഒടുവിൽ മൂത്തമകൻ വിഷ്ണു വന്ന് അപകടത്തിന്റെ വിഡിയോ കാണിച്ചു. പിന്നെ, കുറേ സമയത്തേക്ക് ഒന്നും മിണ്ടാനായില്ല.
ആ ദിവസം ഓർമയിലുണ്ടോ?
ഇപ്പോൾ ഓർമയിലുണ്ടെങ്കിലും അന്ന് ഉണ്ടായിരുന്നില്ല എന്നതാണു വാസ്തവം. കാരണം ഈ പ്രോഗ്രാം തന്നെ ഓർമയിൽ നിന്നു മാഞ്ഞുപോയിരുന്നു. വിഷ്ണു വിഡിയോ കാണിച്ചതിനു പിന്നാലെ വിവേക് ആ ദിവസത്തെ പല സംഭവങ്ങളും പരിപാടിയുമായി ബന്ധപ്പെട്ടു ഞാൻ അവരോടു പറഞ്ഞ വിശേഷങ്ങളും ഓർമിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. സംഭവത്തിന്റെ ഏതൊക്കെയോ ഭാഗങ്ങൾ തെളിഞ്ഞു വന്നെങ്കിലും പൂർണമായും ഓർത്തെടുക്കാൻ കഴിഞ്ഞില്ല.
പരിപാടിക്കു പോകുന്നതിനു തൊട്ടുമുൻപു വീട്ടിലേക്കു വന്നത് ഓർമയുണ്ട്. എന്റെ കസിൻ അവിടെയുണ്ടായിരുന്നു. അദ്ദേഹം പരിപാടിയെക്കുറിച്ചും കോർഡിനേഷ ൻ ഇല്ലാത്തതിനെക്കുറിച്ചുമൊക്കെ എന്നോടു സംസാരിച്ചു. അതിനുശേഷം നടന്നതൊക്കെയും ഓർമകളിൽ നിന്നു പാടേ മായ്ക്കപ്പെട്ടിരുന്നു. പരിപാടിക്കു കുറച്ചുനേരം മുൻപു ഞാൻ ഫോണിൽ വിളിച്ചിരുന്നുവെന്നു സംഘാടകരിൽ ഒരാളായ സിജോയ് വർഗീസ് പറഞ്ഞു. പരിപാടി നടക്കു ന്ന സ്ഥലത്തു നിന്നു 10 മിനിറ്റ് ദൂരത്തിൽ ഞാനുണ്ടെന്നും മറ്റു പൊതുപരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ പെട്ടെന്നു തിരികെ പോരും എന്നും പറഞ്ഞിരുന്നത്രേ. പക്ഷേ, അതെനിക്ക് ഓർമയില്ല.
വീഴ്ചയുടെ ആഘാതത്തിലുണ്ടായ ഡിഫ്യൂസ്ഡ് ആക്സണൽ ഇൻജുറി മൂലമാണ് ഈ മറവി. തലയ്ക്ക് ആഘാതമേൽക്കുമ്പോൾ നമ്മുടെ ഒാർമ അൽപം പിന്നിലേക്കു മാറും. എന്നാൽ എത്രത്തോളം പിന്നിലേക്കു പോകും എ ന്നു പറയാനാകില്ല. ഭാഗ്യമാകാം, എന്റെ ഓർമയിൽനിന്നു മായ്ക്കപ്പെട്ടതു മണിക്കൂറുകൾ മാത്രമാണ്. അപകടസമ യത്തുണ്ടാകുന്ന സംഭവങ്ങൾ മനസ്സിൽ കിടക്കുന്നതു പിന്നീടു വലിയ ട്രോമയാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഡിഎഐ പലപ്പോഴും അനുഗ്രഹം കൂടിയാണെന്നു വിദഗ്ധർ പറയുന്നു.
മറവിയിൽ പതറിയോ?
തീർച്ചയായും. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകാത്ത അവസ്ഥ ഭയാനകമാണ്. വിഷ്ണു ഇതേ അവസ്ഥയിലൂടെ കടന്നുപോയത് അടുത്തുകണ്ടവരാണു ഞങ്ങൾ. ബെംഗളൂരുവിൽ പിജി പഠനകാലത്തു മോന് ഒരു അപകടമുണ്ടായി. റോഡ് ക്രോസ് ചെയ്യാൻ നിൽക്കവേ വിഷ്ണുവിന്റെ ബൈക്കിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
ഇന്നും ആ ദിവസം ഓർക്കാൻ പേടിയാണ്. ഞാൻ ആ സ്റ്ററിൽ ജോലി ചെയ്യുകയാണപ്പോൾ. ഒരു ദിവസം പി.ടിയുടെ കോൾ വന്നു. മോന് അപകടം സംഭവിച്ചുവെന്നും അദ്ദേഹം ബെംഗളൂരുവിലേക്കു പോകുകയാണെന്നും പറഞ്ഞു. വിവരം കേട്ടപാടെ എന്നെയാകെ വിറച്ചു. ഞാൻ പെട്ടെന്ന് എമർജൻസിയിലേക്ക് ഓടി. ഒപ്പം ജോലി ചെയ്യുന്ന ആരോ കാര്യങ്ങൾ തിരക്കിയപ്പോഴാണ് സ്വബോധം തിരികെ ലഭിച്ചത്. പെട്ടെന്നു തന്നെ ആശുപത്രി അധികൃതർ മോനെ ആസ്റ്റർ ബെംഗളൂരുവിൽ എത്തിക്കാനുള്ള സംവിധാനമൊരുക്കി. എന്നിട്ടും സമാധാനമായില്ല.
ആ രാത്രിതന്നെ ഞാനും വിവേകും കാറിൽ ബെംഗളൂരുവിലേക്കു തിരിച്ചു. മോന്റെ അടുത്ത് എത്തിയപ്പോൾ എനിക്ക് എവിടെനിന്നോ ഒരു ധൈര്യം വന്നു കേട്ടോ. ആ അവസ്ഥയിൽ മാറി നിന്നു കരഞ്ഞിട്ടോ തളർന്നിരുന്നിട്ടോ കാര്യമില്ലെന്ന് ഉൾമനസ്സിൽ തോന്നിയിട്ടാകാം. പിന്നീടുള്ള ഏ ഴുമാസം അവനൊപ്പം തന്നെയായിരുന്നു.
അന്ന് അവനെ എങ്ങനെ നോക്കിയോ അതിന്റെ പതിൻമടങ്ങ് വിഷ്ണുവും വിവേകും എന്നെ നോക്കുന്നുണ്ടിപ്പോ ൾ. ഇടംവലം മാറാതെ രണ്ടുപേരും എനിക്കൊപ്പം നിൽ ക്കുന്നത് ഒരേസമയം ആശ്വാസവും ധൈര്യവുമാണ്.
തിരിച്ചുവരവിന്റെ പ്രധാന ഊർജം മക്കളായിരുന്നു അല്ലേ?
മക്കൾ വളരെയധികം പതറിപ്പോയ ദിവസങ്ങളായിരുന്നു. അപ്പ പോയതിന്റെ സങ്കടവും നോവും ഇപ്പോഴും അവരിൽ ബാക്കിയാണ്. അതിനു പിന്നാലെയാണ് എനിക്കിത്ര വലിയ അപകടം സംഭവിക്കുന്നത്. ഒരാൾക്കു സുഖമില്ലാതെ കിടപ്പിലാകുന്നതുപോലെ അല്ലല്ലോ ഇത്. റൂമിലേക്ക് മാറ്റാമെന്നായപ്പോൾ കുട്ടികൾക്കൊപ്പം നിന്നാൽ മതിയെന്നു ഞാൻ നിർബന്ധം പറഞ്ഞു. ആ ആവശ്യം ആശുപത്രി അധികൃതർ പരിഗണിച്ചു. മക്കൾക്കൊപ്പം നിൽക്കാൻ സാധിച്ചതു വലിയ ആശ്വാസമായിരുന്നു.
സ്വയം ‘കൊളപ്പുള്ളി അപ്പൻ’ എന്നു വിശേഷിപ്പിച്ചല്ലോ? വേദനയ്ക്കിടയിലും നർമം എങ്ങനെ സാധ്യമാകുന്നു?
സംഭവിച്ചതോർത്തു വിഷമിച്ചിരിക്കുന്നതിൽ കഥയില്ലല്ലോ. പ്രതിസന്ധിഘട്ടം തരണം ചെയ്യുകതന്നെ വേണം. പ രമാവധി പോസിറ്റീവ് ആകാൻ ശ്രമിക്കാം. അപകടത്തിലേറ്റ ആഘാതത്തിൽ വലതു കണ്ണിനും പരുക്കേറ്റു. ആശുപത്രിയിലെ കണ്ണാടിയിൽ നോക്കുമ്പോഴാണു കണ്ണിന്റെ വ്യത്യാസം ശ്രദ്ധിച്ചത്.
കണ്ണു മുക്കാലും അടഞ്ഞ അവസ്ഥയിലായിരുന്നു. ആ ദിവസം ഹൈബി ഈഡൻ കാണാൻ വന്നപ്പോൾ ഞാൻ തമാശയായി പറഞ്ഞു, ‘ഒരു കൊളപ്പുള്ളി അപ്പൻ കൂടി ആയിട്ടുണ്ട് കേട്ടോ’ എന്ന്. കണ്ണിനും ഇപ്പോൾ ഫിസിയോതെറപി ചെയ്യുന്നു. ആറു മാസത്തിനുള്ളിൽ ശരിയാകും എന്നു പ്രതീക്ഷിക്കാം. ഇല്ലെങ്കിൽ ലിഡ് സർജറി ആവശ്യമായി വന്നേക്കും.
സത്യത്തിൽ ഇതൊരു രണ്ടാം ജന്മം പോലെയാണല്ലേ?
തീർച്ചയായും. അതിന് റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാരോടും നഴ്സിങ് സ്റ്റാഫുകളോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അൽപമെങ്കിലും ജീവൻ ബാക്കിയുണ്ടെങ്കിൽ അവരെന്നെ തിരിച്ചുകൊണ്ടുവരും എന്നൊരു ആത്മവിശ്വാസം ഓർമവന്നപ്പോൾ മുതൽ എനിക്കുണ്ടായിരുന്നു. ഇതെന്റെ സെക്കൻഡ് ഇന്നിങ്സ് ആണെന്നും അതുകൊണ്ട് സെഞ്ചുറി അടിക്കണമെന്നുമാണ് ഡോ. ഉണ്ണി പറഞ്ഞിരിക്കുന്നത്. ഡോ. ജയകുമാറിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ മെഡിക്കൽ ബോർഡ് എല്ലാവിധ പിന്തുണയും നൽകിയിരുന്നു.
ഒരേ മനസ്സോടെ എല്ലാവരും പ്രവർത്തിച്ചു. ആസ്റ്ററിലെ ഡോ. അനിൽ അപകടവാർത്ത അറിഞ്ഞയുടൻ റിനൈയിലെത്തി ഞാൻ കഴിക്കുന്ന മരുന്നുകളുടെ വിവരം ഡോക്ടർമാർക്കു കൈമാറി. സുഹൃത്ത് രേഷ്മ ഞാൻ കഴിക്കുന്ന മ രുന്നുകളുടെ പേരു മകന്റെ ഫോണിലേക്ക് മെസേജ് ചെയ്തു. എല്ലാവരുടേയും ഭാഗം അവർ നന്നായി ചെയ്തു. അവരൊക്കെയും എന്റെ മനസ്സിന്റെ ആഴത്തിലേക്കിറങ്ങിയാണ് ഈ യാത്രയിൽ എനിക്കൊപ്പം നിന്നത്.
അപകടത്തിനു ശേഷം എന്തെങ്കിലും ഭയം തോന്നിയിരുന്നോ?
ശാരീരികാവസ്ഥയേക്കാൾ ഭയന്നത് എന്റെ ബാധ്യതകളെക്കുറിച്ചോർത്താണ്. പി.ടി. വിടവാങ്ങിയശേഷം അദ്ദേഹത്തിന്റെ ബാധ്യതകളുടെ ഉത്തരവാദിത്തവും എനിക്കാണ്. എല്ലാം വീട്ടാമെന്ന വിശ്വാസത്തിലാണു മുന്നോട്ടു പോയിരുന്നത്. എന്നാൽ വീഴ്ച എന്നെ ഭയപ്പെടുത്തി. ദൈവാനുഗ്രഹത്താൽ ഞാനിന്നു ജീവിച്ചിരിക്കുന്നു.
നിർഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചുപോയിരുന്നെങ്കിൽ ഈ ബാധ്യതകളൊക്കെയും മക്കൾ ഏറ്റെടുക്കേണ്ടതായി വരും. അവർക്ക് ഇതേക്കുറിച്ചു യാതൊരറിവും ഉണ്ടായിരുന്നില്ല. വിവേകിനെ അടുത്തുവിളിച്ച് എല്ലാം ഒരു നോട്ട് ബുക്കിൽ കുറിച്ചു വയ്ക്കുകയാണു സ്വബോധം വന്നപ്പോൾ ആദ്യം ചെയ്തത്.
ഇത്ര ഭീകരമായ വീഴ്ച സംഭവിച്ചിട്ടും ഉമയ്ക്കൊന്നും പറ്റിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഇവർ എന്തെങ്കിലും തിരിച്ചറിയാതെ പോകുന്നോ എന്നു പേടിച്ചു. ദൈവാനുഗ്രഹം, എല്ലാം നല്ല രീതിയിൽ വരുന്നു.
ഓഫിസും തിരക്കുകളും മിസ് ചെയ്തിട്ടുണ്ടാകുമല്ലോ?
ഓഫിസ് വളരെയധികം മിസ് ചെയ്യുന്നുണ്ട്. പിന്നെ, ഇപ്പോൾ കുറച്ചൊക്കെ ആക്ടീവ് ആയി തുടങ്ങി. എന്റെ അസാന്നിധ്യത്തിൽപ്പോലും ഓഫിസ് കാര്യങ്ങളൊക്കെ ഒപ്പമുള്ളവർ കൃത്യമായി ചെയ്യുന്നു. ഒരുവിധം ഭേദമായപ്പോൾ മുതൽ ഓൺലൈൻ മീറ്റിങ്ങുകൾ നടത്തുന്നു.
ഇതിനിടെ ഉദ്യോഗസ്ഥരുമായി ചേർന്നൊരു മീറ്റിങ് വീട്ടിൽക്കൂടി. അപകടം സംഭവിച്ചനാൾ മുതൽ എല്ലാവരും വളരെ സ്നേഹത്തോടെയും ആത്മാർഥതയോടെയും ഒ പ്പം നിന്നു. ജോലി കഴിഞ്ഞു പലരും നേരിട്ടു വന്നു വിവരം അന്വേഷിക്കാറുണ്ട്. അതിപ്പോഴും തുടരുന്നുവെന്നത് എന്നോടുള്ള സ്നേഹം കൊണ്ടല്ലേ.
––––
അഭിമുഖത്തിന്റെ പൂർണരൂപം വനിത ഏപ്രിൽ 26– മേയ് 9 ലക്കത്തിൽ