ADVERTISEMENT

ഏട്ടൻ മുങ്ങിത്താഴുന്നതു കണ്ട എട്ടുവയസ്സുകാരൻ പേടിച്ചു കരഞ്ഞില്ല; പകരം വെള്ളക്കുഴിയിലേക്ക് എടുത്തുചാടി. സമാനതകളില്ലാത്ത ആ ധൈര്യത്തിനും പക്ഷേ സരുണിനെ (10) രക്ഷിക്കാനായില്ല. അനുജൻ വരുണിന്റെ കയ്യെത്തുംമുൻപേ അവൻ ആഴങ്ങളിലേക്കു പോയി. എന്നിട്ടും പ്രതീക്ഷ കൈവിടാതെ വരുൺ നിലവിളിച്ച് ആളെക്കൂട്ടി. അപ്പോഴേക്കും വൈകിയിരുന്നു. കല്ലിൽ പിടിച്ചു കിടന്ന വരുണിനെ പിന്നീട് നാട്ടുകാർ രക്ഷപ്പെടുത്തി.

നടത്തറ ചേരുംകുഴി മുരുക്കുംകുണ്ടിൽ വാടകയ്ക്കു താമസിക്കുന്ന നീർച്ചാൽ സുരേഷിന്റെയും വിനീതയുടെയും മക്കളാണ് ഇരുവരും ഇന്നലെ രാവിലെ 11നാണു സംഭവം.  കളിക്കുന്നതിനിടയിൽ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയുടെ സമീപത്തുകൂടി ഓടുമ്പോൾ സരുൺ കാൽവഴുതി വീഴുകയായിരുന്നു. മണ്ണിടിഞ്ഞു ചെളിയിൽ പുതഞ്ഞ നിലയിലുള്ള കുഴിയിലേക്കു വീണ സരുൺ മുങ്ങിത്താഴാൻ തുടങ്ങിയപ്പോഴാണ് രക്ഷിക്കാനായി വരുൺ ചാടിയത്.

ADVERTISEMENT

കുഴിയുടെ അരികിലെ കല്ലിൽ പിടിത്തംകിട്ടിയ വരുണിന്റെ നിലവിളി കേട്ടാണ് അമ്മ വിനീത ഓടിയെത്തിയതും നാട്ടുകാരെ വിളിച്ചുകൂട്ടിയതും. സമീപവാസി രമേഷ് കുളത്തിൽ ചാടി സരുണിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. വടക്കഞ്ചേരി മുടപ്പല്ലൂരിൽ നിന്നു റബർ ടാപ്പിങ്ങിനായി ചേരുംകുഴിയിലെത്തിയതാണു സുരേഷും കുടുംബവും. ആശാരിക്കാട് ഗവ. യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണു സരുൺ. മറ്റു സഹോദരങ്ങൾ:  തരുൺ, ഷാരോൺ.

ADVERTISEMENT
ADVERTISEMENT