ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയുടെ മരണത്തിൽ കുറ്റാരോപിതനായ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി ഡിസിപി ഓഫിസിൽ എത്തിയാണ് സുകാന്ത് കീഴടങ്ങിയത്. സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കീഴടങ്ങൽ. പ്രതിക്കെതിരെയുള്ള ആത്മഹത്യാപ്രേരണാ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി തള്ളിയത്. പ്രതിക്കു കീഴടങ്ങാമെന്നും കോടതി വാക്കാൽ വ്യക്തമാക്കിയിരുന്നു.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടായിരുന്നു സുകാന്ത് ജാമ്യഹർജി സമര്‍പ്പിച്ചിരുന്നത്. യുവതിയുമായി താൻ പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിച്ച് ജീവിക്കാൻ ആഗ്രഹിച്ചെങ്കിലും ഇതിനെ എതിർത്ത വീട്ടുകാരുടെ സമ്മർദം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു വാദം. എന്നാൽ കേസ് അന്വേഷണത്തിൽ തെളിയുന്നത് വ്യത്യസ്തമായ കാര്യങ്ങളാണെന്ന് കോടതി പറഞ്ഞു. ഒന്നിലേറെ ബന്ധങ്ങളുമായാണു പ്രതി മുന്നോട്ടു പോയത്. മരിച്ച യുവതി തന്റെ ശമ്പളം പോലും പ്രതിക്ക് അയച്ചു കൊടുത്തിരുന്നു. എല്ലാ വിധത്തിലും യുവതിക്കു മേൽ പ്രതി ആധിപത്യം സ്ഥാപിച്ചിരുന്നു.
യുവതിയെ മരിക്കുന്നതിനു പ്രേരിപ്പിക്കുന്നതായ കാര്യങ്ങൾ കൂടി പ്രതിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ആത്മഹത്യാ പ്രേരണാകുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് ഡയറിയിലെ വിവരങ്ങൾ ചോർന്നത് എങ്ങനെയെന്ന് പരിശോധിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
യുവതിയും സുകാന്തുമായുള്ള ടെലഗ്രാമിലെ ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ‘നീ എന്നു മരിക്കും’ തുടങ്ങിയ കാര്യങ്ങളായിരുന്നു സുകാന്തിന്റെ ചാറ്റിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയിൽവേട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്.